ദക്ഷിണേന്ത്യന്‍ കരകൗശലവും നവാബി പ്രൗഢിയും സംഗമിക്കുന്ന ‘ബസേര’; അതിശയങ്ങള്‍ ഒളിപ്പിച്ച രേഖയുടെ നൂറ് കോടിയുടെ വീട്

രേഖ.|Photo: legendaryrekhaofficial/ ANI
രേഖ.|Photo: legendaryrekhaofficial/ ANI

മന്നത്ത്, ഗാലക്‌സി അപാര്‍ട്‌മെന്റ് എന്നീ പേരുകള്‍ തിരിച്ചറിയാന്‍ ബോളിവുഡ് ആരാധകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. താരരാജാക്കളായ ഷാരൂഖിന്റെയും സല്‍മാന്‍ ഖാന്റെയും വീടുകളാണവ. ഇവരുടെ രണ്ട് പേരുടെയും ഇടയില്‍ മുംബൈയിലെ ബാന്ദ്രയില്‍ മറ്റൊരു വീട് കൂടിയുണ്ട്. മറ്റ് രണ്ടാളെയും പോലെ ആരാധകരുടെ തിരക്ക് കാണാന്‍ കഴിയില്ലെങ്കിലും ബോളിവുഡ് താരം രേഖയുടെ ‘ബസേര’ സാധാരണ താരഗൃഹങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു.

ടെറാക്കോട്ട, തേക്ക്, ആഡംബരങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവയില്‍ തീര്‍ത്ത നൂറ് കോടി വിലമതിക്കുന്ന രേഖയുടെ വീട് കാലത്തെ അതിജീവിക്കുന്ന ഒരു കലാസൃഷ്ടിയാണെന്ന് തന്നെ പറയാം. മറ്റുള്ള താരങ്ങള്‍ തങ്ങളുടെ വീടിനായി മിനിമലിസവും, ഇറക്കുമതി ചെയ്ത മാര്‍ബിളുകളും തിരഞ്ഞെടുക്കുമ്പോള്‍ ബസേരയിലെ ഒരോ ഇടവും വ്യത്യസ്തമായ കഥകള്‍ പറയുന്നു. മുഗള്‍ പവലിയനുകളെയും തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ പ്രൗഢിയും സംയോജിപ്പിച്ചാണ് രേഖയുടെ ബസേര നിര്‍മ്മിച്ചിരിക്കുന്നത്. രേഖ അഭിനയിച്ച ഉംറാവു ജാന്‍ എന്ന സിനിമയിലെ കഥാപാത്രത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വീടും അലങ്കരിച്ചിരിക്കുന്നതെന്ന് നമുക്ക് തോന്നും.

ബസേരയിലെ ഓരോ കാര്യവും രേഖ സ്വയം തിരഞ്ഞെടുത്തവയാണ്. വിവിധ യാത്രകളില്‍ നിന്ന് താരം ശേഖരിച്ച ഓര്‍മ്മകളും വീടിന്റെ പല ഭാഗത്തായി കാണാന്‍ സാധിക്കും. ക്ലാസിക്കല്‍ ദക്ഷിണേന്ത്യന്‍ കരകൗശലവിദ്യയുടെയും നവാബി പ്രൗഢിയുടെയും ഒരു സങ്കലനമാണ് ബസേരയില്‍ കാണാന്‍ സാധിക്കുക. കടുംനിറത്തിലുള്ള മഹാഗണി ഫര്‍ണിച്ചറുകള്‍, സ്വര്‍ണനിറത്തിലുള്ള ഫ്രെയിമുകളുള്ള പുരാതന കണ്ണാടികള്‍, കട്ടിയുള്ള സില്‍ക്ക് കര്‍ട്ടനുകള്‍, വിന്റേജ് അലങ്കാരവിളക്കുകള്‍ എന്നിവയെല്ലാം വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. പരമാവധി സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുന്ന വലിയ ജനാലകള്‍ ബസേരയുടെ മറ്റൊരു പ്രത്യേകതയാണ്.

വീട് പോലെത്തന്നെ ശ്രദ്ധേയമാണ് അവിടെയുള്ള പൂന്തോട്ടവും. ഇടതൂര്‍ന്ന് നില്‍ക്കുന്ന വലിയ മുളകള്‍ ഇവിടെ വേലികളായി നില്‍ക്കുന്നു. പുറത്തുനിന്നുള്ള ശബ്ദത്തെ തടഞ്ഞുനിര്‍ത്തി ശാന്തമായ ഒരന്തരീക്ഷം ബസേരയില്‍ നിലനിര്‍ത്തുന്നതില്‍ ഇവ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്.

നിലവില്‍ രേഖയുടെ ആസ്തി 322 കോടിയാണെന്നാണ് കണക്കാക്കുന്നത്. ദക്ഷിണേന്ത്യയിലും മുംബൈയിലുമായി രേഖയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്. അവയില്‍ ചിലത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം സ്ഥിരമായ ഒരു വരുമാനം താരത്തിന് ലഭിക്കുന്നു. നായികയായി തിളങ്ങിയ കാലത്ത് ഒരു സിനിമയ്ക്ക്‌ ഏകദേശം 14 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. രേഖയുടെ വിശാലമായ വസ്ത്രശേഖരത്തെക്കുറിച്ചുള്ള വാര്‍ത്തകളും കുറവല്ല. താരത്തിന്റെ വ്യക്തിത്വത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് കാഞ്ചീപുരം സാരികള്‍. രേഖയുടെ കൈവശമുള്ള സാരികളില്‍ പലതും തമിഴ്‌നാട്ടിലെ നെയ്ത്തുകാര്‍ പ്രത്യേകം നെയ്‌തെടുത്തവായാണെന്നും പറയുന്നുണ്ട്. ഇതുകൂടാതെ 6.01 കോടിയുടെ റോള്‍സ് റോയ്‌സ്, 2.17 കോടിയുടെ മെഴ്‌സിഡസ് ബെന്‍സ്, ഓഡി എ8, ബിഎംഡബ്ല്യു ഐ7 ഇലക്ട്രിക് സെഡാന്‍, ഹോണ്ട സിറ്റി എന്നിവയും താരത്തിന് സ്വന്തമായുണ്ട്.

Content Highlights: Explore Rekha`s magnificent Rs 100 crore Mumbai residence, Basera. A blend of Mughal grandeur and South Indian temple aesthetics, this opulent home is a timeless work of art.