ഒരുപാട് നേരം ചൂടാക്കരുത്; നോണ്‍സ്റ്റിക്ക് പാനുകൾ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Photo: Canva
Photo: Canva

ഒരുപാടുപേര്‍ പാചകം ചെയ്യുന്നത് നോണ്‍സ്റ്റിക്ക് പാത്രങ്ങളിലായിരിക്കും. അല്ലേ? ദോശയും കറികളും എളുപ്പത്തില്‍ പാചകം ചെയ്യാന്‍ നോണ്‍സ്റ്റിക്ക് പാത്രങ്ങളാണ് പലരും ഉപയോഗിക്കാറുള്ളത്. കഴുകി വൃത്തിയാക്കാനും എണ്ണയുടെ ഉപയോഗം കുറയ്ക്കാനും അവ സഹായിക്കുന്നു. നോണ്‍സ്റ്റിക്ക് പാത്രങ്ങളെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. ഇത്തരം പാത്രങ്ങളുടെ ഗുണദോഷങ്ങള്‍ ഒന്ന് പരിശോധിച്ചാലോ? 

സൗകര്യപ്രദമായ പാത്രങ്ങള്‍
നോണ്‍സ്റ്റിക്ക് പാനുകളുടെ ഏറ്റവും ശ്രദ്ധേയമായ ഗുണം അവ പാചകം എളുപ്പത്തിലാക്കുന്നു എന്നതാണ്. പാചകം ചെയ്യുമ്പോള്‍ ഭക്ഷണം പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കുന്നതിനാല്‍ പാചകം ചെയ്യുന്നവര്‍ക്ക് അതേറെ സൗകര്യപ്രദമാണ്. പെട്ടെന്നുള്ള പാചകത്തിനും നോണ്‍സ്റ്റിക്ക് പാന്‍ നല്ല ഓപ്ഷനാണ്. 

എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നു
നോണ്‍സ്റ്റിക്ക് പാനുകളില്‍ പാചകം ചെയ്യുന്നത് എണ്ണയുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പാചകംചെയ്യുന്ന വിഭവത്തിന്റെ രുചിയേയും ബാധിക്കുന്നില്ല. ദോശയോ മറ്റോ തയ്യാറാക്കുമ്പോള്‍ അധികം എണ്ണയൊഴിക്കാതെതന്നെ ഇത്തരം പാനുകളില്‍ പാചകം ചെയ്യാന്‍ സാധിക്കുന്നു. 

കുറച്ചുകാലമേ ഉപയോഗിക്കാനാകൂ 
നോണ്‍സ്റ്റിക്ക് പാനുകള്‍ ഒരുപാടുകാലം ഉപയോഗിക്കുന്നത് ദോഷംചെയ്യും. ടെഫ്‌ലോണ്‍ എന്ന കോട്ടിങ്ങോടുകൂടിയ പാനുകളാണിവ. ടെഫ്ലോണ്‍ കോട്ടിങ്ങാണ് ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതെയിരിക്കാന്‍ സഹായിക്കുന്നത്. പോളിടെട്രാഫ്ളൂറോ എത്തിലിന്‍ എന്ന കെമിക്കലാണ് ടെഫ്ലോണ്‍ കോട്ടിങ്ങിനായി ഉപയോഗിക്കുന്നത്. 

ഇത്തരം പാത്രങ്ങളില്‍ മെറ്റല്‍ കൊണ്ടുള്ള സ്പൂണുകളോ മറ്റോ ഉപയോഗിക്കരുത്. അത് പാനുകള്‍ക്ക് മുകളിലുള്ള കോട്ടിങിന് കേടുപാടുകള്‍ വരുത്തും. 

ഉയര്‍ന്ന ചൂടില്‍ പാചകം പാടില്ല
നോണ്‍സ്റ്റിക്ക് പാനുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന ചൂടില്‍ പാചകംചെയ്യാന്‍ പാടില്ല. ഇത് പാനിന്റെ കോട്ടിങ് നശിക്കാന്‍ കാരണമാകും. അത്യധികം ഉയര്‍ന്ന ചൂടില്‍ ചിലപ്പോള്‍ പാത്രം വിഷാംശം പുറത്തുവിട്ടേക്കാം. അതുകൊണ്ടുതന്നെ ഒരുപാടുനേരത്തേക്ക് പാചകം ചെയ്യാന്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീലോ, ഇരുമ്പ് പാത്രങ്ങളോ ഉപയോഗിക്കുക. 

ശരിയായ ഉപയോഗം 
നോണ്‍സ്റ്റിക്ക് പാനുകള്‍ കാലിയായി ചൂടാക്കുന്നത് കുറയ്ക്കുക. പാത്രം കഴുകുമ്പോള്‍ പാത്രത്തിന് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, നോണ്‍സ്റ്റിക്ക് പാനുകള്‍ മാത്രം ഉപയോഗിക്കാതെ സ്റ്റില്‍, മണ്‍ചട്ടികള്‍ എല്ലാം ഉപയോഗിക്കുക. നോണ്‍സ്റ്റിക്ക് പാനുകളുടെ ശരിയായ ഉപയോഗം ആരോഗ്യ സംരക്ഷണംകൂടിയാണ്.

Content Highlights: Non-Stick Pans: Benefits, Risks & Safe Use