ചിത്രങ്ങള്‍ അലങ്കരിച്ച ചുവരുകള്‍, കുട്ടികള്‍ക്കായി പ്രത്യക മുറി; താരദമ്പതിമാരുടെ പത്ത് കോടി വിലമതിക്കുന്ന വീട്‌

#Lifestyle Desk
അംഗദ് ബേദി, നേഹ ധൂപിയ, മുംബൈയിലെ വീട്‌.|Photo: AFP/Screengrab
അംഗദ് ബേദി, നേഹ ധൂപിയ, മുംബൈയിലെ വീട്‌.|Photo: AFP/Screengrab

ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയും അംഗദ് ബേദിയും വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. രണ്ട് കുട്ടികളടങ്ങുന്ന ഇരുവരുടേയും കൊച്ചുകുടുംബം മുംബൈയിലാണ് താമസം. കഴിഞ്ഞ ദിവസം കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു.

ഏകദേശം പത്ത് കോടി വിലമതിക്കുന്ന മുംബൈയിലെ വീട്ടില്‍ കയറുമ്പോള്‍ കാണാന്‍ സാധിക്കുക വിന്റേജ് മോഡലില്‍ ഒരുക്കിയ രണ്ട് കണ്ണാടികളാണ്. ബെയ്ജ് നിറത്തിലുള്ള ചുവരുകള്‍ക്കൊപ്പം തടികൊണ്ടുള്ള ഫര്‍ണിച്ചറുകളാണ് സ്വീകരണമുറിയില്‍ ക്രമീകരിച്ചിരിക്കുന്നത്. നേര്‍ത്ത വെള്ള നിറത്തിലുള്ള കര്‍ട്ടനുകള്‍ തൂക്കിയ വലിയ ജനാലകളാണ് സ്വീകരണമുറിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇത്‌ മുറിയുടെ ഭംഗി വര്‍ധിപ്പിക്കുകയും ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുന്നു.

വെള്ള, കറുപ്പ് നിറങ്ങള്‍ ഒരുമിക്കുന്ന സോഫകളും അതിന്റെ കൂടെ ടെക്‌സ്ചര്‍ വരുന്ന കുഷ്യനുകളും വീടിനെ ആകര്‍ഷണീയമാക്കുന്നു. മാര്‍ബിളില്‍ തീര്‍ത്ത മേശ, അലങ്കാര വിളക്കുകള്‍, ഭിത്തിയിലെ ചിത്രങ്ങള്‍ എന്നിവ ഒരേസമയം കൗതുകവും ലാളിത്യവും സമന്വയിപ്പിക്കുന്നു. വീടിന്റെ അടുക്കളയിലും വെള്ള, കറുപ്പ് കോമ്പിനേഷന്‍ കാണാന്‍ സാധിക്കും. അടുക്കളയിലെ കൗണ്ടര്‍ടോപ്പുകള്‍ വെള്ളനിറത്തിലും കാബിനെറ്റുകള്‍ കറുപ്പ് നിറത്തിലുമാണ് ഒരുക്കിയത്.

അടുക്കളയുടെ ഒരു വശത്ത് ഇരുവരും സഞ്ചരിച്ച രാജ്യങ്ങളുടെ ഓര്‍മ്മകളുടെ ഭാഗമായ മാഗ്നെറ്റുകള്‍ പ്രദര്‍ശിപ്പിച്ച ഫ്രിഡ്ജ് കാണാം. വീടിനുള്ളിലെ ചെറിയ ഇടനാഴിയുടെ ഒരു ഭിത്തി മുഴുവന്‍ ഇരുവരുടേയും ജീവിതത്തിലെ പല നിമിഷങ്ങള്‍ ഫോട്ടോകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മക്കളായ മെഹറിന്റെയും ഗുരിഖിന്റെയും മുറികളും വീഡിയോയില്‍ കാണാം. മൃഗങ്ങളുടെ ചിത്രങ്ങളുള്ള ഭിത്തിയും അടുക്കിവെച്ച കളിപ്പാട്ടങ്ങളും, പുസ്തകങ്ങളും ഒരുപോലെ മനോഹരമാണ്. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഈ മുറി സജ്ജീകരിച്ചിരിക്കുന്നത്.

പ്ലാറ്റ്‌ഫോം ബെഡും അതിനു മുകളിലായി ഒരുക്കിയ ടിവിയും അലങ്കാര വിളക്കുകളും  ഉള്‍ക്കൊള്ളുന്ന നേഹയുടേയും അംഗദിന്റെയും മുറിയും വീഡിയോയില്‍ ദൃശ്യമാണ്‌. ലാളിത്യവും ആഡംബരവും ഒത്തുചേരുന്ന തങ്ങളുടേതായ ഒരിടമായി വീടിനെ ഒരുക്കാന്‍ നേഹയും അംഗദും ശ്രമിച്ചിട്ടുണ്ട്.

Content Highlights: Explore the stunning Mumbai residence of Bollywood couple Neha Dhupia and Angad Bedi. Discover their elegant interiors, vintage decor, and family photos. A luxurious yet simple home.