ഇടവേളകള്‍ ആസ്വദിക്കാന്‍ 'സണ്‍ റൂം', പൂന്തോട്ടം; ആഡംബരവും ലാളിത്യവും ഒത്തുചേര്‍ന്ന് ചങ്കിയുടെ വീട്

പ്രശസ്തരായ വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അതിന്റെ വീഡിയോ യൂട്യൂബില്‍ പങ്കുവെക്കാറുണ്ട് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന്‍. ബോളിവുഡ് നടനായ ചങ്കി പാണ്ഡേയുടെ വീടിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം ഫറ യൂട്യൂബില്‍ പങ്കുവെച്ചത്. മുംബൈയിലെ മനോഹരമായ വസതിയില്‍ ഭാര്യയായ ഭാവന പാണ്ഡേയുടെ കൂടെയാണ് ചങ്കി താമസിക്കുന്നത്.
മിനിമല്‍ ഇന്റീരിയര്‍, സര്‍ഗാത്മകമായ അലങ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ചങ്കിയുടെ വീട് ഒരേസമയം സ്റ്റൈലിഷും സൗകര്യപ്രദവുമാണ്. മിനിമലിസം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രചോദനമാവുന്ന രീതിയിലാണ് വീടിന്റെ നിര്‍മ്മാണം. വീടിന്റെ സ്വീകരണ മുറിയിലുള്ള മോഡേണ്‍ ആര്‍ട്ടിലുള്ള ചിത്രത്തിലെ രണ്ട് രൂപങ്ങളെ ഫറ തമാശയായി ചങ്കി, ഭാവന എന്ന് വിളിക്കുന്നു. ഇവിടെത്തന്നെ മരത്തിലുള്ള തീന്‍മേശയും അതിനുമുകളിലായി പ്രകാശിക്കുന്ന ഒരു വിന്റേജ് അലങ്കാരവിളക്കും കാണാന്‍ സാധിക്കും.
തിളക്കമുള്ള നിറങ്ങള്‍ ഇടകലര്‍ന്ന,എന്നാല്‍ ഇരുണ്ട നിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന 'മൂഡി'യായ കളര്‍ പാലറ്റാണ് സ്വീകരണ മുറിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ടീല്‍ നീല നിറത്തിലുള്ള ചെസ്റ്റര്‍ഫീല്‍ഡ് മോഡലിലുള്ള സോഫയാണ് മുറിയുടെ മുഖ്യാകര്‍ഷണം. സമീപം തന്നെയുള്ള ഗ്ലാസ് കോഫി ടേബിളും അതിനുമുകളിലുള്ള പുസ്തകങ്ങളും വ്യത്യസ്തമായ അലങ്കാരങ്ങളും ഭംഗി വര്‍ധിപ്പിക്കുന്നു. ജ്യാമിതീയ രൂപങ്ങളോട് കൂടി അലങ്കരിച്ച ഒരു ഷാന്‍ലിയറാണ് ഇവിടുത്തെ പ്രധാന പ്രകാശ സ്രോതസ്സ്. ഇടതുവശത്ത്, ബാര്‍ സ്റ്റൂളുകളും ആകര്‍ഷകമായ നീല കാബിനറ്റുമുള്ള ഒരു ഹോം ബാര്‍ മുറിയെ പൂര്‍ണ്ണമാക്കുന്നു.
കറുപ്പും വെളുപ്പും ഇടകലര്‍ന്ന് ജ്യാമിതീയ രീതിയിലുള്ള നിലത്തോട് കൂടിയ വിശാലമായ സണ്‍റൂം ആണ് മറ്റൊരു പ്രത്യേകത. തറ മുതല്‍ സീലിംഗ് വരെ നീളുന്ന ജനാലകളാല്‍ ചുറ്റപ്പെട്ട, ചരിഞ്ഞ ഗ്ലാസ് പാനലുകളോട് കൂടിയ മേല്‍ക്കുരയുമുള്ള ഈ മുറി വീടിനകത്തും പുറത്തുമുള്ള കാഴ്ച്ചകള്‍ ഒരേ സമയം ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഇടമാണ്. കടും ചാരനിറത്തിലുള്ള ഒരു സോഫ, വെളുത്ത സോഫ, മഞ്ഞയും കറുപ്പും നിറത്തിലുള്ള ആംചെയറുകള്‍, ചുവപ്പും ക്രീമും നിറത്തില്‍ ഡിസൈനുകളുള്ള കസേരകള്‍ എന്നിങ്ങനെ വിവിധ തരം ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. വീടിനോട് ചേര്‍ന്ന് തന്നെ പച്ചപ്പ് നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടവും കാണാം.
തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ഹൗസ്ഫുള്‍ 5 എന്ന കോമഡി ചിത്രത്തിലാണ് ചങ്കിയെ അവസാനമായി കണ്ടത്. അടുത്തതായി, ഡിറ്റക്ടീവ് ഷെര്‍ദില്‍, സണ്‍ ഓഫ് സര്‍ദാര്‍ 2 എന്നീ ചിത്രങ്ങളിലും താരം അഭിനയിക്കും. അനന്യ പാണ്ഡ, രയസ പാണ്ഡെ എന്നിവരാണ് മക്കള്‍.
Content Highlights: Farah Khan explores Chunky Panday`s minimal yet stylish Mumbai home.