വീടിന്റെ അകവും പുറവും കളര്‍ഫുള്‍ ആക്കാം, തിരഞ്ഞെടുക്കാം ഈ ചെടികള്‍

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചെടികളും പൂക്കളും നിറഞ്ഞൊരു വീടിന്‍ മുറ്റം അല്ലെങ്കില്‍ വീട്ടകം. മഴയിലും വെയിലിലും പടര്‍ന്നും കൊഴിഞ്ഞും നിറക്കാഴ്ച സമ്മാനിക്കുന്ന അത്തരമൊരു മുറ്റവും ഭംഗിയും പോസിറ്റിവിറ്റിയും പകരുന്ന വീടിന്റെ അകവും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? കടയില്‍നിന്നും അയല്‍പക്കങ്ങളില്‍നിന്നും ചെടികള്‍ വാങ്ങിക്കൊണ്ടു വന്ന് നട്ടുനനയ്ക്കുന്നവരാണ് ചെടി പ്രേമികള്‍. ഒരുപാട് നാള്‍ പൂക്കള്‍ കൊഴിയാതെ നിന്ന് ഭംഗി പകരുന്ന ചില ചെടികള്‍ വീട്ടില്‍ നട്ടുവളര്‍ത്തിയാലോ? അതിനായി താഴെ നല്‍കിയിരിക്കുന്ന ചെടികള്‍ തിരഞ്ഞെടുക്കാം. 

ബൊഗെയ്ന്‍വില്ല

Photo: Canva

പിങ്ക്, പര്‍പ്പിള്‍, ഓറഞ്ച്, വെള്ള, മഞ്ഞ തുടങ്ങി വിവിധനിറത്തിലുള്ള ബൊഗെയ്ന്‍വില്ലകള്‍ ഏവരുടേയും മനംമയക്കുന്ന ചെടിയാണ്. നല്ല വെയില്‍ കിട്ടുന്നിടത്ത്  പൂത്തുലഞ്ഞ് വളരുന്ന ചെടിയാണത്. നട്ടുനയ്ക്കുന്നിടത്ത് മാത്രമല്ല, യാതൊരു പരിചരണവുമില്ലാതെ വഴിയോരങ്ങളിലും തെരുവുകളിലുമെല്ലാം പൂവിട്ട് നില്‍ക്കുന്ന വില്ല ആരെയാണ് ആകര്‍ഷിക്കാത്തത്... പൂന്തോട്ടം കളര്‍ഫുള്ളാക്കാം, ധൈര്യമായി ബൊഗെയ്ന്‍വില്ല തിരഞ്ഞെടുത്തോളൂ. 

ജെറേനിയം

Caption

 
പൂത്തുനിറഞ്ഞ് കുറേനാള്‍ ഭംഗിചൊരിയുന്ന ചെടിയാണ് ജെറേനിയം. പലനിറങ്ങളില്‍ പൂവിടുന്ന ജെറേനിയം വീട്ടുമുറ്റത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കും. ബാല്‍ക്കണികളിലും ചെടിചട്ടികളില്‍ തൂക്കിയിട്ടും ഈ ചെടി വളര്‍ത്താം. 

ചെമ്പരത്തി
നമ്മുടെ നാട്ടില്‍ പലനിറത്തിലുള്ള ചെമ്പരത്തികളും സുലഭമാണ്. ചെടിച്ചട്ടിയിലും അല്ലാതെയും ചെമ്പരത്തി വളര്‍ത്താം. പൂക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് നാള്‍ പൂക്കളും ശലഭങ്ങളുമെല്ലാമായി നിങ്ങളുടെ മുറ്റത്തെ സജീവമാക്കുന്ന ചെടിയാണിത്. 

കൊങ്ങിണി


അരിപ്പൂവ് എന്ന പേരില്‍ വലിയ പ്രചാരമുള്ള ചെടിയാണ് കൊങ്ങിണി. പലനിറത്തിലുള്ള ചെറിയ പൂക്കളുടെ ഒരുകൂട്ടമുള്ള കൊങ്ങിണിച്ചെടി പൂമ്പാറ്റകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്നത് കാണാറില്ലേ... വെയിലുള്ളിടത്ത് യഥേഷ്ടം വളരുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും ആവശ്യമിത്തതുകൊണ്ടുതന്നെ നട്ടുവളര്‍ത്തുന്നതില്‍ വലിയ ആശങ്കകളൊന്നും വേണ്ടേ വേണ്ട. 

പീസ് ലില്ലി


പേരുപോലെ തന്നെ ശാന്തമായി കാണപ്പെടുന്ന ചെടിയാണിത്. വെള്ളനിറത്തിലുള്ള പൂക്കളും തിളക്കമുള്ള ഇലകളോടുംകൂടിയ പീസ് ലില്ലി ഇന്‍ഡോറില്‍ നട്ടുവളര്‍ത്താം. ഒരുപാട് കാലം ഇത് പൂവിടും. വെളിച്ചമുള്ളിടത്ത് വെച്ചാല്‍ ഈ ചെടി നന്നായി വളരും. വീട്ടകത്തിന് പ്രസന്നത പകരാന്‍ ശുദ്ധമായ വായു പകരുന്ന പീസ് ലില്ലി ഒരു നല്ല ഓപ്ഷനാണ്. 

കലഞ്ചോ


ഇന്‍ഡോറായും ഔട്ട് ഡോറായും വളര്‍ത്താവുന്ന ചെടിയാണ് കലഞ്ചോ. അടര്‍ത്തിമാറ്റിയ ഇലകളില്‍നിന്ന് പുതിയ ചെടിയായി വളര്‍ത്താവുന്ന കലഞ്ചോ ഏറെക്കാലം പൂവിടും. വെള്ളവും വെളിച്ചവും കിട്ടുന്ന ഒരു നല്ല ഇടം മാത്രമേ ഈ ചെടികള്‍ക്ക് വേണ്ടൂ. 

Content Highlights: Long blooming plants