'നഗരങ്ങളിൽ വീട് വാങ്ങാനുള്ള പണമില്ല, ഇന്ത്യയിൽ ബോട്ടിൽ സ്ഥിരതാമസം സാധ്യമോ?', ശ്രദ്ധനേടി പോസ്റ്റ്

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

മെട്രോ നഗരങ്ങളില്‍ പ്രതിമാസം നല്‍കേണ്ടി വരുന്ന വാടകതന്നെ സാധാരണക്കാരുടെ വാര്‍ഷിക വരുമാനത്തിന് സമാനമായിരിക്കും. എന്നുകരുതി സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം വെടിയാന്‍ പറ്റില്ലല്ലോ.. മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുക തന്നെ വഴി.ഇന്ത്യയില്‍ ബോട്ടില്‍ താമസിക്കുന്നത് നിയമപരമാണോ എന്ന് ചോദ്യം ഉന്നയിക്കുന്ന റെഡിറ്റ് പോസ്റ്റ് ശ്രദ്ധനേടുകയാണ്. 

'ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഫ്ലാറ്റ് വാങ്ങാന്‍ മാത്രമുള്ള പണം തന്റെ പക്കലില്ല. ഇഎംഐ തവണകളായി അടച്ചുതീർക്കാനുള്ള പ്രായത്തിലുമല്ല. വീടിന് പകരം ബോട്ടില്‍ താമസിക്കാനുള്ള സാധ്യതകൾ തേടുന്നു' , പോസ്റ്റില്‍ പറയുന്നു. 

'ഒരു ചെറിയ ബോട്ട് വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്ത്, അതില്‍ അടുക്കള, കുളിമുറി, രണ്ട് മുറികള്‍ എന്നിവ നിര്‍മ്മിക്കുന്നത് നിയമപരമാണോ? എല്ലാ നഗരങ്ങളിലും തടാകങ്ങളുണ്ട്. ഈ ബോട്ടുകള്‍ തടാകങ്ങളിലോ കടല്‍ത്തീരത്തോ നിര്‍ത്തി അവിടെ താമസിക്കാന്‍ കഴിയുമോ?' പോസ്റ്റില്‍ ഇയാള്‍ ചോദിക്കുന്നു. 

'ഹൗസ്‌ബോട്ടിന് സാധാരണയായി വരുന്ന വിലയും പോസ്റ്റില്‍ പ്രതിപാതിക്കുന്നുണ്ട്. 15 മുതല്‍ 30 ലക്ഷം രൂപ വരെ ചെലവാകും. മാത്രമല്ല, വെള്ളപ്പൊക്കം വന്നാലും ഞാന്‍ ജലത്തിന് മുകളില്‍ പൊങ്ങിക്കിടക്കുമെന്ന ദീർഘവീക്ഷണവും പങ്കുവെക്കുന്നു. 

പോസ്റ്റ് വൈറലായതോടെ, ഈ ആശയത്തെക്കുറിച്ച് പലരും വിവിധ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഭൂരിഭാഗവും ആശയത്തിൻ്റെ പ്രായോഗികതയെ ചോദ്യം ചെയ്തപ്പോള്‍, മറ്റുചിലര്‍ 
കാരവാന്‍ ഉള്‍പ്പടെയുള്ള സാധ്യതകളെ കുറിച്ച് പങ്കുവെച്ചു. 'പൊതു സ്വത്ത് അനധികൃതമായി കൈവശപ്പെടുത്തുന്നതിന് 60 ലക്ഷം രൂപ നികുതി അടയ്ക്കാന്‍ തയ്യാറാണെങ്കില്‍ ഇത് അനുവദിക്കപ്പെടുമെന്ന് ഒരാള്‍ പറഞ്ഞു.

ഈ ചോദ്യം ഇന്ത്യയിലെ ഭവന പ്രതിസന്ധിയെയും ബദല്‍ താമസ മാര്‍ഗങ്ങളെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ ബോട്ടില്‍ താമസിക്കുന്നതിന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിയമങ്ങള്‍ നിലവിലുണ്ട്. കേരളം, ഗോവ, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൗസ്‌ബോട്ടുകള്‍ ടൂറിസത്തിനായി ജനപ്രിയമാണെങ്കിലും, സ്ഥിര താമസത്തിന് പ്രത്യേക അനുമതികള്‍ ആവശ്യമായി വന്നേക്കാം. ജലാശയങ്ങളുടെ ഉടമസ്ഥാവകാശം, പരിസ്ഥിതി നിയമങ്ങള്‍, മലിനീകരണ നിയന്ത്രണങ്ങള്‍ എന്നിവ ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

​

Content Highlights: Is living on a boat in India legal?