സ്വിച്ച് മുതൽ സീലിങ് വരെ സ്വർണം; വൈറലായി മധ്യപ്രദേശിലെ കോണ്‍ട്രാക്ടറുടെ വീട്, തുടക്കം പെട്രോൾ പമ്പിൽ

തൊട്ടതെല്ലാം പൊന്നാകും എന്ന് കേട്ടിട്ടില്ല. അത്തരത്തിൽ തൊടുന്നതെല്ലാം പൊന്നായ ഒരു വീട് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഈ വീടിന്റെ ഓരോ ഭാഗവും 24 കാരറ്റ് സ്വർണത്തിലാണ് തീർത്തിരിക്കുന്നത്. വ്യത്യസ്തമായ വീടുകളും അവയുടെ പിന്നിലെ കഥകളും പങ്കുവെക്കുന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പ്രിയം സരസ്വതാണ് ഇൻഡോറിലെ വീട് പരിചയപ്പെടുത്തിയത്.
ഭിത്തികൾ, മച്ച്, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ സോക്കറ്റുകൾ, സ്വിച്ചുകൾ, ലൈറ്റ് ഫിറ്റിംഗുകൾ, എസി ഔട്ട്‌ലെറ്റുകൾ, ടോയ്‌ലറ്റ് സീറ്റുകൾ, വാഷ് ബേസിനുകൾ എന്തിനുപറയുന്നു ഷവറും ടാപ്പുകളും പോലും സ്വർണത്തിലാണ്. 1936-ലെ വിൻ്റേജ് മെർസിഡിസ്, വോള്‍വോ ഇ.വി, ഡിഫെഡര്‍, ബി.എം.ഡബ്ല്യു, റേഞ്ച് ഓവര്‍ തുടങ്ങിയ അത്യാഡംര വാഹനങ്ങൾ വീടിനു മുന്നിൽ കിടക്കുന്നത് വീഡിയോയിൽ കാണാം.
ഭിത്തികളും സീലിംഗും 24 കാരറ്റ് സ്വർണ ഫോയിലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഫർണിച്ചറുകൾ, ലൈറ്റ് ഫിറ്റിംഗുകൾ, ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകൾ എന്നിവയെല്ലാം സ്വർണത്തിൽ തീർത്തവയാണ്. വീടിന്റെ ബാത്ത്റൂമുകളിൽ ടോയ്‌ലറ്റ് സീറ്റുകൾ, വാഷ് ബേസിനുകൾ, ഷവറുകൾ, ടാപ്പുകൾ എന്നിവയും സ്വർണത്തിൽ നിർമിച്ചവയാണ്.
ഗോശാല ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള വീട്ടിൽ 10 കിടപ്പുമുറികളുണ്ടെന്ന് വീട്ടുടമസ്ഥർ വെളിപ്പെടുത്തുന്നുണ്ട്. ദാരിദ്ര്യത്തിൽ നിന്നുള്ള സാമ്പത്തിക ഉയർച്ചയെപറ്റിയുള്ള കഥയും ഇദ്ദേഹം പറയുന്നുണ്ട്.
'25 അംഗങ്ങളുള്ള കുടുംബം ഒരു പെട്രോൾ പമ്പിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ജീവിച്ചിരുന്നത്. ഈ വരുമാനത്തില്‍ ജീവിക്കാനാകില്ലെന്ന തിരിച്ചറിവില്‍ താന്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടറായി മാറി. ഗവൺമെന്റിനായി റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കുന്നു. ഇപ്പോൾ 300 മുറികളുള്ള ഒരു ഹോട്ടൽ നിർമ്മിക്കുന്നു', വീടുമ പറയുന്നുണ്ട്.
ശക്തമായ സുരക്ഷ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നുന്നെന്നും സ്വപ്നങ്ങളിൽ പോലും ഇത്ര ആഡംബരമല്ലെന്നും നികുതി വെട്ടിക്കാനുള്ള മികച്ച മാർഗമെന്നും വീഡിയോയിൽ കമൻ്റുകളുണ്ട്. 12.1 മില്യൺ കാഴ്ചക്കാരെ വീഡിയോ ഇതിനോടകം നേടിക്കഴിഞ്ഞു.
24 കാരറ്റ് സ്വർണ്ണം 99.99% ശുദ്ധമാണ്, എന്നാൽ മൃദുലത കൂടുതലായതിനാൽ ഇത് ആഭരണ നിർമ്മാണത്തിന് അനുയോജ്യമല്ല. ആഭരണത്തിനായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണ്ണം, മറ്റു ലോഹങ്ങളും ചേർന്നതാണ്, ഇത് ജ്വല്ലറി നിർമ്മാണത്തിന് അനുയോജ്യമാണ്. ഈ വീടിന്റെ നിർമാണത്തിൽ 24 കാരറ്റ് സ്വർണ്ണ ഫോയിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഭവന നിർമാണത്തിനായി സ്വർണം ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിയപരമാണ്. എന്നാൽ ഈ സ്വർണത്തിൻ്റെ ഉറവിടം ആദായ നികുതി വകുപ്പിന് മുമ്പാകെ വ്യക്തമാക്കേണ്ടതുണ്ട്.
Content Highlights: 24-Karat Gold Home in India Sparks Debate: Opulence, Wealth, and Tax Concerns