നാം പരിപാലിച്ചുകൊല്ലുന്ന ഓർക്കിഡ് ചെടികൾ; ഓർക്കിഡ് പ്രകൃതിയുടെ സ്വഭാവീകതയ്ക്ക് അനുസരിച്ച് വളരണം

ഓര്‍ക്കിഡ് | canva
ഓര്‍ക്കിഡ് | canva

വീടുകളിൽ വളർത്തുന്ന അലങ്കാരച്ചെടികളിൽ സ്റ്റാറാണ് ഓർക്കിഡ്. പല നിറങ്ങളിൽ പല രൂപങ്ങളിൽ പല വലിപ്പത്തിൽ പൂക്കുന്ന ഓർക്കിഡ് ചെടികൾക്ക് ആരാധകർ ഏറെയാണ്.

ചെടി പ്രേമികളുടെ പൊന്നോമന ആയതുകൊണ്ടുതന്നെ പരിപാലനം കൂടുതലാണ്. ഈ അമിത പരിപാലനം കൊണ്ടാണ് പല വീടുകളിലെയും ഓർക്കിഡ് ചെടികൾ നശിച്ചുപോകുന്നത്.

ഓർക്കിഡ്

വെളിച്ചം വേണം എന്നാൽ വെയിലത്ത് വെക്കരുത്

ഓർക്കിഡ് ചെടികൾക്ക് നിറയെ വെളിച്ചം ആവശ്യമാണ്. അതുകൊണ്ടുതന്നെ പലരും സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന ഇടങ്ങളിലാണ് ചെടികൾ വെക്കാറ്. ഇത് ചെടികൾ കരിഞ്ഞുപോകുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ വെളിച്ചം നന്നായി ലഭിക്കുന്നതും എന്നാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്തതുമായ ഇടങ്ങളിൽ വേണം ചെടികൾ വെക്കാൻ.

ഓർക്കിഡ് | Canva

പ്രകാശം കൂടുതലായി ചെടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് അറിയാനും വഴികളുണ്ട്. ഇലകളിൽ നോക്കിയാൽ ഓർക്കിഡിന്റെ ആരോഗ്യം പ്രവചിക്കാനാകും. നല്ല ആരോഗ്യമുള്ള ഓർക്കിഡ് ചെടികളുടെ ഇലകൾക്ക് ഇളം പച്ചനിറമായിരിക്കും. ഇലകൾക്ക് കടും പച്ചനിറമായാൽ ചെടികൾക്ക് സൂര്യപ്രകാശം വേണമെന്നാണ് അർത്ഥം. ഇനി ഇലകളുടെ നിറം മഞ്ഞയും ഇലകളിൽ പാടുകളും ഉണ്ടെങ്കിൽ സൂര്യപ്രകാശം അധികമായി ചെടി ഉടനെ കരിഞ്ഞുപോകും എന്നാണ് അർത്ഥം.

ചെടികൾക്ക് ആവശ്യമുള്ളപ്പോൾ വെള്ളം നൽകുക

ഓർക്കിഡ്| Canva

പലരും ഓർക്കിഡ് ചെടികൾ കൃത്യമായ ഇടവേളകളിൽ ആണ് നനയ്ക്കുക. വെള്ളം കൂടിപ്പോയി ചെടികൾ ചീഞ്ഞുപോകുമെന്ന പേടികൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ ടൈം ടേബിളിന് അനുസരിച്ചല്ല, ചെടിയ്ക്ക് വെള്ളം ആവശ്യം ഉള്ളപ്പോൾ വേണം വെള്ളം നൽകാൻ. ഓർക്കിഡിന് ദാഹിക്കുന്നുണ്ടോയെന്ന് അറിയാനും വഴിയുണ്ട്. ചെടിയ്ക്ക് ചുവട്ടിലെ മണ്ണ് ജലാംശം ഇല്ലാതെ ഉണങ്ങിയിട്ടുണ്ടെങ്കിൽ വെള്ളം നൽകാവുന്നതാണ്.

ഓർക്കിഡിന് വെള്ളം ഒഴിക്കേണ്ടത് എങ്ങനെ

ചെടിച്ചട്ടിയിലേക്ക് വെള്ളം ഒഴിച്ചതിന് ശേഷം ഡ്രെയിനേജ് ഹോളുകൾ വഴി ആ വെള്ളം മുഴുവൻ ഒഴുകിപ്പോകാൻ അനുവദിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടിയിലെ മണ്ണ് പൂർണമായി നനയുന്നതിനോടൊപ്പം അനാവശ്യ വെള്ളം ഒഴുകിപ്പോകുന്നതിന് സഹായിക്കുകയും ചെയ്യും.

വേരുകൾക്ക് ശ്വസിക്കണം

ഓർക്കിഡിനെ സാധാരണ ചെടികൾ നടുന്നതുപോലെ മണ്ണിൽ കുഴിച്ചിടരുത്. വേരുകൾക്ക് വായുസഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവേണം ഓർക്കിഡ് നടാൻ ഇതിനായി, ഉണങ്ങിയ തൊണ്ടിന്റെ കഷണങ്ങളും ഒാട്, ഇഷ്ടിക ഇവയുടെ കഷണങ്ങളും മരക്കരിയുടെ കഷ്ണങ്ങളും യോജിപ്പിച്ചാണ് ഓർക്കിഡ് നടുന്നത്. ഓർക്കിഡ് നടുന്ന ചട്ടികൾക്കും വ്യത്യാസുണ്ട്. വേരുകൾക്ക് സ്വതന്ത്രമായി വളരാൻ സൗകര്യം നൽകുന്ന ചട്ടികളിലാണ് ഓർക്കിഡ് നടേണ്ടത്. 

ഓർക്കിഡ് | Canva

പൂക്കൾ കൊഴിഞ്ഞാലും ഉപേക്ഷിക്കരുത്

പൂത്ത് നിൽക്കുന്ന ഓർക്കിഡ് ചെടികളെ എല്ലാവർക്കും ഇഷ്ടമാണ്. ആറ് മാസം വരെ പൂത്ത് നിൽക്കുന്ന ചെടികളും ഉണ്ട്. എന്നാൽ പൂക്കാലം കഴിഞ്ഞാൽ ഓർക്കിഡ് ചെടി ഇലകൾ മാത്രമായി അവശേഷിക്കും. ഈ സമയത്ത് ഓർക്കിഡ് ചെടികളെ ഉപേക്ഷിക്കുകയോ പരിചരണത്തിൽ വിട്ടുവീഴ്ച വരുത്തുകയോ ചെയ്യരുത്. കാരണം ഈ സമയത്ത് ഓർക്കിഡ് ചെടി വിശ്രമവേളയിലാണ്. അടുത്ത പൂക്കാലത്തിനായി ഊർജ്ജം സംഭരിക്കുകയാണ് ഓർക്കിഡ് ചെടികൾ.

മിതമായി മതി

ആവശ്യത്തിന് മാത്രം വെള്ളവും വെളിച്ചവും നൽകി ചെടികളെ അതിന്റെ വഴിക്ക് വിടുകയാണ് നല്ലത്. ഇഷ്ടമുള്ളപ്പോൾ പൂക്കൾ നൽകിയും പൂക്കാതെ ഇരുന്ന് വിശ്രമിച്ചും ഓർക്കിഡ് പ്രകൃതിയുടെ സ്വഭാവീകതയ്ക്ക് അനുസരിച്ച് വളരട്ടെ

Content Highlights: Orchids require bright, indirect sunlight to avoid leaf scorching., Water orchids based on soil moisture levels rather than a rigid schedule., Ensure proper drainage and air circulation for orchid roots using specialized potting mediums like charcoal and brick bits., Do not discard orchids after blooming; they require a rest period to store energy for the next cycle., Leaf color acts as a diagnostic tool for light requirements (light green is healthy, dark green needs more light, yellow/spots mean too much sun)