കാലാവസ്ഥയ്ക്കിണങ്ങിയ, ബഡ്ജറ്റിലൊതുങ്ങുന്ന ഇൻഡോർ പ്ലാൻ്റുകള്‍

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഒരു മണി പ്ലാന്റെങ്കിലുമില്ലാത്ത വീടുകള്‍ ഇപ്പോള്‍ വിരളമാണ്. നമ്മള്‍ പരിപാലിക്കുന്ന ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച നല്‍കുന്ന കുളിർമയാണ് പലരേയും ഇൻ്റോർ പ്ലാൻ്റുകളിലേക്ക് അകര്‍ഷിക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഉചിതമായതും ബഡ്ജറ്റിൽ ഒതുങ്ങുന്നതുമായ ചില ചെടികളേക്കുറിച്ച് അറിഞ്ഞിരിക്കാം. 

സ്പൈഡര്‍ പ്ലാന്റ്

എളുപ്പത്തില്‍ എവിടെയും വളരുന്ന ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. ചട്ടിയില്‍ വെക്കാനും തൂക്കിയിടാനും മേശപ്പുറത്ത് വെയ്ക്കാനും അനുയോജ്യമായ ചെടിയാണിത്. വീട്ടില്‍ വളര്‍ത്തുന്ന ജീവികള്‍ക്കും അനുയോജ്യമായ നോണ്‍ടോക്സിക് ഗണത്തിലാണ് ഇതിന്റെ സ്ഥാനം.

അലോവേര

രാത്രിയും പകലും ഓക്സിജന്‍ പുറത്തുവിടുന്ന സസ്യമായതിനാല്‍ കിടപ്പുമുറികള്‍ക്ക് ഏറെ അനുയോജ്യമാണ് കറ്റാര്‍വാഴ. ഇടയ്ക്കിടെ വെയില് കിട്ടുന്ന ഭാഗത്തേയ്ക്ക് മാറ്റി വയ്ക്കണം. സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴയെ വെല്ലാന്‍ വേറൊന്നുമില്ല. 

പോത്തോസ് 

മണിപ്ലാന്റിന്റെ ഇനത്തില്‍പ്പെടുന്ന ചെടിയാണിത്. ഡെവിള്‍ ഐവി, സില്‍വര്‍ വൈന്‍ എന്നിവയും ഈ വിഭാഗത്തില്‍ വരും. ചെടികളോട് വലിയ ഇഷ്ടമൊന്നും ഇല്ലാത്തവരുടെ മേശയില്‍ പോലും ഇതൊരെണ്ണം ഉണ്ടാകും. ഷെല്‍ഫിലോ, മേശയിലോ, കാബിനറ്റിലോ എവിടെയും വളര്‍ത്താം. വേഗത്തില്‍ വളരുമെന്നതാണ് പ്രത്യേകത. ലോ മെയിന്റനന്‍സ് പ്ലാന്റാണ്. വെളിച്ചവും അധികം വേണ്ട. 

പീസ് ലില്ലി

എളുപ്പത്തില്‍ വളര്‍ത്താനും പരിചരിക്കാനും കഴിയുന്ന ചെടിയാണിത്. അധികം വെളിച്ചമില്ലാത്തിടത്തും വളര്‍ത്താം. നന്നായി വെളിച്ചമുണ്ടെങ്കില്‍ കൂടുതല്‍ പൂക്കളുണ്ടാകും എന്നതാണ് പ്രത്യേകത. മുറിയിലെ മേശയിലോ സ്റ്റൂളിലോ ജനാലയ്ക്കരികിലോ വച്ചാല്‍ മുറിയുടെ ലുക്ക് തന്നെ മാറും. 

സ്നേക്ക് പ്ലാന്റ് (മദര്‍ ഇന്‍ ലോസ് ടംഗ്)

ഹോം ഓഫീസായാലും വായനാമുറിയായാലും ചെടികള്‍ വയ്ക്കുന്നത് ഏകാഗ്രത കൂടാന്‍ നല്ലതാണെന്നാണ് പഠനങ്ങള്‍. ഒരു സ്നേക്ക് പ്ലാന്റ് വാങ്ങി വച്ചോളൂ. റൂം ടെമ്പറേച്ചറിലും ഒരു കുഴപ്പവുമില്ലാതെ വളര്‍ന്നോളും. അധികം വെള്ളമോ വെളിച്ചമോ ആവശ്യമില്ല. ജോലിത്തിരക്കിനിടയ്ക്ക് ചെടി നോക്കാന്‍ സമയമില്ല എന്ന് കരുതേണ്ട എന്ന് ചുരുക്കം.  

Content Highlights: Easy-care, budget-friendly indoor plants perfect for Indian climate.