സ്റ്റീലിനേക്കൾ ശക്തി; അടിത്തറ ബലമുള്ളതാക്കും ബാംബു പൈലിങ്

പ്രതീകാത്മ ചിത്രം : Image Credit: Canva
പ്രതീകാത്മ ചിത്രം : Image Credit: Canva

പുരാതന കാലം മുതൽ മനുഷ്യജീവിതവുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണ് മുളകൾ. വീടുണ്ടാക്കാനും ഭക്ഷണം പാകം ചെയ്യാനുളള പാത്രമായും മുളകളെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് മുറം ഉണ്ടാക്കാനും അലങ്കാര വിളക്കുകൾ ഉണ്ടാക്കാനുമൊക്കെയാണ് മുളകൾ കൂടുതലായും ഉപയോഗിക്കുന്നത്. അതുപോലും അപൂർവ്വമാണ്. വീടുകൾ നിർമിക്കുമ്പോൾ പൈലിങ് നടത്താൻ മുളകൾ ഉപയോഗിക്കാറുണ്ട്. പുതിയ തലമുറ ആർക്കിടെക്ടുമാർക്ക് പോലും ബാംബൂ പൈലിങ്ങിനെക്കുറിച്ച് അറിയില്ല.

പ്രതീകാത്മ ചിത്രം

വീടുകളുടെ അടിത്തറ ബലമുള്ളതാക്കാൻ വരെ നമ്മുടെ മുളകൾക്ക് ശക്തിയുണ്ട്. സ്റ്റീലുകളെക്കാൾ മർദ്ദം താങ്ങാൻ ശക്തിയുള്ളതാണ് മുളകൾ. മുളകളിൽ ഫൈബർ വളരെ കൂടുതലുള്ളതുകൊണ്ടാണ് ഇത്. അതുകൊണ്ടുതന്നെ മുള ഉപയോഗിച്ച് വീടുകളുടെ അടിത്തറ ബലമുള്ളതാക്കാൻ പൈലിങ് നടത്താം. ഒരു കാലത്ത് കേരളത്തിൽ മുള ഉപയോഗിച്ചുള്ള പൈലിങ് സർവ്വ സാധാരണമായിരുന്നു. എന്നാൽ അപൂർവ്വമായാണ് ഇന്നു ബാംബു പൈലിങ് നടത്തുന്നത്. പലർക്കും ഇങ്ങനയൊരു പൈലിങ് രീതിയെക്കുറിച്ച് അറിയില്ല.

ബാംബൂ പൈലിങ്ങ് നടത്തുന്നു

എന്തുകൊണ്ട് ബാംബു പൈലിങ്

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് കരയും വെള്ളവും കൂടിച്ചേർന്ന മണ്ണിനു ബലം കുറഞ്ഞ ഭൂമിയിലാണ് ബാംബു പൈലിങ്ങ് ഉപയോഗിക്കുന്നത്. ചെറിയ പ്ലോട്ടുകളിലെ നിർമ്മാണത്തിനും ബാംബുപൈലിങ് ഉപയോഗിക്കാറുണ്ട്. കോൺക്രീറ്റ് പൈലിങ് ഇത്തരം പ്ലോട്ടുകളിൽ ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് ബാംബൂ പൈലിങ് ഉപയോഗിക്കുന്നത്.

ബാംബൂ പൈലിങ്ങ് നടത്തുന്നു

ബാംബു പൈലിങ്ങ് ചെയ്യുന്ന രീതി

നല്ല ഉറപ്പുള്ള , മൂപ്പെത്തിയ കല്ലൻമുളകൾ ആണ് ബാംബൂ പൈലിങ്ങിന് ഉപയോഗിക്കുന്നത്. മുളകൾ മുറിച്ചെടുത്ത് തറപണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് അടുത്തടുത്തായി ആഴത്തിൽ അടിച്ചുറപ്പിക്കുന്നു. 40 സെന്റിമീറ്റർ അകലത്തിലാണ് മുളകൾ അടിച്ചിറക്കുന്നത്. മണ്ണിന് ഉറപ്പ് പോരെന്ന് തോന്നിയാൽ ഇടയിൽക്കൂടി വീണ്ടും മുളകൾ അടിച്ചിറക്കി മണ്ണിനെ ബലപ്പെടുത്തും. ഇത്തരത്തിൽ

വീടിന് ഫൗണ്ടേഷൻ പണിയാൻ ഉദ്ദേശിക്കുന്ന ഇടങ്ങളിൽ മുഴുവൻ മുള അടിച്ചിറക്കണം. വീടിന്റെ തറ പണിയുന്ന സ്ഥലത്ത് 70 സെന്റീമീറ്റർ വീതിയിൽ വാനം എടുത്ത ശേഷം വേണം ബാംബു പൈലിങ് നടത്താൻ. വെള്ളത്തിന്റെ ലെവലിന് അനുസരിച്ച് വാനം താഴ്ത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം

ജെ.സി.ബിയുടെ യന്ത്രക്കൈ ഉപയോഗിച്ചാണ് മുളകൾ അടിച്ചിറക്കുന്നത്. ജെ.സി.ബിക്ക് ചെന്നെത്താൻ സാധിക്കാത്ത ഇടങ്ങളിൽ മാത്രം തൊഴിലാളികളെ ഉപയോഗിച്ച് മുളകൾ അടിച്ചിറക്കുന്നു. ഇത്തരം സാഹചര്യത്തിൽ കല്ലൻ മുളകളെ അഞ്ചടി നീളത്തിൽ രണ്ടായി ഭാഗിക്കും. ഇതിനുള്ളിൽ കുമ്മായം നിറച്ചതിന് ശേഷമാണ് ഈ മുളകൾ അടിച്ചു താഴ്ത്തുന്നത്. ചെളിയും കുമ്മായവും കൂടിച്ചേരുന്നതോടെ മുളകൾക്ക് ഇരട്ടി ഉറപ്പ് ലഭിക്കും. പച്ചമുള ഉപയോഗിക്കുന്നതിനാൽ വെള്ളമുള്ള ഭാഗങ്ങളിൽ ഇവ കേടുകൂടാതെ നിലനിൽക്കുകയും ചെയ്യും.

ബാംബു പൈലിങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാംബൂ പൈലിങ് നടത്തിയാണ് വീടുകൾ നിർമിക്കുന്നത് എങ്കിൽ വീടിന്റെ ഭാരം എല്ലാവശവും തുല്യമായിരിക്കണം. അല്ലെങ്കിൽ ഭാരം കുറഞ്ഞ ഭാഗത്തേക്ക് വീട് ചെരിയാനുള്ള സാധ്യതയുണ്ട്.
 

ചെലവ് കുറവ്

കോൺക്രീറ്റ് പൈലിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ബാംബു പൈലിങ്ങ് ചെലവ് കുറഞ്ഞതാണ്. കമ്പിയ്ക്കും സിമന്റിനും ചിലവഴിക്കേണ്ടിവരുന്ന തുക ബാംബു പൈലിങ്ങ് നടത്തുന്നതിലൂടെ ലാഭിക്കാം. പ്രകൃതിദത്തമായ നിർമാണ രീതിയാണ് എന്നതും ബാംബു പൈലിങ്ങിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്:

ഡൊമിനിക്ക് ജോസഫ്

(Supervisor Place Designs)

Content Highlights: Bamboo offers high pressure resistance due to its natural fiber content., Ideal for coastal areas and soft, marshy soil where concrete piling is difficult., Uses mature 'Kallan' bamboo for long-lasting structural integrity., Cost-effective solution for small plots and challenging terrains., Requires professional execution to ensure equal weight distribution.