ബാന്ദ്രയിൽ 20 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി കെ.എല്‍. രാഹുലും അതിയ ഷെട്ടിയും

കെ.എല്‍ രാഹുലും അഥിയ ഷെട്ടിയും | Photo : Instagram / Athiya Shetty
കെ.എല്‍ രാഹുലും അഥിയ ഷെട്ടിയും | Photo : Instagram / Athiya Shetty

മുംബൈയില്‍ ആഡംബരഭവനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും പത്‌നിയും അഭിനേത്രിയുമായ അതിയ ഷെട്ടിയും. ബാന്ദ്ര പാലി ഹില്ലില്‍ 20 കോടി രൂപയുടെ വീടാണ് ദമ്പതിമാര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇന്‍ഡെക്‌സ്ടാപ് ഡോട്‌കോം റിപ്പോര്‍ട്ട് ചെയ്തു. 19 നിലകളുള്ള സന്ധു പാലസ് അപ്പാര്‍ട്‌മെന്റിലെ രണ്ടാമത്തെ നിലയിലാണ് രാഹുലും അതിയയും താമസിക്കുക. സ്റ്റാമ്പ് ഡ്യൂട്ടിയായി 1.20 കോടി രൂപയും രജിസ്‌ട്രേഷന്‍ ഫീയായി 30,000 രൂപയും താരദമ്പതിമാര്‍ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. ജൂലായ് 15 നായിരുന്നു രജിസ്‌ട്രേഷന്‍. 

വസ്തുവിന്റെ രജിസ്‌ട്രേഷന്‍ നടന്നതായി പറയുന്നതിന്റെ തലേന്നാള്‍, അതായത് ജൂലായ് 14 ന് കര്‍ണാടകയിലെ കോരഗജ്ജ ക്ഷേത്രത്തില്‍ രാഹുലും അതിയയും ദര്‍ശനത്തിനെത്തിയിരുന്നു. അതിയയുടെ സഹോദരനും നടനുമായ അഹാന്‍ ഷെട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

അതിയ ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളിലൂടെ ദമ്പതിമാര്‍ അല്‍പകാലം മുമ്പ് മാധ്യമവാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ അഭ്യൂഹങ്ങള്‍ നിരസിച്ച് താരകുടുംബം രംഗത്തെത്തുകയും ചെയ്തു. ഇരുവരും ജീവിതത്തിന്റെ സന്തോഷമേറിയ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഏതെങ്കിലും ഒരുഘട്ടത്തില്‍ കുടുംബം വലുതാക്കണമെന്നുള്ള ആഗ്രഹമുണ്ടാകുമ്പോള്‍ അതുസംഭവിക്കുമെന്നും അതിയ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും അങ്ങനെയൊരു സന്ദര്‍ഭമുണ്ടാകുമ്പോള്‍ ആ സന്തോഷം തീര്‍ച്ചയായും എല്ലാവരോടും പങ്കുവെക്കുന്നതാണെന്നും കുടുംബം അറിയിച്ചിരുന്നു.

2023 ജനുവരി 23നാണ് രാഹുലും അതിയയും വിവാഹിതരായത്. അതിയയുടെ പിതാവും പ്രശസ്തനടനുമായ സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തില്‍ തുടരുകയായിരുന്നു. 
 

Content Highlights: Athiya Shetty KL Rahul Buy Rupees 20 Crore Apartment In Bandra Pali Hill