ജീവിതത്തിലെ കഠിന ദിവസങ്ങളിൽ ഭൂരിഭാഗവും ആ ചുമരുകൾക്കുള്ളിലായിരുന്നു-വീടിനോട് യാത്ര പറഞ്ഞ് അനാർക്കലി

അനാര്‍ക്കലി പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ anarkali
അനാര്‍ക്കലി പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ anarkali

20 വർഷമായി താമസിച്ച വീടിനോട് യാത്ര പറഞ്ഞപ്പോഴുള്ള വൈകാരികമായ അനുഭവം പങ്കുവെച്ച് നടി അനാർക്കലി മരിക്കാർ. ഇവിടെ നിന്ന് എപ്പോഴാണ് ഇറങ്ങാൻ കഴിയുക എന്നത് താൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ആ സമയമെത്തിയപ്പോൾ അത് ഒട്ടും എളുപ്പമായിരുന്നില്ലെന്നും അനാർക്കലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വീട്ടിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിൽ ഭൂരിഭാഗവും ആ ചുമരുകൾക്കുള്ളിലാണ് കഴിഞ്ഞുപോയതെന്നും തനിക്ക് ഒരുപാട് സന്തോഷകരമായ ഓർമകൾ സമ്മാനിച്ച ഒരു ഇടമല്ലായിരുന്നു ഇതെന്നും അനാർക്കലി കുറിച്ചു.

'ഞാൻ 20 വർഷമായി താമസിച്ചിരുന്ന വീടിനോട് ഇന്നലെ യാത്ര പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് സന്തോഷകരമായ ഓർമകൾ നൽകിയ ഒരു സ്ഥലമായിരുന്നില്ല അത്. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിൽ ഭൂരിഭാഗവും ആ ചുമരുകൾക്കുള്ളിലായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വിട പറയുന്നത് വളരെ എളുപ്പമായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അത് ഒട്ടും എളുപ്പമായിരുന്നില്ല. ചിലപ്പോൾ ഞാൻ വളർന്നത് അവിടെ ആയതുകൊണ്ടാകാം. അല്ലെങ്കിൽ എന്റെ എല്ലാ പ്രായത്തിലുമുള്ള മാറ്റങ്ങൾക്ക് ആ വീട് സാക്ഷിയായതുകൊണ്ടാകാം. അതുമല്ലെങ്കിൽ ചില സ്ഥലങ്ങൾ അവിടെ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെ ബാധിക്കാതെ എപ്പോഴും നമ്മുടെ മനസിൽ തങ്ങിനിൽക്കുന്നത് കൊണ്ടാകാം. എനിക്ക് ഇപ്പോൾ എന്താണ് ഫീൽ ചെയ്യുന്നത് എന്ന് മനസിലാക്കാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട വീടിനോട് വിട പറയുന്നു. എന്നെ ഞാനാക്കി മാറ്റിയതിന് നന്ദി.'-അനാർക്കലി കുറിച്ചു.

2016-ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി വെള്ളിത്തിരയിൽ അരങ്ങേറിയത്. തുടർന്ന് മലയാളത്തിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഉയരെ, സുലൈഖ മൻസിൽ, ഗഗനാചാരി, മന്ദാകിനി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

Content Highlights: Anarkali Marikar moves out after living in the same house for 20 years., Reflects on the complex emotional bond despite difficult memories., Acknowledges the house as a witness to her personal growth and life stages., Brief overview of her acting career from Anandam to Mandakini.