'ഒരാള്‍ക്ക് താമസിക്കാന്‍ ഇത്ര വലിയ വീടിന്റെ ആവശ്യം ഇല്ല, എന്നാല്‍ എനിക്ക് ഇഷ്ടമാണ്'- മുംബൈയിലെ വീടിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് അമോല്‍ പരാശര്‍

ബോളീവുഡ് യുവ താരമായ അമോല്‍ പരാശറിന് ഒഴിവ് സമയത്ത് എവിടെ പോകണം എന്ന് സംശയമൊന്നുമില്ല. അഭിനയത്തിനിടയ്ക്കുള്ള ഇടവേളകള്‍ വീട്ടില്‍ത്തന്നെ ചിലവഴിക്കാനാണ് അമോലിന് ഇഷ്ടം.
വീടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്വീകരണമുറി സജ്ജീകരിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍, ചെടികള്‍, സൂര്യപ്രകാശം എന്നിവ വീടിന്റെ സ്വീകരണമുറിയെ മനോഹരമാക്കുന്നു. ആദ്യം താമസിച്ചിരുന്ന ബോംബെയിലെ ഇടുങ്ങിയ അപ്പാര്‍ട്‌മെന്റുകളേക്കാള്‍ പുതിയ വീടിന്റെ സ്ഥല സൗകര്യം മനസ്സിന് ഉന്മേഷം നല്‍കുന്നുണ്ട് എന്നാണ് അമോലിന്റെ അഭിപ്രായം. വീടിന് വേണ്ടി വലിയ രീതിയിലുള്ള പ്ലാനുകളും കാര്യങ്ങളും ഇല്ലെങ്കിലും നിറങ്ങളുടെ കാര്യത്തില്‍ ബോഹോ രീതികള്‍ കടന്നു വരുന്നുണ്ട്. പച്ച, നീല, മരത്തിന്റെ ഡിസൈന്‍ എന്നിവ കാഴ്ച്ചയെ പൂര്‍ണ്ണമാക്കുന്നു.
ചെടികള്‍ മാത്രമല്ല വീടിന്റെ ഒരു ഭാഗത്ത് അമോലിന്റെ ഗിറ്റാറും കാണാന്‍ സാധിക്കും. കൊറോണ ലോക്ക്ഡൗണിന്റെ സമയത്ത് സമ്മാനമായി ലഭിച്ചതാണ് ഗിറ്റാര്‍. ലോക്ഡൗണിന്റെ സമയത്ത് പഠിക്കണം എന്ന് വിചാരിച്ചെങ്കിലും പിന്നീട് പഠിക്കാനുള്ള ആവേശം നശിച്ചുപോയി എന്നും അമോല്‍ പറയുന്നു. ഇത്തരത്തിലുള്ള സാധാരണമായ അനുഭവങ്ങള്‍ നിറഞ്ഞതാണ് അമോലിന്റെ വീട്. വീട് അലങ്കരിക്കുന്നത് പോലെത്തന്നെ വീടിനുള്ളിലെ മണവും പ്രധാനമാണ് എന്ന് താരം പറയുന്നുണ്ട്. ചെറിയ കാര്യങ്ങളാല്‍ നിറഞ്ഞതാണ് അമോലിന്റെ വീട്. പ്രതിമകള്‍, ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ വീടിന്റെ പല സ്ഥലത്തായി കാണാന്‍ സാധിക്കും.
വീട്ടില്‍ അമോല്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന മറ്റൊരു സ്ഥലമാണ് കിടപ്പുമുറി. ആവശ്യമായ സാധനങ്ങള്‍ മാത്രമുള്ള ഒരു 'കൊക്കൂണ്‍' പോലെയാണ് ഈ മുറി എന്നാണ് അമോലിന്റെ അഭിപ്രായം. ബോംബെയില്‍ കിട്ടാവുന്ന ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും ആഡംബരമായി അമോല്‍ കാണുന്നത് ഇവിടെയുള്ള ബാല്‍ക്കണിയാണ്. ജീവിതത്തിലുണ്ടാവുന്ന ഓരോ നേട്ടങ്ങളും ഇവിടെ നിന്നാണ് അമോല്‍ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നത്. കാടിന്റെ പ്രതീതി തരുന്ന ഈ സ്ഥലം തനിക്ക് വളരെയധികം സന്തോഷം തരുന്നുണ്ട് എന്ന അമോല്‍ പറയുന്നുണ്ട്.
ഒരാള്‍ക്ക് താമസിക്കാന്‍ ഇത്ര വലിയ വീടിന്റെ ആവശ്യം ഇല്ലെങ്കിലും തന്റെ അഭിരുചിക്ക് ഇണങ്ങിയതാണ് എന്ന് അമോല്‍ സമ്മതിക്കുന്നു. കൂടാതെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും താമസിക്കാനുള്ള സൗകര്യവുമുണ്ട് എന്നത് വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
'കുല്‍: ദ ലെഗസി ഓഫ് ഓഫ് ദ റയ്സിങ്സ്' എന്ന വെബ് സീരീസിന് ശേഷം സാമൂഹികമാധ്യമങ്ങളില്‍ ആരാധകര്‍ അമോലിനെ 'സാഡി' എന്നാണ് വിളിക്കുന്നത്. പുതിയ വെബ് സീരീസിന് ശേഷം അമോല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആണ്.
Content Highlights: Bollywood actor Amol Parashar`s serene home, a blend of books, plants, and vibrant boho decor.