വഴക്കുകളില്ല, പരാതികളില്ല, എന്നിട്ടും ഏകാന്തതയോ? പങ്കാളികൾക്കിടയിലെ വൈകാരിക അകൽച്ചയുടെ ലക്ഷണങ്ങൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
representative image|photo:canva
representative image|photo:canva

പുറത്തുനിന്ന് നോക്കുമ്പോൾ സന്തോഷകരമായ ദാമ്പത്യം. സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരുമിച്ചുള്ള ചിത്രങ്ങൾ, കുടുംബത്തോടൊപ്പമുള്ള യാത്രകൾ, പരസ്പരം വഴക്കിടാതെ മുന്നോട്ടുപോകുന്ന ജീവിതം. കാണുന്നവർക്ക് ഇതിലും മനോഹരമായ ബന്ധം വേറെയില്ലെന്ന് തോന്നിയേക്കാം. എന്നാൽ ആ ബന്ധത്തിനുള്ളിൽ ഒരാൾ നിശ്ശബ്ദമായി ഏകാന്തത അനുഭവിക്കുന്നുണ്ടെങ്കിലോ? ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, വീട്ടിലെ കാര്യങ്ങൾ സംസാരിക്കുന്നു, ഉത്തരവാദിത്വങ്ങൾ പങ്കിടുന്നു. എന്നിട്ടും മനസ്സിലുള്ളത് പങ്കാളിയോട് തുറന്നുപറയാൻ കഴിയുന്നില്ല. സ്വന്തം വിഷമങ്ങൾ കേൾക്കാൻ ഒരാളുണ്ടെങ്കിലും തന്നെ യഥാർഥത്തിൽ മനസ്സിലാക്കുന്നില്ലെന്ന തോന്നൽ. ഇത്തരത്തിൽ വ്യക്തമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തോന്നുന്ന ദാമ്പത്യത്തിലും വൈകാരികമായ അകൽച്ച ഉണ്ടാകാം. വഴക്കുകളോ വലിയ തർക്കങ്ങളോ ഇല്ലാത്തതുകൊണ്ടുമാത്രം ഒരു ബന്ധം സന്തോഷകരമാണെന്ന് ഉറപ്പിക്കാനാവില്ല. എങ്ങനെയാണ് പങ്കാളികൾക്കിടയിൽ ഈ അകൽച്ച രൂപപ്പെടുന്നത്? തിരിച്ചറിയേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്? എങ്ങനെ വീണ്ടും വൈകാരിക അടുപ്പം വളർത്താം? ഇതിനെക്കുറിത്ത് ഡോ. ചന്ദ്രിമ മിശ്ര മുഖർജി പറയുന്നതിങ്ങനെയാണ്.

ഒരുമിച്ചിരിക്കുമ്പോഴും ഒറ്റയ്ക്കാണെന്ന തോന്നൽ

ദാമ്പത്യത്തിലെ വൈകാരികമായ അകൽച്ചയെ തിരിച്ചറിയാൻ ചിലപ്പോൾ വലിയ സംഭവങ്ങൾ ഉണ്ടാകണമെന്നില്ല. പങ്കാളികൾ തമ്മിൽ വഴക്കുകളില്ല, വിശ്വാസവഞ്ചനയില്ല, പുറത്തുനിന്ന് കാണുമ്പോൾ ഗൗരവമായ പ്രശ്‌നങ്ങളുമില്ല. എന്നിട്ടും മനസ്സിൽ എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നാം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും പരസ്പരം സംസാരിക്കാൻ വിഷയങ്ങളില്ലാത്ത അവസ്ഥ. ദിവസത്തെ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ഉള്ളിലെ വിഷമങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കാൻ കഴിയാത്ത സാഹചര്യം. പങ്കാളി അടുത്തുണ്ടെങ്കിലും മാനസികമായി താൻ തനിച്ചാണെന്ന തോന്നൽ. ഇതാണ് വൈകാരികമായ അകൽച്ചയുടെ പ്രധാന അനുഭവങ്ങളിലൊന്ന്.ഇത്തരം അകൽച്ച ഒരു ദിവസംകൊണ്ട് രൂപപ്പെടുന്നതല്ലെന്ന് ഡോ. ചന്ദ്രിമ പറയുന്നു. ചെറിയ മാറ്റങ്ങളിലൂടെയാണ് പലപ്പോഴും ഇത് ആരംഭിക്കുന്നത്. തുടക്കത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഈ മാറ്റങ്ങൾ കാലക്രമേണ ബന്ധത്തിലെ അടുപ്പത്തെ ബാധിച്ചേക്കാം.

വീട്ടുകാര്യങ്ങൾ മാത്രം സംസാരിക്കുന്ന ദമ്പതികൾ

ബന്ധത്തിന്റെ ആദ്യകാലത്ത് മണിക്കൂറുകളോളം സംസാരിച്ചിരുന്നവർ പിന്നീട് വീട്ടിലെ ആവശ്യങ്ങൾ, ജോലിസമയം, കുട്ടികളുടെ കാര്യങ്ങൾ, കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ച് മാത്രം സംസാരിക്കുന്നവരായി മാറിയേക്കാം. കുട്ടികളെ സ്‌കൂളിൽനിന്ന് കൊണ്ടുവരണം', 'നാളെ എന്താണ് വാങ്ങേണ്ടത്?', 'ഓഫീസിൽ എപ്പോൾ എത്തും?' തുടങ്ങിയ സംഭാഷണങ്ങൾക്കിടയിൽ പരസ്പരം മനസ്സിലുള്ളത് അറിയാനുള്ള സമയം ഇല്ലാതാകുന്നു. ജോലിത്തിരക്കും ഉത്തരവാദിത്വങ്ങളും കാരണം പങ്കാളികൾക്ക് സ്വന്തം പേടികൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ദിവസേനയുണ്ടാകുന്ന ചെറിയ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവയ്ക്കാൻ കഴിയാതെ വരാം.

താൻ പറയുന്നത് കേൾക്കാൻ പങ്കാളിക്ക് സമയമില്ലെന്നോ പറഞ്ഞാലും മനസ്സിലാക്കില്ലെന്നോ ഒരാൾക്ക് തോന്നിത്തുടങ്ങാം. അതോടെ കാര്യങ്ങൾ തുറന്നുപറയുന്നതുതന്നെ കുറയുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം പതിവുപോലെ മുന്നോട്ടുപോകുന്നുണ്ടാകും. എന്നാൽ വൈകാരികമായ അടുപ്പം പതിയെ കുറഞ്ഞുകൊണ്ടിരിക്കാം.

കേൾക്കുന്നതും മനസ്സിലാക്കുന്നതും രണ്ടാണ്

പങ്കാളികൾക്കിടയിലെ ഏകാന്തതയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന്, ഒരാളുടെ വാക്കുകൾ കേൾക്കുന്നതും അയാളുടെ വികാരങ്ങൾ മനസ്സിലാക്കുന്നതും തമ്മിലുള്ള വ്യത്യാസമാണെന്ന് ഡോ. ചന്ദ്രിമ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ജോലിസ്ഥലത്തെ ഒരു പ്രശ്‌നത്തെക്കുറിച്ച് ഒരാൾ പങ്കാളിയോട് പറയുകയാണ്. പങ്കാളി അത് കേൾക്കുന്നുണ്ടാകാം. എന്നാൽ ആ പ്രശ്‌നം അയാളെ എത്രത്തോളം വിഷമിപ്പിക്കുന്നുവെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ സംസാരിച്ച വ്യക്തിക്ക് ആശ്വാസം ലഭിക്കണമെന്നില്ല. ചിലപ്പോൾ പ്രശ്‌നത്തിന് ഉടൻ പരിഹാരം നിർദേശിക്കുന്നതിലേക്കോ 'ഇതൊന്നും വലിയ കാര്യമല്ല' എന്ന് പറഞ്ഞ് വിഷയം അവസാനിപ്പിക്കുന്നതിലേക്കോ സംഭാഷണം മാറാം. എന്നാൽ വിഷമം അനുഭവിക്കുന്നയാൾക്ക് വേണ്ടത് പരിഹാരത്തേക്കാൾ തന്റെ വികാരങ്ങളെ പങ്കാളി മനസ്സിലാക്കുന്നുവെന്ന ഉറപ്പായിരിക്കാം. വാക്കുകൾ കേൾക്കുന്ന ഒരാളുണ്ടെന്നതും മനസ്സുകൊണ്ട് കൂടെയുണ്ടെന്ന് അനുഭവപ്പെടുന്നതും ഒരുപോലെയല്ല. വികാരപരമായ ആവശ്യങ്ങൾ തുടർച്ചയായി നിറവേറാതെ വരുമ്പോൾ പങ്കാളിയുടെ അരികിലിരുന്നുകൊണ്ടുതന്നെ ഒരാൾക്ക് ഏകാന്തത അനുഭവപ്പെടാം.

വിഷമങ്ങൾ അവഗണിക്കുന്നതും സംസാരിക്കാതിരിക്കുന്നതും

ബന്ധത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. വഴക്കുണ്ടാകുമെന്ന ഭയത്താലോ പങ്കാളിയെ വേദനിപ്പിക്കാതിരിക്കാനോ ചിലർ സ്വന്തം വിഷമങ്ങൾ ഉള്ളിലൊതുക്കുന്നു.

മറ്റുചിലർ പങ്കാളി പറയുന്ന കാര്യങ്ങളെ നിസ്സാരമായി കാണുകയോ പ്രധാനപ്പെട്ട സംഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യാം. ഇങ്ങനെ പ്രശ്‌നങ്ങൾ തുറന്നുപറയാതെ പോകുമ്പോൾ അവ പരിഹരിക്കപ്പെടണമെന്നില്ല. പകരം, ഒരാൾക്ക് തന്റെ വികാരങ്ങൾ ഈ ബന്ധത്തിൽ പ്രധാനമല്ലെന്ന തോന്നൽ രൂപപ്പെടാം. പരസ്പരം മനസ്സിലാക്കാനുള്ള ശ്രമം കുറയുകയും പങ്കാളിയുടെ സാന്നിധ്യം സ്വാഭാവികമായി എടുത്തുതുടങ്ങുകയും ചെയ്യുമ്പോൾ അകൽച്ച വർധിക്കാം. വലിയ വഴക്കുകളില്ലാത്തത് നല്ല ബന്ധത്തിന്റെ ഒരു സൂചനയായിരിക്കാം. എന്നാൽ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും തുറന്നുപറയാൻ കഴിയാത്തതുകൊണ്ടാണ് വഴക്കുകളില്ലാത്തതെങ്കിൽ, ആ നിശ്ശബ്ദത ബന്ധത്തിലെ പ്രശ്‌നങ്ങൾ മറച്ചുവയ്ക്കുന്നുണ്ടാകാം.

സംസാരിച്ചാൽ വഴക്കോ നിശ്ശബ്ദതയോ ആകുന്നുണ്ടോ?

ഓരോ സംഭാഷണവും വേദനയിലോ വഴക്കിലോ നിശ്ശബ്ദതയിലോ അവസാനിക്കുന്നുണ്ടെങ്കിൽ പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളിൽ ദമ്പതികൾക്കായുള്ള കൗൺസലിങ് സഹായകരമായേക്കാമെന്ന് ഡോ. ചന്ദ്രിമ പറയുന്നു. സുരക്ഷിതമായ അന്തരീക്ഷത്തിൽ പരസ്പരമുള്ള ആശങ്കകളും ബന്ധത്തിലെ പ്രശ്‌നങ്ങളും തുറന്നുപറയാനും അവയുടെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനും ഇതിലൂടെ അവസരം ലഭിക്കും. കൗൺസലിങ് തേടുന്നത് ബന്ധം പരാജയപ്പെട്ടുവെന്നതിന്റെ തെളിവല്ല. മറിച്ച്, പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ സഹായം തേടാനുള്ള ഒരു മാർഗമാണ്.

സന്തോഷകരമായ ദാമ്പത്യം എന്നത് വഴക്കുകളില്ലാത്ത ജീവിതം മാത്രമല്ല

ദാമ്പത്യത്തിൽ സ്‌നേഹവും പ്രതിബദ്ധതയും പ്രധാനമാണ്. എന്നാൽ അതിനൊപ്പം പരസ്പരം അറിയാനുള്ള താൽപര്യവും ദുർബലതകൾ തുറന്നുപറയാനുള്ള ധൈര്യവും ഒരുമിച്ച് വളരാനുള്ള മനസ്സും ആവശ്യമാണ്. കാലം മാറുന്നതിനനുസരിച്ച് മനുഷ്യരുടെ ആഗ്രഹങ്ങളും ആശങ്കകളും മുൻഗണനകളും മാറും. അതുകൊണ്ടുതന്നെ വിവാഹത്തിന്റെ ആദ്യകാലത്ത് പരസ്പരം മനസ്സിലാക്കിയിരുന്നുവെന്നതുകൊണ്ട് മാത്രം ആ അടുപ്പം ജീവിതകാലം മുഴുവൻ നിലനിൽക്കണമെന്നില്ല. പങ്കാളിയെ വീണ്ടും വീണ്ടും അറിയാൻ ശ്രമിക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ളവർക്ക് ദാമ്പത്യം എത്ര മനോഹരമായി തോന്നുന്നു എന്നതിലുപരി, ആ ബന്ധത്തിനുള്ളിൽ ഇരുവരും എത്രത്തോളം മനസ്സിലാക്കപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പ്രധാനം.

വീണ്ടും വൈകാരിക അടുപ്പം വളർത്താൻ എന്തുചെയ്യാം?പങ്കാളികൾക്കിടയിലെ അടുപ്പം വീണ്ടെടുക്കാൻ വലിയ മാറ്റങ്ങളോ ആഡംബരപൂർണമായ യാത്രകളോ ആവശ്യമില്ല. പതിവുജീവിതത്തിലെ ചെറിയ കാര്യങ്ങളിൽനിന്ന് തുടങ്ങാമെന്നാണ് വിദഗ്ധയുടെ നിർദേശം.

*തുറന്നുപറയാൻ സമയം കണ്ടെത്തുക

വീട്ടുകാര്യങ്ങളും ഉത്തരവാദിത്തങ്ങളും മാത്രമല്ല, മനസ്സിലുള്ള കാര്യങ്ങളും സംസാരിക്കാൻ സമയം മാറ്റിവയ്ക്കുക. ജോലിയിലെ സമ്മർദം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, സന്തോഷം നൽകിയ ചെറിയ അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കാം.

*പങ്കാളിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക

പങ്കാളി വിഷമം പറയുമ്പോൾ ഉടൻ ഉപദേശം നൽകാനോ പ്രശ്‌നം പരിഹരിക്കാനോ ശ്രമിക്കേണ്ടതില്ല. ആദ്യം അവരുടെ അനുഭവം മനസ്സിലാക്കാൻ ശ്രമിക്കുക. ഇടയ്ക്ക് തടസ്സപ്പെടുത്താതെ കേൾക്കുന്നതുതന്നെ വലിയ മാറ്റമുണ്ടാക്കാം.

* ചോദ്യങ്ങൾ ചോദിക്കുക

'ഇന്ന് ദിവസം എങ്ങനെയുണ്ടായിരുന്നു?' എന്ന പതിവുചോദ്യത്തിനപ്പുറം, 'ആ കാര്യം നിന്നെ വിഷമിപ്പിച്ചോ?', 'ഇപ്പോൾ നിനക്ക് ഏറ്റവും ആവശ്യമുള്ളത് എന്താണ്?' തുടങ്ങിയ ചോദ്യങ്ങൾ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

*നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുക

പങ്കാളി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. കുടുംബത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ സ്വാഭാവികമായ കടമയായി മാത്രം കാണാതെ അതിനുള്ള നന്ദി അറിയിക്കുക.

* ഫോണുകൾ മാറ്റിവച്ച് ഒരുമിച്ച് സമയം ചെലവഴിക്കുക

ഒരുമിച്ചിരിക്കുമ്പോഴും ഇരുവരും ഫോണിൽ മുഴുകിയിരിക്കുകയാണെങ്കിൽ സംസാരത്തിനുള്ള അവസരങ്ങൾ കുറയാം. ദിവസവും കുറച്ചുസമയം ഫോണുകളും മറ്റ് ശ്രദ്ധതിരിക്കുന്ന കാര്യങ്ങളും മാറ്റിവച്ച് പരസ്പരം സംസാരിക്കാൻ ശ്രമിക്കാം.

Content Highlights: A marriage without fights can still suffer from silent emotional loneliness and detachment., Conversations often shrink to just household chores and responsibilities, losing emotional depth., Feeling heard is different from feeling truly understood by your partner., Rebuilding intimacy requires dedicated time, active listening, and open communication without distractions.