ആറ് വർഷത്തെ പ്രണയാഭ്യൂഹങ്ങൾ; വേർപിരിഞ്ഞിട്ടും സൗഹൃദം ബാക്കി, ടൈഗറിന്റെ വീട്ടിലെത്തിയ ദിഷ പഠാണി

tiger and disha patani|AFP,PTI
tiger and disha patani|AFP,PTI

മുംബൈയിൽ ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പുണ്ടായ സംഭവത്തിന് പിന്നാലെ താരത്തെ കാണാൻ വീട്ടിലെത്തി നടി ദിഷ പഠാണി. ഞായറാഴ്ച രാത്രി ജുഹുവിലാണ് സംഭവം നടന്നത്. വെടിവയ്പ് നടന്ന് മണിക്കൂറുകൾക്കുള്ളിൽ ടൈഗറിന്റെ വീട്ടിലെത്തിയ ദിഷയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തയായ നിലയിൽ ഫോട്ടോഗ്രാഫർമാരെ ശ്രദ്ധിക്കാതെ വീട്ടിലേക്ക് വേഗത്തിൽ കയറിപ്പോകുന്ന ദിഷയെയാണ് വീഡിയോകളിൽ കാണുന്നത്. ബോളിവുഡിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളിലൊന്നായിരുന്നു ടൈഗർ ഷ്രോഫും ദിഷ പഠാണിയും. ഒരുമിച്ചുള്ള യാത്രകൾ, അത്താഴവിരുന്നുകൾ, സിനിമകളും സംഗീത വിഡിയോകളും ഇവയെല്ലാം ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി നൽകിയിരുന്നു.

ഞായറാഴ്ച ജുഹുവിലെ പുഷ്പ പാർക്കിലുള്ള ഫുട്‌ബോൾ ക്ലബിൽ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു ടൈഗർ ഷ്രോഫ്. ഈ സമയത്ത് ബൈക്കിലെത്തിയ മൂന്ന് അക്രമികൾ താരത്തിന്റെ കാറിന് നേരെ കുറഞ്ഞത് അഞ്ച് റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ ടൈഗറിന്റെ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും പരുക്കേറ്റു. ഡ്രൈവർക്ക് പരുക്കേറ്റതോടെ ടൈഗർ തന്നെ കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് മുന്നോട്ടുപോയി.

വെടിവയ്പിന് പിന്നാലെ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്ന അനിൽ പണ്ഡിറ്റും ഹർമൻ സന്ധുവും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടിലുണ്ട്.

അതോടെ ദിഷയും ടൈഗറും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഒരുകാലത്ത് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന താരങ്ങളാണ് ദിഷ ദിഷ പഠാണിയും ടൈഗർ ഷ്രോഫും. എന്നാൽ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.

ഒരുമിച്ച് മ്യൂസിക് വീഡിയോയിൽ

2016-ലാണ് ടൈഗറും ദിഷയും ഒരുമിച്ച് മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ബെഫിക്ര എന്ന സംഗീത വീഡിയോയിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തത് അവരുടെ കെമിസ്ട്രിയായിരുന്നു. സ്‌ക്രീനിലെ അടുപ്പം യഥാർഥ ജീവിതത്തിലും പ്രണയമാണോ എന്ന ചോദ്യങ്ങൾ പിന്നാലെ ഉയർന്നു. ഒരുമിച്ചുള്ള ചിത്രങ്ങളും പൊതുപരിപാടികളിലെ സാന്നിധ്യവും ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ഇന്ധനമായി.പിന്നീട് 2018-ൽ പുറത്തിറങ്ങിയ ബാഗി 2 എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. സിനിമയുടെ പ്രചാരണത്തിനിടയിലും ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അപ്പോഴും തങ്ങൾ പ്രണയത്തിലാണെന്ന് തുറന്നുപറയാൻ ഇരുവരും തയ്യാറായില്ല. ജിമ്മും ഫിറ്റ്‌നസും യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ടൈഗറും ദിഷയും. ഒരുമിച്ചുള്ള അത്താഴവിരുന്നുകളിലും യാത്രകളിലും ഇരുവരെയും പലതവണ കണ്ടതോടെ ആരാധകർക്ക് സംശയം കൂടി. മാലദ്വീപിലേക്കുള്ള യാത്രയെക്കുറിച്ചുള്ള റിപ്പോർട്ടുകളും താരങ്ങളുടെ ചിത്രങ്ങളും വാർത്തകളിൽ ഇടംപിടിച്ചു.

എന്നാൽ ഈ അടുപ്പത്തെക്കുറിച്ച് ഇരുവരും നൽകിയ മറുപടികൾ പലപ്പോഴും സൗഹൃദത്തെക്കുറിച്ചായിരുന്നു. ഒരുമിച്ച് സമയം ചെലവഴിക്കുന്നതുകൊണ്ട് മാത്രം പ്രണയബന്ധമാണെന്ന് പറയാനാകില്ലെന്നായിരുന്നു ടൈഗറിന്റെ നിലപാട്. ദിഷയുമായുള്ള സൗഹൃദം തനിക്ക് ഇഷ്ടമാണെന്നും കരിയറിന്റെ തിരക്കുകൾക്കിടയിൽ പ്രണയബന്ധത്തിന് സമയം കണ്ടെത്തുക എളുപ്പമല്ലെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

2019-ലെ ഒരു അഭിമുഖത്തിൽ ടൈഗറിനെക്കുറിച്ച് ദിഷ പറഞ്ഞ കാര്യങ്ങൾ പിന്നീട് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളിൽ വീണ്ടും ഉയർന്നുവന്നു. ടൈഗർ ഫിറ്റ്‌നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണെന്നും അതിൽ തനിക്ക് വലിയ മതിപ്പുണ്ടെന്നും ദിഷ പറഞ്ഞിരുന്നു. ടൈഗറിനെ ആകർഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പ്രണയബന്ധത്തിലേക്കുള്ള നീക്കം ഉണ്ടായിട്ടില്ലെന്നും ദിഷ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

2022-ലാണ് ടൈഗറും ദിഷയും വേർപിരിഞ്ഞെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. ആറു വർഷത്തോളം നീണ്ട പ്രണയബന്ധത്തിന് ഇരുവരും വിരാമമിട്ടെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് ഇരുവരും ഒരിക്കലും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലാത്തതിനാൽ വേർപിരിയലിനെക്കുറിച്ചും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.അതേസമയം, ഇരുവരും ഒരുമിച്ചുള്ള പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ കൂട്ടായ്മകളിലും പ്രത്യക്ഷപ്പെടുന്നത് തുടർന്നു. അതോടെ വേർപിരിഞ്ഞെങ്കിലും സൗഹൃദം നിലനിർത്തുകയാണെന്ന വിലയിരുത്തലുകളും ഉയർന്നു.

ടൈഗറിന്റെ മറുപടി

ടൈഗറും ദിഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ചയായ അഭിമുഖങ്ങളിലൊന്നായിരുന്നു കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 7 എന്ന ചാറ്റ് ഷോയിലെ ടൈഗറിന്റെ പ്രതികരണം.ദിഷയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന്, തങ്ങൾ എപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഇപ്പോഴും അങ്ങനെ തന്നെയാണെന്നുമായിരുന്നു ടൈഗറിന്റെ മറുപടി. താൻ സിംഗിളാണോ എന്ന് കരൺ ചോദിച്ചപ്പോൾ, ''അതെ, അങ്ങനെയാണെന്ന് തോന്നുന്നു'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വർഷങ്ങളായി പ്രചരിച്ചിരുന്ന പ്രണയവാർത്തകൾക്കിടയിലും ടൈഗർ നൽകിയ ഈ മറുപടി ശ്രദ്ധ നേടി. ബന്ധത്തെക്കുറിച്ച് തുറന്നുപറയാതെ സൗഹൃദം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു താരം.

Content Highlights: Disha Patani visited Tiger Shroff's house following a shooting incident targeting his car in Mumbai., Gunmen on a bike fired at Tiger Shroff's car in Juhu, injuring his driver and an autorickshaw driver., Tiger and Disha share a history of rumored dating for six years before parting ways while maintaining friendship., Lawrence Bishnoi gang associates reportedly claimed responsibility for the shooting attack.