ബ്രേക്കപ്പിന് പിന്നാലെ ഹെയർകട്ട്; മുടി മുറിക്കാനുള്ള തോന്നലിന് പിന്നിലെ രഹസ്യമെന്ത്?

#ലൈഫ് സ്റ്റൈല്‍ ഡെസ്‌ക്
representative image|photo:canva
representative image|photo:canva

ബ്രേക്കപ്പ് പ്രിയപ്പെട്ടവരുടെ മരണം, കരിയറിലെ തിരിച്ചടികൾ... ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ നേരിടുമ്പോൾ ചിലർ ആദ്യം ചെയ്യുന്നത് ഹെയർ കട്ട് ചെയ്ത് പുതിയൊരു ലുക്കിലേക്ക് മാറുക എന്നതാണ്. വെറുമൊരു സൗന്ദര്യപരമായ മാറ്റമാണോ ഇത്? അതോ മനസ്സിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ പ്രതിഫലനമോ? ഇതിന് പിന്നിൽ ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ വലിയൊരു തിരിച്ചടി നേരിടുമ്പോൾ എല്ലാം പെട്ടെന്ന് നിശ്ശബ്ദമാകുന്നതുപോലെ തോന്നാം. ഫോൺവിളികൾ കുറയുന്നു, വീടും ചുറ്റുപാടുകളും വ്യക്തിയും തന്നെ മാറിയതുപോലെ അനുഭവപ്പെടുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു ദിവസം പെട്ടെന്ന് സലൂണിലെത്തി മുടി വെട്ടി പുതിയൊരു രൂപത്തിൽ പുറത്തുവരുന്നവരുണ്ട്. ബോളിവുഡ് സിനിമകളിലും ഇത്തരം രംഗങ്ങൾ പലപ്പോഴും കാണാം. നീളമുള്ള മുടിയുള്ള നായിക മുടി ഓരോന്നായി മുറിച്ചുകളയുന്നതോടെ കഥ പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുന്നു. എന്നാൽ ഇത് സിനിമകളിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. യഥാർഥ ജീവിതത്തിലും പലരും ഇത്തരമൊരു മാറ്റം തിരഞ്ഞെടുക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

also read : 44-ാം വയസിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി ആൻ ഹാത്വേ; സന്തോഷവാർത്തയുമായി ഭർത്താവ്

ജീവിതം മാറുമ്പോൾ പുതിയൊരു തുടക്കം 

ജീവിതത്തിൽ പെട്ടെന്നൊരു മാറ്റമുണ്ടാകുമ്പോൾ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റങ്ങളുണ്ടാകാം. പഴയതുപോലെ താനല്ല ഇപ്പോൾ എന്ന തോന്നൽ ചിലരിൽ ശക്തമാകാം.2013-ൽ 'sage open' പ്രസിദ്ധീകരിച്ച പഠനത്തിൽ 128 മുതിർന്നവരെയാണ് ഗവേഷകർ ഉൾപ്പെടുത്തിയത്. സമ്മർദമുണ്ടാക്കുന്ന ജീവിതാനുഭവങ്ങളും വ്യക്തികൾ അവരുടെ ബാഹ്യരൂപത്തിൽ വരുത്തുന്ന മാറ്റങ്ങളും തമ്മിലുള്ള ബന്ധമാണ് പഠനം പരിശോധിച്ചത്. ജീവിതത്തിലെ സമ്മർദപൂർണമായ സംഭവങ്ങൾ സ്വന്തം രൂപത്തിൽ മാറ്റം വരുത്താൻ ചിലരെ പ്രേരിപ്പിക്കാമെന്നും അതിലൂടെ സ്വയം കുറച്ചുകൂടി ആത്മവിശ്വാസത്തോടെ കാണാൻ അവർ ശ്രമിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. സ്വന്തം രൂപത്തിൽ മനഃപൂർവം മാറ്റം വരുത്തുന്നതിലൂടെ മറ്റുള്ളവരിൽനിന്ന് മാത്രമല്ല, പഴയ സ്വത്വത്തിൽനിന്നുപോലും വേറിട്ടൊരു വ്യക്തിത്വം സൃഷ്ടിക്കാനാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. അതായത്, പുതിയൊരു ഹെയർസ്‌റ്റൈൽ ചിലപ്പോൾ വാക്കുകളില്ലാതെ പറയുന്ന ഒരു സന്ദേശമായിരിക്കാം: 'ഞാൻ പഴയ വ്യക്തിയല്ല.'

പ്രണയബന്ധത്തിലെ വേർപിരിയലും ഹെയർകട്ടും

വേർപിരിയലിന് ശേഷമുള്ള മാനസികാവസ്ഥ ഇതിന് വ്യക്തമായൊരു ഉദാഹരണമാണ്. 2010-ൽ 'Personality and Social Psychology Bulletin' പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രണയബന്ധം അവസാനിക്കുമ്പോൾ വ്യക്തികൾ സ്വന്തം സ്വത്വത്തെ എങ്ങനെ കാണുന്നു എന്നതാണ് മനഃശാസ്ത്രജ്ഞർ പരിശോധിച്ചത്. ഒരു ബന്ധം അവസാനിക്കുമ്പോൾ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണയിൽ മാറ്റമുണ്ടാകാമെന്നും ചിലപ്പോൾ താൻ ആരാണെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകാമെന്നും പഠനം കണ്ടെത്തി. ഒരു വ്യക്തിയുടെ ജീവിതത്തിലും സ്വത്വബോധത്തിലും പങ്കാളിക്ക് വലിയ സ്ഥാനമുണ്ടായിരുന്നെങ്കിൽ ബന്ധം അവസാനിക്കുമ്പോൾ ആ വ്യക്തിയെക്കൂടി സ്വന്തം ജീവിതത്തിൽനിന്ന് വേർതിരിച്ചറിയേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ പുതിയൊരു തുടക്കം ദൃശ്യമായി അടയാളപ്പെടുത്താൻ ചിലർ ആഗ്രഹിച്ചേക്കാം.പുതിയ ഹെയർസ്‌റ്റൈൽ അതിനുള്ള ഒരു മാർഗമായി മാറുന്നു. ഓരോ ദിവസവും കണ്ണാടിയിൽ കാണുന്ന പുതിയ രൂപം ജീവിതത്തിൽ സംഭവിച്ച മാറ്റത്തെ ഓർമിപ്പിക്കുകയും പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്ന തോന്നൽ നൽകുകയും ചെയ്യാം.

മുടി തന്നെ എന്തുകൊണ്ട് മാറ്റുന്നു?

ഒരാളെ കാണുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളിലൊന്നാണ് മുടി. അതുകൊണ്ടുതന്നെ സ്വന്തം രൂപത്തിൽ പെട്ടെന്ന് മാറ്റം വരുത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നാണ് ഹെയർകട്ട്. ഇതിനൊപ്പം നിയന്ത്രണബോധവും പ്രധാനമാണ്. ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെയോ ചില തിരിച്ചടികളെയോ നമുക്ക് മാറ്റാനാകില്ല. എന്നാൽ സ്വന്തം രൂപത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും. അങ്ങനെ ചെറിയൊരു കാര്യത്തിലെങ്കിലും നിയന്ത്രണം തിരിച്ചുപിടിക്കുന്നത് മാനസികമായി ആശ്വാസം നൽകാം. മുടി മുറിക്കുന്നത് വേദനയ്ക്കുള്ള പരിഹാരമല്ല. സംഭവിച്ച നഷ്ടങ്ങളെയോ വിഷമങ്ങളെയോ അതിലൂടെ ഇല്ലാതാക്കാനും കഴിയില്ല. എന്നാൽ സ്വന്തം ജീവിതത്തിൽ ഒരു ചെറിയ മാറ്റം വരുത്തിയെന്ന തോന്നൽ നൽകാൻ അതിന് സാധിക്കും.ചിലപ്പോൾ ഒരു പുതിയ ഹെയർകട്ട് വെറുമൊരു സൗന്ദര്യപരമായ പരീക്ഷണമല്ല. പഴയൊരു അധ്യായം അവസാനിപ്പിച്ച് പുതിയൊരു ജീവിതഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പ്രകടമായ അടയാളം കൂടിയാകും.

Content Highlights: Haircuts after a breakup or crisis serve as a physical symbol of a fresh start., Studies show stressful life events drive people to alter their physical appearance for a boost in confidence., Changing hair helps individuals regain a sense of personal control when life feels unpredictable., A new hairstyle acts as a visual statement that 'I am not the same person anymore'.