എട്ട്‌ മണിക്കൂർ ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലേ? 'സ്‌ട്രെസ് സ്ലീപ്‌' എന്താണെന്നറിയാം

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മ ചിത്രം | Canva
പ്രതീകാത്മ ചിത്രം | Canva

രാത്രി എട്ടു മണിക്കൂർ കൃത്യമായി ഉറങ്ങിയിട്ടും രാവിലെ ഉണരുമ്പോൾ കടുത്ത തളർച്ചയും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? അല്ലെങ്കിൽ വികാരങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ അമിതമായി ഉറങ്ങാൻ തോന്നുണ്ടോ? ഔദ്യോഗിക നാമമല്ലെങ്കിലും ഈ അവസ്ഥയെ ‘സ്‌ട്രെസ് സ്ലീപ്‌’ എന്നാണ് വിശേഷിപ്പിക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദം നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ശാരീരികക്ഷമതയെയും എങ്ങനെ ബാധിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഈ ഉറക്കം.

കട്ടിലിൽ ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണവും ശരീരം നേടുന്ന വിശ്രമവും രണ്ടും രണ്ടാണ്. മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകൾ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നാഡീവ്യൂഹത്തെ നിരന്തരം ഉത്തേജിപ്പിച്ചു നിർത്തുകയും ശരീരം ആഴത്തിലുള്ള ഉറക്കത്തിലേക്ക് കടക്കുന്നത് തടയുകയും ചെയ്യുന്നു. ഉറക്കം തടസ്സപ്പെടുന്ന കാരണം എട്ടു മണിക്കൂർ കിടന്നാലും രാവിലെ ശരീരം തളർന്ന അവസ്ഥയിലായിരിക്കും.

ഉറക്കത്തിന്റെ ഗുണനിലവാരം കുറയുമ്പോൾ അത് പിറ്റേന്നത്തെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറക്കുകയും നിസ്സാരകാര്യങ്ങളിൽപോലും ക്ഷമ നശിക്കുകയും ചെയ്യുന്നു. ചെറിയ തെറ്റിദ്ധാരണകൾ പോലും വലിയ തർക്കങ്ങളിലേക്ക് വഴിമാറ്റുന്ന അവസ്ഥയിലേക്ക് മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും എത്തിക്കും. ചില ആളുകൾ വൈകാരികമായ വിഷമങ്ങളിൽനിന്നും ചിന്തകളിൽനിന്നും താത്കാലികമായി ഓടിയൊളിക്കാൻ അമിതമായി ഉറങ്ങാൻ ശ്രമിക്കാറുണ്ട്.

ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. രാവിലെയുള്ള വെയിൽ കൊള്ളുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ ക്രമീകരിക്കും. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങളും നാളത്തെ പ്ലാനുകളും ഒരു ഡയറിയിൽ എഴുതിവെക്കുക. ഇത് ചിന്തകളുടെ ആധിക്യം കുറയ്ക്കും. യോഗ, ധ്യാനം, ശാന്തമായ ശ്വസനവ്യായാമങ്ങൾ എന്നിവ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ശീലമാക്കുക. സ്‌ട്രെസ്സിന് കാരണമാകുന്ന പ്രശ്‌നങ്ങളിൽനിന്ന് ഓടിയൊളിക്കാൻ ഉറക്കത്തെ ഉപയോഗിക്കാതെ, പ്രശ്‌നങ്ങൾ തുറന്നു സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക.

Content Highlights: Stress sleep affects sleep quality and daily life, causing fatigue and emotional imbalance despite adequate rest. Learn how to manage stress effectively.