എപ്പോഴും പോസിറ്റീവായിരിക്കൂ' എന്ന് പറയാറുണ്ടോ? ഇത് ബന്ധങ്ങളെ തകർത്തേക്കാം

representative image|photo:canva
representative image|photo:canva

വിഷമിച്ചിരിക്കുന്ന ഒരാളോട് 'എല്ലാം നല്ലതിനാണ്', 'പോസിറ്റീവായിരിക്കൂ 'ഇതിലും വലിയ പ്രശ്‌നങ്ങളുള്ളവർ എത്രയോ പേരുണ്ട്' എന്നൊക്കെ പറയുന്നത് ആശ്വാസം നൽകാനായിരിക്കും. എന്നാൽ ഇത്തരം വാക്കുകൾ ചിലപ്പോൾ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ടോക്‌സിക് പോസിറ്റിവിറ്റി എന്നറിയപ്പെടുന്ന ഈ സമീപനം പ്രണയബന്ധങ്ങളിലും സൗഹൃദങ്ങളിലും കുടുംബബന്ധങ്ങളിലും അകൽച്ച സൃഷ്ടിക്കാമെന്ന് തെറാപ്പിസ്റ്റ് ജെഫ്രി മെൽറ്റ്‌സർ പറയുന്നു.

ഒരു സുഹൃത്ത് വലിയ വിഷമത്തോടെ നിങ്ങളെ വിളിക്കുന്നുവെന്ന് കരുതുക. ജോലിസ്ഥലത്തെ പ്രശ്‌നങ്ങളോ വീട്ടിലെ വഴക്കോ പ്രണയബന്ധത്തിലെ ബുദ്ധിമുട്ടുകളോ ആയിരിക്കാം കാരണം. അവർ പറയുന്നതു കേട്ടയുടൻ നിങ്ങൾ മറുപടി നൽകുന്നു: 'ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ല. പോസിറ്റീവായി ചിന്തിക്കാൻ നോക്കൂ. എല്ലാം ശരിയാകും. എന്നാൽ ഈ മറുപടിയിൽ നിങ്ങളുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. സുഹൃത്തിന്റെ വിഷമം കുറയ്ക്കാനും പ്രതീക്ഷ നൽകാനുമാണ് ശ്രമിക്കുന്നത്. പക്ഷേ ആ സുഹൃത്തിന് യഥാർഥത്തിൽ വേണ്ടിയിരുന്നത് ഒരു ഉപദേശമായിരുന്നില്ലെങ്കിലോ? സ്വന്തം വിഷമം ആരോടെങ്കിലും തുറന്നുപറയാനും അത് മനസ്സിലാക്കുന്ന ഒരാൾ കൂടെയുണ്ടെന്ന് അറിയാനുമായിരുന്നെങ്കിലോ?ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധിതമായ പോസിറ്റീവ് ചിന്തകൾ ആശ്വാസത്തിന് പകരം വേദനയും ഒറ്റപ്പെടലും സൃഷ്ടിക്കാമെന്നാണ് തെറാപ്പിസ്റ്റായ ജെഫ്രി മെൽറ്റ്‌സർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ടോക്‌സിക് പോസിറ്റിവിറ്റിയെക്കുറിച്ച് വിശദീകരിച്ചത്.

എന്താണ് ടോക്‌സിക് പോസിറ്റിവിറ്റി?

ജീവിതത്തിൽ പോസിറ്റീവായ മനോഭാവം പുലർത്തുന്നത് നല്ല കാര്യമാണ്. പ്രയാസങ്ങളെ പ്രതീക്ഷയോടെ നേരിടാനും ആത്മവിശ്വാസം നിലനിർത്താനും അത് സഹായിക്കും. എന്നാൽ എല്ലാ സാഹചര്യങ്ങളിലും സന്തോഷത്തോടെ മാത്രമേ ഇരിക്കാവൂ എന്ന് നിർബന്ധിക്കുന്ന സമീപനം ആരോഗ്യകരമല്ല. വിഷമം, ദേഷ്യം, നിരാശ, ഭയം, സങ്കടം തുടങ്ങിയ വികാരങ്ങളെ അംഗീകരിക്കാതെ എല്ലാത്തിനും പോസിറ്റീവ് മറുപടി മാത്രം നൽകുന്നതാണ് ടോക്‌സിക് പോസിറ്റിവിറ്റി എന്നറിയപ്പെടുന്നത്. ഉദാഹരണത്തിന്, പരീക്ഷയിൽ പരാജയപ്പെട്ട ഒരു കുട്ടി വീട്ടിലെത്തി സങ്കടപ്പെടുമ്പോൾ 'അതൊന്നും സാരമില്ല, സന്തോഷമായിരിക്കൂ' എന്ന് മാത്രം പറയുന്നത് കുട്ടിയുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിന് തുല്യമല്ല.അതുപോലെ, ജോലി നഷ്ടപ്പെട്ട ഒരാൾ ഭാവിയെക്കുറിച്ചുള്ള ഭയം പങ്കുവയ്ക്കുമ്പോൾ 'മറ്റുള്ളവരുടെ അവസ്ഥ ഇതിലും കഷ്ടമാണ്' എന്ന മറുപടി നൽകുന്നതും അയാളുടെ ആശങ്കയെ ചെറുതാക്കി കാണിക്കുന്നതായി അനുഭവപ്പെടാം. നല്ല ഉദ്ദേശ്യത്തോടെ പറയുന്ന വാക്കുകളാണെങ്കിലും കേൾക്കുന്നയാൾക്ക് തന്റെ വികാരങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന തോന്നലുണ്ടാകാം.

വിഷമം പറഞ്ഞാലും കാര്യമില്ല

ടോക്‌സിക് പോസിറ്റിവിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അത് ആളുകളെ സ്വന്തം വികാരങ്ങൾ മറച്ചുവയ്ക്കാൻ പ്രേരിപ്പിക്കുമെന്നതാണ്. ഒരാൾ തന്റെ വിഷമം പങ്കുവയ്ക്കുമ്പോഴെല്ലാം മറുപടിയായി പോസിറ്റീവായി ചിന്തിക്കണമെന്ന ഉപദേശം മാത്രം ലഭിക്കുന്നുവെന്ന് കരുതുക. ആദ്യമൊക്കെ അവർ വീണ്ടും സംസാരിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ഓരോ തവണയും സ്വന്തം വികാരങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നിയാൽ പിന്നീട് തുറന്നുസംസാരിക്കുന്നത് കുറയ്ക്കാനിടയുണ്ട്. കാരണം, തന്റെ വിഷമം മറ്റൊരാൾ മനസ്സിലാക്കില്ലെന്ന പ്രതീക്ഷയിലേക്ക് ആ വ്യക്തി എത്തിച്ചേരാം.ഇത്തരം അനുഭവങ്ങൾ ആവർത്തിക്കുമ്പോൾ, ഏറ്റവും അടുപ്പമുള്ളവരോടുപോലും സത്യസന്ധമായി സംസാരിക്കാൻ മടിയുണ്ടാകാമെന്ന് ജെഫ്രി പറയുന്നു.സ്‌നേഹമുള്ളവർ ചുറ്റുമുണ്ടെങ്കിലും സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാൻ കഴിയാത്ത അവസ്ഥ വലിയ ഒറ്റപ്പെടലിന് കാരണമാകും.

'സുഖമാണോ?' എന്ന ചോദ്യത്തിന് എപ്പോഴും 'സുഖം' എന്ന് മറുപടി

ഒരാൾ നിങ്ങളോട് 'സുഖമാണോ?' എന്ന് ചോദിക്കുന്നു. യഥാർഥത്തിൽ ആ ദിവസം നിങ്ങൾക്ക് ഒട്ടും സന്തോഷമുണ്ടാകണമെന്നില്ല. എന്തെങ്കിലും പ്രശ്‌നം അലട്ടുന്നുണ്ടാകാം. എന്നാൽ അതൊന്നും പറയാതെ 'സുഖം' എന്ന് മാത്രം മറുപടി നൽകുന്നു. മുമ്പ് വിഷമങ്ങൾ പങ്കുവച്ചപ്പോൾ ലഭിച്ച പ്രതികരണങ്ങൾ കാരണം വീണ്ടും അതേ അനുഭവം ഉണ്ടാകരുതെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. വിഷമം പറഞ്ഞാൽ അതിനെ ഗൗരവമായി കാണില്ലെന്നോ ഉടൻ ഉപദേശങ്ങൾ നൽകുമെന്നോ ഉള്ള പ്രതീക്ഷ രൂപപ്പെട്ടാൽ സ്വന്തം വികാരങ്ങൾ മറച്ചുവയ്ക്കുന്നത് ഒരു ശീലമായി മാറാം.ഒരൊറ്റ സംഭാഷണം കൊണ്ട് ഇങ്ങനെ സംഭവിക്കണമെന്നില്ല. എന്നാൽ ആവർത്തിച്ച് വികാരങ്ങൾ അവഗണിക്കപ്പെടുന്നതായി അനുഭവപ്പെടുമ്പോൾ ആളുകൾ തുറന്നുപറയുന്നത് കുറയ്ക്കാമെന്നാണ് തെറാപ്പിസ്റ്റ് വിശദീകരിക്കുന്നത്.

പ്രണയബന്ധങ്ങളിൽ അകൽച്ചയുണ്ടാകുന്നത് എങ്ങനെ?

പ്രണയബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പരസ്പരം വികാരങ്ങൾ തുറന്നുപങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം. പങ്കാളിയോട് വിഷമങ്ങളും പേടികളും നിരാശകളും പറയാൻ കഴിയണം. അതിന് ഓരോ പ്രശ്‌നത്തിനും ഉടൻ പരിഹാരം കണ്ടെത്തണമെന്നില്ല. കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകുന്നതും പ്രധാനമാണ്. എന്നാൽ പങ്കാളികളിലൊരാൾ എപ്പോഴും പോസിറ്റീവായ മറുപടികൾ മാത്രം നൽകുന്നുവെന്ന് കരുതുക.'ഇത്രയും വിഷമിക്കേണ്ട കാര്യമുണ്ടോ?', 'നെഗറ്റീവായി ചിന്തിക്കാതിരിക്കൂ', 'നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കൂ' തുടങ്ങിയ വാക്കുകൾ ആവർത്തിക്കുമ്പോൾ മറ്റേയാൾ പതിയെ മനസ്സിലുള്ള കാര്യങ്ങൾ പറയാതായേക്കാം. പുറമേ വലിയ വഴക്കുകളൊന്നും ഇല്ലാതിരിക്കാം. ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ പ്രധാനപ്പെട്ട വികാരങ്ങൾ പങ്കുവയ്ക്കപ്പെടുന്നില്ലെങ്കിൽ വൈകാരിക അടുപ്പം കുറയാനുള്ള സാധ്യതയുണ്ട്. ഒരാളുടെ മുന്നിൽ സ്വന്തം വികാരങ്ങൾ മറച്ചുവയ്‌ക്കേണ്ടിവരുമ്പോൾ ആ വ്യക്തിയുമായി ആഴത്തിലുള്ള ബന്ധം അനുഭവപ്പെടുക ബുദ്ധിമുട്ടാകുമെന്ന് ജെഫ്രി ചൂണ്ടിക്കാട്ടുന്നു.

സുഹൃത്തുക്കളും മാതാപിതാക്കളും ശ്രദ്ധിക്കണം

ടോക്‌സിക് പോസിറ്റിവിറ്റി പ്രണയബന്ധങ്ങളിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. സുഹൃത്തുക്കൾക്കിടയിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും ഇത് കാണാം. കുട്ടികൾക്ക് വിഷമമുണ്ടാകുമ്പോൾ അവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിന് പകരം 'കരയരുത്', 'ഇതൊന്നും വലിയ കാര്യമല്ല' എന്നൊക്കെ ആവർത്തിച്ചാൽ കുട്ടികൾ പതിയെ പ്രശ്‌നങ്ങൾ പങ്കുവയ്ക്കാതായേക്കാം. അതുപോലെ ഒരു സുഹൃത്ത് തന്റെ പ്രയാസങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഉടൻ ഉപദേശങ്ങൾ നൽകുന്നതും ചിലപ്പോൾ അയാളെ മൗനത്തിലേക്ക് നയിക്കാം.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പോസിറ്റീവായി സംസാരിക്കുന്ന വ്യക്തിക്ക് മറ്റൊരാളെ വേദനിപ്പിക്കണമെന്ന ഉദ്ദേശ്യമുണ്ടാകണമെന്നില്ല എന്നതാണ്.മിക്കപ്പോഴും അവർ സഹായിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നല്ല ഉദ്ദേശ്യം മാത്രം ഉണ്ടായതുകൊണ്ട് ആ വാക്കുകൾ മറ്റൊരാൾക്ക് ആശ്വാസമാകണമെന്നില്ല.

വൈകാരിക അവഗണനയായി മാറാം

ടോക്‌സിക് പോസിറ്റിവിറ്റി ആവർത്തിക്കുമ്പോൾ അത് വൈകാരിക അവഗണനയുടെ ഒരു രൂപമായി മാറാമെന്നാണ് ജെഫ്രിയുടെ അഭിപ്രായം.ഒരാളുടെ വിഷമങ്ങൾ കേൾക്കുന്നതിനും അവയോട് പ്രതികരിക്കുന്നതിനും പകരം നിരന്തരം പോസിറ്റീവ് ഉപദേശങ്ങൾ മാത്രം നൽകുമ്പോഴാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടാകുന്നത്.എന്റെ വിഷമം ഇവിടെ പറയാൻ പറ്റില്ല', 'എന്റെ വികാരങ്ങൾ മറ്റൊരാൾക്ക് ബുദ്ധിമുട്ടാണ്' എന്ന തോന്നൽ ഒരാൾക്കുണ്ടാകാം.ഇത്തരമൊരു അനുഭവം ആവർത്തിക്കുമ്പോൾ പരസ്പര വിശ്വാസവും വൈകാരിക അടുപ്പവും ബാധിക്കപ്പെടാൻ സാധ്യതയുണ്ട്.എന്നാൽ ഒരിക്കൽ ആശ്വസിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടോ പോസിറ്റീവ് ഉപദേശം നൽകിയതുകൊണ്ടോ ഒരു ബന്ധം മോശമാണെന്ന് വിലയിരുത്താനാകില്ല. ഇത്തരം പ്രതികരണങ്ങൾ നിരന്തരം ആവർത്തിക്കുകയും മറ്റേയാളുടെ വികാരങ്ങൾക്ക് ഇടം നൽകാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നമാകുന്നത്.

വിഷമിക്കുന്നവരോട് എന്താണ് പറയേണ്ടത്?

ഒരാൾ വിഷമം പങ്കുവയ്ക്കുമ്പോൾ എല്ലായ്‌പ്പോഴും വലിയ ഉപദേശങ്ങൾ നൽകേണ്ടതില്ല. ആദ്യം അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ് വേണ്ടത്.നിനക്ക് വിഷമമുണ്ടെന്ന് മനസ്സിലാകുന്നുണ്ട്', 'ഇത് നിനക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലേ', 'നിനക്ക് സംസാരിക്കണമെങ്കിൽ ഞാൻ കേൾക്കാം' തുടങ്ങിയ പ്രതികരണങ്ങൾ ഒരാൾക്ക് തന്റെ വികാരങ്ങൾ അംഗീകരിക്കപ്പെടുന്നു എന്ന അനുഭവം നൽകാം.ആ വ്യക്തിക്ക് ഇപ്പോൾ ഉപദേശം വേണോ അതോ ആരെങ്കിലും കേൾക്കുന്നതാണോ ആവശ്യമെന്ന് ചോദിക്കുന്നതും സഹായകരമായിരിക്കും. ഒരാളുടെ വിഷമം അംഗീകരിക്കുന്നു എന്നതുകൊണ്ട് അയാൾ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കണമെന്നില്ല. അവരുടെ അനുഭവത്തെ ഗൗരവത്തോടെ കേൾക്കാൻ തയ്യാറാകുക എന്നതാണ് പ്രധാനം. പോസിറ്റീവായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ അതിന് മുമ്പ് ആ വ്യക്തിയുടെ വിഷമം മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിക്കണം.

എല്ലായ്‌പ്പോഴും സന്തോഷമായിരിക്കേണ്ടതില്ല

ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും മാത്രമല്ല, സങ്കടവും ദേഷ്യവും ഭയവും നിരാശയുമെല്ലാം സ്വാഭാവികമായ വികാരങ്ങളാണ്.എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന സമ്മർദം സൃഷ്ടിക്കുന്നതിനുപകരം എല്ലാ വികാരങ്ങളും സുരക്ഷിതമായി പ്രകടിപ്പിക്കാനുള്ള ഇടം ബന്ധങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ചിലപ്പോൾ പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടത് 'എല്ലാം ശരിയാകും' എന്ന ഉറപ്പല്ല. മറിച്ച്, 'നിനക്ക് വിഷമമുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നു' എന്ന് പറയുന്ന ഒരാളുടെ സാന്നിധ്യമാണ്.നല്ല ബന്ധങ്ങളിൽ പോസിറ്റീവ് ചിന്തകൾക്കൊപ്പം സങ്കടങ്ങൾക്കും ഇടമുണ്ടാകണമെന്നാണ് ് ജെഫ്രി മെൽറ്റ്‌സർ പങ്കുവയ്ക്കുന്നത്.

Content Highlights: Constant forced positivity can invalidate a person's real emotions and feelings., Toxic positivity in romantic relationships and friendships creates emotional distance and isolation., Well-meaning phrases like 'stay positive' often stop people from sharing their true struggles., Active listening and validating a loved one's sorrow is more effective than giving quick, positive advice.