ലെഹങ്കയണിഞ്ഞ് വധുവിന്റെ 100 കിലോ ഡെഡ്ലിഫ്റ്റ്,വിവാഹവേദിയിൽ പുൾ അപ്സും അമ്പരന്ന് സോഷ്യൽ മീഡിയ

വിവാഹദിനം ആഘോഷമാക്കാൻ ഓരോരുത്തർക്കും ഓരോ രീതികളുണ്ട്. ചിലർ നൃത്തത്തിലൂടെയും പാട്ടിലൂടെയും ശ്രദ്ധ നേടുമ്പോൾ വ്യത്യസ്തമായൊരു പ്രകടനത്തിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് ഒരു വധു. വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ ലെഹങ്കയിൽ 100 കിലോ ഭാരം ഡെഡ്ലിഫ്റ്റ് ചെയ്തും പുൾ അപ്സ് എടുത്തുമാണ് താരം എല്ലാവരെയും അമ്പരപ്പിച്ചത്. ജയ്പൂരിൽ നടന്ന വിവാഹവേദിയിലെ ഈ ദൃശ്യങ്ങൾ ഇപ്പോൾ സാസാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിനെ 'ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് വെഡ്ഡിങ്' എന്നും ചിലർ വിശേഷിപ്പിക്കുന്നു.
ലെഹങ്കയിൽ 100 കിലോ ഡെഡ്ലിഫ്റ്റ്
ബീസ്റ്റ്ലൈഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് വധുവിന്റെ വേറിട്ട പ്രകടനം കാണാനാകുന്നത്. ഇളം നീല നിറത്തിലുള്ള, കനത്ത അലങ്കാരപ്പണികളുള്ള ലെഹങ്കയാണ് വധു ധരിച്ചിരിക്കുന്നത്. വിവാഹവേദിയിൽ അതിഥികൾ ചുറ്റും കൂടിനിൽക്കുമ്പോൾ മുന്നിൽ ഒരുക്കിവച്ച ബാർബെല്ലിന് സമീപമെത്തുന്ന വധു കുനിഞ്ഞ് അത് പിടിച്ച് ഉയർത്തുന്നതാണ് വീഡിയോയിലുള്ളത്. 100 കിലോ ഭാരമാണ് വധു ഡെഡ്ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്. മൈക്കുമായി നിൽക്കുന്ന ഒരാൾ അതിഥികൾക്ക് ഈ പ്രകടനം പരിചയപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
വിവാഹവേഷത്തിൽ പുൾ അപ്സും
മറ്റൊരു വീഡിയോയിൽ ലെഹങ്ക ധരിച്ചുതന്നെ വധു പുൾ അപ്സ് ചെയ്യുന്നതും കാണാം. വിവാഹവേദിയിൽ സ്ഥാപിച്ചിരിക്കുന്ന തിരശ്ചീന ബാറിൽ പിടിച്ച് ശരീരം മുകളിലേക്ക് ഉയർത്തുകയാണ് താരം. ചുറ്റും കൂടിനിൽക്കുന്ന അതിഥികൾ ഈ കാഴ്ച മൊബൈൽ ഫോണുകളിൽ പകർത്തുന്നുമുണ്ട്. 'ജയ്പൂരിൽ ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് വെഡ്ഡിങ് നടക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
കൈയടിച്ച് സോഷ്യൽ മീഡിയ
വധുവിന്റെ കരുത്തിനെയും ഫിറ്റ്നസിനോടുള്ള അർപ്പണബോധത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിവാഹദിനത്തിലെ പതിവ് ആഘോഷങ്ങളിൽ നിന്ന് മാറി തനിക്ക് ഏറെ ഇഷ്ടമുള്ള ഫിറ്റ്നസിനും വ്യായാമത്തിനും വധു പ്രാധാന്യം നൽകിയതിനെ പലരും അഭിനന്ദിച്ചു.'നിങ്ങളുടെ ഫിറ്റ്നസ് നിലവാരത്തിന് സല്യൂട്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഈ നൂറ്റാണ്ടിലെ അത്ഭുതകരമായ വിവാഹം' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വിവാഹത്തിനായി ചെലവഴിച്ച പണത്തിന് ഇതിലും മികച്ചൊരു തിരിച്ചുകിട്ടൽ എന്താണെന്ന രീതിയിലും ചിലർ തമാശയായി കുറിച്ചു. വിവാഹസദ്യയിലെ മെനുവിൽ പ്രോട്ടീൻ ഷേക്കുകൾ, സാലഡ്, ഗ്രിൽഡ് ചിക്കൻ, ഫിഷ്, ഷുഗർ ഫ്രീ മധുരപലഹാരങ്ങൾ എന്നിവയുണ്ടായിരുന്നോ എന്നും ഒരാൾ തമാശയായി ചോദിച്ചു. അഞ്ച് കിലോ ഭാരമുള്ള ലെഹങ്കയണിഞ്ഞുള്ള വെയ്റ്റഡ് പുൾ അപ്സ് എന്നായിരുന്നു മറ്റൊരു കമന്റ്.
Content Highlights: A bride in Jaipur performed a 100kg deadlift while wearing a heavy lehenga., She also did pull-ups at her wedding venue, stunning guests., The videos shared by Beastlife on Instagram went viral, dubbed a fitness wedding., Social media users praised the bride's strength and fitness dedication.