19-ാം വയസ്സില്‍ ഇന്ത്യയുടെ സൗന്ദര്യ റാണി, ടാറ്റയും പ്രിയങ്ക ചോപ്രയും പ്രചോദനം; ആരാണ് നന്ദിനി ഗുപ്ത?

മണിപ്പൂരിലെ ഇംഫാല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മിസ് ഇന്ത്യയെ തിരഞ്ഞെടുക്കുമ്പോള്‍ അതൊരു 19-കാരി പെണ്‍കുട്ടി ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ഇന്ത്യയുടെ സൗന്ദര്യറാണി കിരീടം വരെ എത്തിയ കഥയാണ് നന്ദനി ഗുപ്തയ്ക്ക് പറയാനുള്ളത്.
മത്സരപരീക്ഷകള്‍ക്കായി പേരുകേട്ട കോട്ടയില്‍ നിന്ന് സൗന്ദര്യത്തിന്റെ വഴിയേ സഞ്ചരിച്ച പെണ്‍കുട്ടിയാണ് നന്ദിനി. നടിയും മുന്‍ മിസ് വേള്‍ഡുമായ പ്രിയങ്ക ചോപ്രയായിരുന്നു നന്ദിനിയുടെ പ്രചോദനം. ചെറുപ്പം മുതല്‍തന്നെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ആളുകളെ രസിപ്പിക്കുന്നതിലും മിടുക്കിയായിരുന്നു നന്ദിനിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. രാജസ്ഥാനിലെ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നന്ദിനി ലാലാ ലജ്പത് റായ് കോളേജില്‍ നിന്നാണ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയത്.
മിസ് ഇന്ത്യ മത്സരത്തില്‍ സൗന്ദര്യത്തിനൊപ്പം തന്റെ നിലപാടുകളിലൂടെയും നന്ദിനി കൈയ്യടി നേടി. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്ന് നന്ദിനി പറയുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തയാകണമെന്നും അവര്‍ ഓര്‍മപ്പെടുത്തി.
ബിസിനസുകാരനായ രത്തന്‍ ടാറ്റ നന്ദിനിയുടെ ജീവിതത്തില്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട്. സമ്പാദ്യത്തിലെ നല്ലൊരു ഭാഗം സാമൂഹ്യസേവനത്തിനായി ചിലഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും മാതൃകയാക്കണമെന്നും നന്ദിനി പറയുന്നു. മറ്റുള്ളവര്‍ക്ക് ജോലി നല്‍കുക, അവരുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള പശ്ചാത്തലം ഒരുക്കികൊടുക്കുക, എപ്പോഴും നമ്മുടെ വേരുകളില്‍തന്നെ ഉറച്ചുനില്‍ക്കുക എന്നതെല്ലാമാണ് നന്ദിനിയുടെ ജീവിതലക്ഷ്യങ്ങള്‍.
കോട്ടയിലെ പ്രശസ്തമായ ഫാബ്രിക് ആയ 'കോട്ട ദാരിയ' ലോകത്തിന് മുഴുവന്‍ പരിചയപ്പെടുത്തുക എന്നതും നന്ദിനിയുടെ സ്വപ്‌നങ്ങളിലുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാര്യമായ പണമോ പരിഗണനയോ ലഭിക്കുന്നില്ല. അവരെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കണമെന്നും നന്ദിനി പറയുന്നു. ഒപ്പം ഇന്ത്യയുടെ കൈത്തറി അന്താരാഷ്ട്ര വേദികളില്‍ പ്രൊമോട്ട് ചെയ്യുക എന്നതും നന്ദിനിയുടെ സ്വപ്‌നമാണ്.
Content Highlights: who is nandini gupta the winner of miss india world 2023 crown