നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ? എൺപതുകളിലെ യുവാക്കൾക്ക് കുടവയറില്ല! കാരണം ഇതാണ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സിദ്ദിഖും റോജി എം ജോണും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
സിദ്ദിഖും റോജി എം ജോണും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

സോഷ്യൽ മീഡിയയിൽ കളർഫുൾ വസ്ത്രങ്ങളും നൊസ്റ്റാൾജിക് ഗാനങ്ങളുമായി 'എൺപതുകളിലെ വസന്തം'പൂത്തുലയുകയാണ്. എഐ നിർമിത എൺപതുകളിലെ ചിത്രം രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഇന്റഫ്‌ളുവൻസേഴ്‌സും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. എൺപതുകളിലെ ഫാഷനെപ്പറ്റിയുള്ള ചർച്ചകൾക്കിടയിലാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അതീവ രസകരമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിച്ചത്. എൺപതുകളിലെ യുവാക്കൾ ഫിറ്റ്‌നെസ്സ് ഫ്രീക്കന്മാരായിരുന്നോ എന്നായിരുന്നു ആ സംശയം. അവർക്കാക്കും കുടവയർ കാണുന്നില്ലെന്നും ചിലർ തമാശയോടെ പറഞ്ഞു. അതിനിടയിലാണ് എൺപതുകളിൽ ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമായിരുന്നോ എന്നത് സംബന്ധിച്ച ചില പഠനങ്ങൾ പ്രത്യക്ഷപ്പെട്ടത്.

എൺപതുകളിൽ ജീവിച്ചിരുന്ന ആളുകളുടെ അതേ ഭക്ഷണവും വ്യായാമവും പിന്തുടർന്നാലും അവരെപ്പോലെ ഇന്നത്തെ തലമുറയ്ക്ക് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കില്ലെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊറോന്റോയിലെ ഗവേഷകർ നടത്തിയ ചില പഠനങ്ങൾ പറയുന്നത്. 1988-ൽ വ്യായാമം ചെയ്യുകയും കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വ്യക്തിയേക്കാൾ ബോഡി മാസ് ഇൻഡക്‌സ് കൂടുതലാണ് 2000ന് ശേഷമുള്ള ഒരാൾക്ക് രേഖപ്പെടുത്തുന്നതെന്ന് പഠനങ്ങൾ പറയുന്നു. ഇതിന് കാരണങ്ങളുമുണ്ട്. അക്കാലത്തെ പല പല ജൈവിക-പരിസ്ഥിതി ഘടകങ്ങളും ഇക്കാര്യത്തിൽ നിർണായത പങ്കുവഹിക്കുന്നതായാണ് പഠനം പറയുന്നത്.

ഇന്നത്തെ ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന പെസ്റ്റിസൈഡുകൾ, പ്രിസർവേറ്റീവുകൾ, മൃഗപരിപാലനത്തിൽ ഉപയോഗിക്കുന്ന ഹോർമോണുകൾ എന്നിവ മനുഷ്യന്റെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപയോഗം കുടലിൽ കാണപ്പെടുന്ന നല്ല ബാക്ടീരിയകളുടെ എണ്ണം കുറച്ചു. ഇത് ദഹനത്തെയും കൊഴുപ്പ് എരിച്ചുകളയുന്ന പ്രക്രിയയെയും മന്ദഗതിയിലാക്കി.

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഫോൺ-സ്‌ക്രീൻ ഉപയോഗം മൂലമുള്ള ഉറക്കമില്ലായ്മ എന്നിവ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂട്ടുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്തു. അതുകൊണ്ട് എൺപതുകളിലെ തലമുറയെ അപേക്ഷിച്ച് ഭാരം കുറയ്ക്കുക എന്നത് കേവലം ഭക്ഷണക്രമീകരണം കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ലെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരം, ഉറക്കം, മാനസികാരോഗ്യം എന്നിവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: AI-generated 1980s trend highlights that people from that era rarely had belly fat., University of Toronto research shows modern people have higher BMI than people in 1988 despite similar diet and exercise., Pesticides, preservatives, and processed foods negatively impact metabolism and gut bacteria., Chronic stress and lack of sleep increase cortisol, leading to stubborn fat accumulation.