തിരക്കില്‍നിന്ന് ചെറിയൊരു ഇടവേള; വയനാടിന്റെ സ്വന്തം കളക്ടര്‍ ഉത്രാടപ്പാച്ചിലില്‍ കന്നഡ നാട്ടിലേക്ക്

#നീനു മോഹന്‍
കളക്ടര്‍ മേഘശ്രീയും കുടുംബവും സ്വദേശമായ കര്‍ണാടക ചിത്രദുര്‍ഗയിലേക്കുള്ള യാത്രയ്ക്കിടെ. കളക്ടറുടെ ഭര്‍ത്താവ് ഡോ. വിക്രം സിംഹ എടുത്ത സെല്‍ഫി
കളക്ടര്‍ മേഘശ്രീയും കുടുംബവും സ്വദേശമായ കര്‍ണാടക ചിത്രദുര്‍ഗയിലേക്കുള്ള യാത്രയ്ക്കിടെ. കളക്ടറുടെ ഭര്‍ത്താവ് ഡോ. വിക്രം സിംഹ എടുത്ത സെല്‍ഫി

ത്രാടപ്പാച്ചിലിന്റെ തിരക്കും വെപ്രാളവും ശരിക്കും അറിഞ്ഞുള്ള ഒരോണമാണ് വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീക്ക് ഇക്കുറി. സ്വദേശമായ കര്‍ണാടക ചിത്രദുര്‍ഗയിലേക്കായിരുന്നു ഓണാവധി യാത്ര. മുണ്ടക്കൈ-ചൂരല്‍മല ദുരന്തപശ്ചാത്തലത്തില്‍ സമയക്രമമോ അവധിയോ ഇല്ലാതെ മുഴുകിയ ജോലിത്തിരക്കില്‍ നിന്നുള്ളൊരു ചെറിയ ഇടവേള. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും മഴയെത്തുടര്‍ന്നുള്ള മുന്നൊരുക്കങ്ങളും കാരണം അവസാനനിമിഷമാണ് യാത്ര ഉറപ്പിച്ചത്. ''ചെറിയകുട്ടികളെയും പെറുക്കിയെടുത്ത് സത്യത്തിലൊരു ഉത്രാടപ്പാച്ചില്‍'' - കളക്ടര്‍ ചിരിച്ചുകൊണ്ട് ഓണവിശേഷം പങ്കുവെക്കുന്നു.

പുനരധിവാസംതന്നെ ഓണവിശേഷം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന് യോജിച്ച സ്ഥലങ്ങളുടെ അന്തിമപട്ടിക തയ്യാറായതുതന്നെയാണ് പ്രധാന ഓണവിശേഷം. കല്പറ്റയിലും മേപ്പാടി-മൂപ്പൈനാട് അതിര്‍ത്തിയിലുമായി രണ്ടുസ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

''വയനാട്ടില്‍ ചുമതലയെടുത്ത് 20-ാം ദിവസമാണ് ദുരന്തമുണ്ടാകുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ചൂരല്‍മലയില്‍നിന്നാണ് എനിക്കാദ്യത്തെ ഫോണ്‍ വന്നത്. എല്ലായിടത്തും വെള്ളമാണെന്നായിരുന്നു കരഞ്ഞുകൊണ്ട് പറഞ്ഞത്. പിന്നാലെ തുടരെത്തുടരെ വിളികള്‍. അപ്പോള്‍തന്നെ ദുരന്തസ്ഥലത്തേക്ക് ഓടിയെത്തി. പിന്നീടങ്ങോട്ട് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച ദിവസങ്ങള്‍.

താത്പര്യമെടുത്തുവന്നതാണ് വയനാട്ടിലേക്ക്. പുനരധിവാസ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ വയനാടിനൊപ്പമുണ്ടാകും''- കളക്ടര്‍ പറഞ്ഞു.

വീട്ടിലുണ്ട് കുഞ്ഞോണം

ഒന്നിലും എല്‍.കെ.ജി.യിലും പഠിക്കുന്ന രണ്ടു കുസൃതിക്കുരുന്നുകളുണ്ട് കളക്ടര്‍ക്ക്. മക്കള്‍ വിസ്മയയും ദൃതിയും തനി മലയാളികളാണെന്നാണ് കളക്ടറുടെ അഭിപ്രായം. അവര്‍ ജനിച്ചതും വളര്‍ന്നതും കേരളത്തില്‍. നന്നായി മലയാളം പറയും. ''ഓണം അവരുടെ ആഘോഷമാണ്, പട്ടുപാവാടയും പൂക്കളവുമായി അവരാണ് ഓണാഘോഷത്തിനു മുന്നില്‍'' -മേഘശ്രീ പറഞ്ഞു.

കുടുംബത്തില്‍ ആദ്യമായി ബിരുദം നേടിയയാള്‍ ഞാനാണ്. അച്ഛനും അമ്മയും സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. സ്‌കൂളിനടുത്തുള്ള കളക്ടറേറ്റ് കാണിച്ച് അച്ഛനാണ് സിവില്‍ സര്‍വീസെന്ന സ്വപ്നത്തിന് വിത്തിട്ടത്. എന്‍ജിനിയറിങ് കഴിഞ്ഞ് ജോലികിട്ടി രണ്ടുവര്‍ഷത്തിനുശേഷമാണ് സിവില്‍സര്‍വീസിന് ശ്രമിച്ചത്. ഫലം വന്നതിനുപിന്നാലെ ബാല്യകാല സുഹൃത്തായ ഡോ. വിക്രം സിംഹയുമായി വിവാഹം.

ശ്രാവണമാസം ഞങ്ങള്‍ കന്നഡിഗര്‍ക്കും ആഘോഷക്കാലം. വരമഹാലക്ഷ്മി പൂജയും വിനായകചതുര്‍ഥിയുമായി വീട്ടിലും ആഘോഷംതന്നെ. തിരുവോണം കുടുംബത്തിനൊപ്പം ആഘോഷിച്ച് അടുത്തദിവസംതന്നെ തിരികെവരും -കളക്ടര്‍ മേഘശ്രീ പറഞ്ഞുനിര്‍ത്തി. 

Content Highlights: wayanad collector meghashrees onam celebration