അഭിമാനംകൊണ്ട് കണ്ണുനിറയുന്നു; കാൻസറിനെ അതിജീവിച്ച വിവേകിന്റെ ദത്തുപുത്രി നായികയാകുന്നു

സഹാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം
സഹാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

പതിമൂന്നുവയസ്സുള്ള വിവാൻ വീർ ഒബ്‌റോയ്, പതിനൊന്നുകാരിയായ നിർവാണ ഒബ്‌റോയ് തുടങ്ങി രണ്ടുമക്കളാണ് വിവേക് ഒബ്‌റോയ്ക്ക്. എന്നാൽ കാൻസറിനോട് പോരാടുന്ന നിരവധി കുട്ടികളെ പിന്നീട് അദ്ദേഹം ദത്തെടുത്തിരുന്നു. അവരെ ചികിത്സിക്കുക മാത്രമല്ല, അവരുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ പരിശീലനവും എല്ലാം നോക്കി നടത്തിയിരുന്നത് വിവേക് ഒബ്‌റോയ് ആണ്. ഇപ്പോഴിതാ,

ക്യാൻസറിനോട് പോരാടി വിജയം നേടിയ വളർത്തുമകൾ സഹാറ ഷായുടെ ആദ്യ സിനിമയുടെ പ്രഖ്യാപനത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ്.

സാമൂഹിക സേവന രംഗത്ത് സജീവമായ വിവേക് ഒബ്റോയ് നിർധനരായ നിരവധി ക്യാൻസർ രോഗ ബാധിതരായ കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാറുണ്ട്. അതിലൂടെയാണ് സഹാറ ഷായെ താരം ദത്തെടുക്കുന്നതും ചികിത്സിക്കുന്നതും. കാൻസർ ബാധിതയായിരുന്ന സഹാറ തികഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയുമാണ് രോഗത്തെ അതിജീവിച്ചതെന്ന് വിവേക് പറഞ്ഞു. കാൻസറിനെ തോൽപ്പിച്ച ശേഷം തന്റെ സ്വപ്നമായ അഭിനയ മേഖലയിലേക്ക് ചുവടുവെക്കുന്ന സഹാറയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന വിവേക് സഹാറയുടെ ആദ്യ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചു.

രണ്ടര വയസ്സുള്ളപ്പോഴാണ് സഹാറയെ വിവേക് ഒബ്‌റോയ് ദത്തെടുക്കുന്നത്. അദ്ദേഹം അവളെ കാൻസർ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷനിൽ എത്തിച്ചു. കാൻസറുമായി പോരാടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. ഇന്ന് സഹാറയ്ക്ക് പ്രായം 22 വയസ്സാണ്. കാൻസർ മുക്തയായിക്കഴിഞ്ഞു. കൊമേർഷ്യൽ പൈലറ്റ് ആയി ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് സഹാറ. കഴിഞ്ഞ ദിവസം കാൻസർ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷൻ റോസ് ഡേ ആചരിക്കുന്നതിനിടയിലാണ് താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് അവൾ പ്രഖ്യാപനം നടത്തുന്നത്. ഒരു നേപ്പാളി ചിത്രത്തിൽ ലീഡ് കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അവൾ വെളിപ്പെടുത്തി. വിവേകിന്റെ അനുഗ്രഹം വേണമെന്ന് പറഞ്ഞ സഹാറ തന്റെ ജീവിതത്തിൽ വലിയ പങ്കുവഹിച്ച ആളാണ് വിവേകെന്നും പറഞ്ഞു. എല്ലായ്‌പ്പോഴും വിവേകിന്റെ കാലടികൾ പിന്തുടരാനാണ് താൻ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. അച്ഛന്റെ വിടവ് നികത്തി എല്ലായ്‌പ്പോഴും തനിക്കൊപ്പം ഡാഡ എന്നവൾ വിളിക്കുന്ന വിവേക് ഉണ്ടായിരുന്നുവെന്നും അവൾ പറഞ്ഞു.

വൈകാരികമായിട്ടാണ് ഇതിനോട് വിവേക് പ്രതികരിച്ചത്. മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ വിവേക് ഒരു വിജയിയായിരുന്നു എന്ന കാര്യം മകൾ ഒരിക്കലും മറക്കരുത് എന്നും ആവശ്യപ്പെട്ടു. അഭിമാനംകൊണ്ട് തനിക്ക് കരച്ചിൽ വരികയാണെന്നാണ് വിവേക് പറഞ്ഞത്. കാൻസറിനോട് പോരാടുന്ന രണ്ടര വയസ്സുള്ള കുഞ്ഞിൽനിന്ന് കാൻസറിനെ അതിജീവിച്ചുള്ള സഹാറയുടെ മുന്നേറ്റത്തെയും അവളുടെ കഠിനാധ്വാനത്തെയും അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു. കാൻസറിനെതിരെ പോരാടുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് സഹാറയുടെ ഈ ജീവിതവിജയവും സിനിമാ പ്രവേശവും വലിയൊരു പ്രചോദനമാകുമെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.