വീഗൻ പെറ്റ് ഫുഡ് ബ്രാൻഡുമായി മനേകാ ഗാന്ധി; കടമെടുത്തത് മാഗി ന്യൂഡിൽസ് ആശയം

#ലൈഫ്സ്റ്റൈൽ ഡെസ്ക്
Maneka Gandhi
Maneka Gandhi

മൃഗാവകാശ പ്രവർത്തകയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി വ്യവസായ രംഗത്തേക്ക്. മൃഗസംരക്ഷണത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമായി ശാശ്വതമായ സാമ്പത്തിക സ്രോതസ്സ് ലക്ഷ്യമിട്ട് മനേകാ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കംപാഷൻ ഫുഡ്‌സ് ആദ്യ വീഗൻ ഡോഗ് ഫുഡ് ബ്രാൻഡായ വൂഫ്‌ലി അവതരിപ്പിച്ചു.

ജയ്പൂരിലെ പ്ലാന്റ് അധിഷ്ഠിത നിർമ്മാണ കേന്ദ്രത്തിലാണ് വുഫ്‌ലി ഉൽപ്പാദിപ്പിക്കുന്നത്. 100 ഗ്രാമിന് 40 രൂപ നിരക്കിൽ സാധാരണക്കാർക്കും ലഭ്യമാകുന്ന രീതിയിലാണ് ഇത് വിപണിയിലെത്തിച്ചിരിക്കുന്നത്. അത് വെള്ളത്തിൽ കലക്കി ചോറിനൊപ്പം നൽകാം. മാഗി ന്യൂഡിൽസ് ആശയത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് മനേക പറയുന്നു.

ലാഭം പൂർണ്ണമായും മൃഗസംരക്ഷണത്തിന്

കേവലം ഒരു വാണിജ്യ സംരംഭം എന്നതിലുപരി വലിയൊരു സാമൂഹിക പ്രതിബദ്ധതയാണ് ഈ നീക്കത്തിന് പിന്നിലുള്ളതെന്ന് മനേകാ ഗാന്ധി വ്യക്തമാക്കി. ഈ പ്രസ്ഥാനത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതം പൂർണ്ണമായും മൃഗക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവയുടെ പുനരധിവാസത്തിനും ചികിത്സയ്ക്കുമായി താൻ തുടങ്ങിയ പ്രവർത്തനങ്ങൾ തന്റെ കാലശേഷവും മുടക്കമില്ലാതെ തുടരണമെന്ന കാഴ്ചപ്പാടാണ് ഈ സംരംഭത്തിന് പിന്നിലെന്ന് അവർ കൂട്ടിച്ചേർത്തു.

വളർത്തുമൃഗ വിപണിയിലെ പുതിയ മാറ്റം

ഇന്ത്യയിൽ പെറ്റ് ഫുഡ് വിപണി അതിവേഗം വളരുകയാണ്. സാധാരണമായി മാംസാഹാര അധിഷ്ഠിതമായ നായ ഭക്ഷണങ്ങളാണ് വിപണി ഭരിക്കുന്നത്. എന്നാൽ വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിന് വെജ് ഭക്ഷണരീതികൾ ഏറെ അനുയോജ്യമാണെന്ന വാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് വുഫ്‌ലിയുടെ കടന്നുവരവ്.

നായ്ക്കൾക്ക് ആവശ്യമായ എല്ലാ പോഷകഗുണങ്ങളും അടങ്ങിയ തികച്ചും പ്രകൃതിദത്തമായ ചേരുവകളാണ് വുഫ്‌ലിയിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രീമിയം വെജിറ്റേറിയൻ, വീഗൻ പെറ്റ് ഫുഡ് വിപണിയിൽ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടാൻ ഈ ഉദ്യമത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഡോഗ് ഫുഡിന് പുറമേ വരുംദിവസങ്ങളിൽ മറ്റ് വളർത്തുമൃഗങ്ങൾക്കായുള്ള വീഗൻ ഭക്ഷണ പദാർത്ഥങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും കംപാഷൻ ഫുഡ്‌സിന്റെ കീഴിൽ പുറത്തിറക്കാൻ പദ്ധതിയുണ്ട്.

വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ എട്ടുലക്ഷം രൂപ മുതൽമുടക്കി മൃഗങ്ങൾക്കായി ഒരു ഷെൽറ്ററും ആശുപത്രിയും മനേക പണിതിരുന്നു. ഇന്നത് 4 ഏക്കർ വ്യാപിച്ചുകിടക്കുന്ന വലിയൊരു സ്ഥാപനമായി മാറി. ഇന്നവിടെ 11 ഡോക്ടർമാരും 4000-5000 മൃഗങ്ങളുമാണ് ഉള്ളത്.

Content Highlights: Compassion Foods plans to launch more vegan pet products, following the success of Woofli, to enhance animal welfare and sustainable pet care solutions.