തിരുക്കൊച്ചിയിൽ നിന്നുള്ള ആ അത്ഭുത ബാലിക ഇതാ ഇവിടെ… ജി. വസന്തകുമാരി; കേരളത്തിന്റെ നഷ്ടതാരകം

#കെ.എ. ജോണി
ജി. വസന്തകുമാരി | ചിത്രം- ടി.കെ. പ്രതീപ്കുമാർ, മാതൃഭൂമി
ജി. വസന്തകുമാരി | ചിത്രം- ടി.കെ. പ്രതീപ്കുമാർ, മാതൃഭൂമി

പറക്കുന്ന സിഖ് മിൽഖാ സിങ്ങിനും മുൻപേ, പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയ്ക്കും മുൻപേ ഇന്ത്യൻ അത്‌ലറ്റിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഒരു കായികതാരമുണ്ട്; മലയാളിയായ ജി. വസന്തകുമാരി. 1958-ലും 60-ലുമായിരുന്നു മിൽഖയുടെ അത്യുജ്ജ്വല പ്രകടനം. അതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ 1957 ഫെബ്രുവരി 10-ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ ദേശീയ അത്‌ലറ്റിക്സ് മീറ്റിൽ വനിതകളുടെ ഹൈജമ്പ് പിറ്റിലായിരുന്നു വസന്തകുമാരിയും ചരിത്രവുമായുള്ള മുഖാമുഖം. 1954-ൽ ഇസ്രയേൽകാരി ക്രൊസ് അഹുവ സ്ഥാപിച്ച 5.1 അടി (1.55 മീറ്റർ) എന്ന ഏഷ്യൻ റെക്കോഡിനൊപ്പമെത്തിക്കൊണ്ടാണ് 15 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന വസന്തകുമാരി ഇന്ത്യൻ അത്‌ലറ്റിക്സിന് പുതിയ ദിശാബോധം നൽകിയത്.

ഇന്നിപ്പോൾ 84-ാം വയസ്സിലും ആ ചരിത്രനിമിഷം വസന്തകുമാരി ഇന്നലെയെന്നപോലെ ഓർക്കുന്നു: "ഇരട്ടസഹോദരി വിജയകുമാരിയും എനിക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നു (4.8 അടി മറികടന്ന വിജയയ്ക്കായിരുന്നു ഇതേ ഇനത്തിൽ മൂന്നാംസ്ഥാനം). 4.11 അടി പിന്നിട്ടപ്പോൾ സ്റ്റേഡിയത്തിൽ പ്രഖ്യാപനമുണ്ടായി: 'വനിതകളുടെ ഹൈജമ്പിൽ ബാർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത് അഞ്ചടിയിലാണ്.' പൊടുന്നനെ സ്റ്റേഡിയം നിശ്ശബ്ദമായി. അഞ്ചടി മറികടന്നാൽ പുതിയ ദേശീയ റെക്കോഡിന്റെ പിറവിയാകും. കുതിച്ചുയരാൻ സഹായിക്കുന്ന കാൽ മടക്കിപ്പിടിച്ച് ബാറിന് സമാന്തരമായി ശരീരം ഉയർത്തി ലക്ഷ്യംകാണുന്ന വെസ്റ്റേൺ റോൾ ശൈലിയാണ് വസന്തകുമാരി പിന്തുടർന്നിരുന്നത്."

വസന്തകുമാരി റൺഅപ്പിന് തയ്യാറെടുത്തു. ഒഫീഷ്യൽ ടാഗും ധരിച്ച് അച്ഛൻ തമ്പി പിറ്റിന്റെ അരികിലുണ്ട്. പുരുഷന്മാരുടെ ഹൈജമ്പിൽ മത്സരിക്കുന്ന ജ്യേഷ്ഠൻ ഗോപാലകൃഷ്ണനും തൊട്ടടുത്തുണ്ട് (അതേ വർഷംതന്നെ കൊൽക്കത്തയിൽ നടന്ന ദേശീയ ഇന്റർ വാഴ്സിറ്റി മീറ്റിൽ 6.1 അടി ഉയരം താണ്ടി ഗോപാലകൃഷ്ണൻ സർവകലാശാലാതലത്തിൽ പുതിയ റെക്കോഡിനുടമയായി). ആദ്യശ്രമത്തിൽത്തന്നെ ദേശീയ റെക്കോഡ് വസന്തകുമാരിക്ക് സ്വന്തം. നിലയ്ക്കാത്ത കൈയടികളിൽ സ്റ്റേഡിയം ഇരമ്പുന്നു. ഇനിയിപ്പോൾ അഞ്ചടി ഒരിഞ്ചാണ് വെല്ലുവിളി. വസന്തകുമാരിയുടെ ശ്രമം പാഴാകുന്നില്ല. അഹുവയുടെ റെക്കോഡിൽ ഒരു പതിനഞ്ചുകാരിക്കും അവകാശമാകുന്നു. അച്ഛന്റെ കണ്ണുകളിൽ ആ നിമിഷം നിറഞ്ഞൊഴുകിയ അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും കണ്ണീർ വസന്തകുമാരി ഒരിക്കലും മറക്കില്ല. അഞ്ചടി രണ്ടിഞ്ച് മറികടക്കാൻ വസന്തയ്ക്കായില്ല. അന്ന് ബാർ അഞ്ചടി ഒന്നേകാൽ ഇഞ്ചിലേക്കാണ് ഉയർത്തിയിരുന്നതെങ്കിൽ ചിലപ്പോൾ പുതിയൊരു ഏഷ്യൻ റെക്കോഡ് തന്റെ പേരിലായേക്കാമെന്ന് തിരിഞ്ഞുനോക്കുമ്പോൾ വസന്ത കരുതുന്നു. അന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ കേരളത്തിന് കിട്ടിയ 11 പോയിന്റിൽ പത്തും വസന്തയുടെ കുടുംബത്തിന്റേതായിരുന്നു.

ചിത്രം- മാതൃഭൂമി

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത് അതിനും രണ്ടു മാസത്തിനപ്പുറം ഏപ്രിൽ അഞ്ചിനാണ്. തിരുക്കൊച്ചിയിൽനിന്നുള്ള അത്ഭുതബാലിക എന്നാണ് ചില ദേശീയ പത്രങ്ങൾ വസന്തകുമാരിയെ വിശേഷിപ്പിച്ചത്. ഇ.എം.എസ്. സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും പ്രതിസന്ധികളുടെ ദുഷ്കരപാതകളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഗവർണർ അടക്കമുള്ളവർ പ്രോത്സാഹനവാക്കുകളുമായി എത്തിയെങ്കിലും വസന്തകുമാരി എന്ന കൗമാരപ്രതിഭയെ ഏറ്റെടുക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ പരിശീലനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നീക്കമൊന്നുമുണ്ടായില്ല.

കേരളത്തിന്റെ അത്‌ലറ്റിക് കുടുംബം

വസന്തയ്ക്കും സഹോദരങ്ങൾക്കും തിരുവനന്തപുരത്ത് ഗംഭീര വരവേല്പുണ്ടായി. കേരളത്തിന്റെ അത്‌ലറ്റിക് കുടുംബം എന്നാണ് അന്ന് യോഗത്തിൽ ആശംസകൾ നേർന്ന സംസ്ഥാന ഗവർണർ ബി. രാമകൃഷ്ണ റാവുവും അധ്യക്ഷത വഹിച്ച ഗോദവർമ രാജയും വസന്തകുമാരിയേയും സഹോദരങ്ങളേയും വിശേഷിപ്പിച്ചത്. കുടുംബം ഒന്നടങ്കം വസന്തയുടെയും സഹോദരങ്ങളുടെയും കുതിപ്പിന് പിന്നിലുണ്ടായിരുന്നു. ഷോട്ട്പുട്ടിൽ നിരവധി മെഡലുകൾ നേടിയ പിതാവ് ആദിനാരായണൻ തമ്പി അക്കൗണ്ടന്റ് ജനറൽസ് ഓഫീസിൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായിരുന്നു. മാതാവ് ഗൗരിക്കുട്ടിയമ്മ കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപികയും.

മക്കൾ സ്പോർട്സിൽ തിളങ്ങണമെന്ന് ആഗ്രഹിക്കുക മാത്രമല്ല അതിനായി ഏതറ്റം വരെ പോകാനും അച്ഛൻ തയ്യാറായിരുന്നുവെന്ന് വസന്ത പറയുന്നു: "പാളയത്തെ സിലോൺ ടൈലേഴ്സിൽനിന്ന് ഞങ്ങൾക്കായി പരിശീലനത്തിനും മറ്റുമുള്ള പ്രത്യേക യൂണിഫോം അച്ഛൻ തുന്നിച്ചുവാങ്ങിയിരുന്നു. കാലിൽ ധരിക്കുന്നതിന് സ്പൈക്സ് ഉള്ള ഷൂസും പ്രത്യേകമായി വരുത്തും. ലോങ്ജമ്പിനും ഹൈജമ്പിനുമുള്ള പിറ്റുകൾ വീട്ടിലെ തൊടിയിലുണ്ടായിരുന്നു. അത്‌ലറ്റിക്സിലെ ഏറ്റവും പുതിയ പുസ്തകങ്ങൾ വിദേശത്തുനിന്നുപോലും ലഭ്യമാക്കാൻ അച്ഛൻ നിഷ്കർഷ പുലർത്തിയിരുന്നു. ബെംഗളൂരുവിൽനിന്ന് റൂസ്സോ എന്ന പരിശീലകനെയും അച്ഛൻ തിരുവനന്തപുരത്തേക്ക് വരുത്തുമായിരുന്നു."

ചിത്രം- മാതൃഭൂമി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയതോടെയാണ് കളത്തിൽനിന്നും പതുക്കെ പിന്മാറിയതെന്ന് വസന്ത പറയുന്നു. സ്പോർട്സിലെന്നപോലെ പഠനത്തിലും വസന്തയും സഹോദരങ്ങളും (അഞ്ച് കൂടപ്പിറപ്പുകളായിരുന്നു വസന്തയ്ക്ക്) മികവ് പുലർത്തി. ഇരട്ടസഹോദരി വിജയകുമാരിക്ക് എസ്.എസ്.എൽ.സി.ക്ക് സംസ്ഥാനത്ത് രണ്ടാം റാങ്കുണ്ടായിരുന്നു. വിജയ ഒരു വർഷം മുൻപേ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. എം.ബി.ബി.എസ്. എടുത്തശേഷം അമേരിക്കയിലേക്ക് പോയ വിജയ കാലിഫോർണിയയിലെ മെഡിക്കൽ സ്കൂളിൽ ശരീരശാസ്ത്രം അധ്യാപികയായി. അവിടെനിന്നും വൈസ് ഡീനായി വിരമിച്ചശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.

മൂത്ത സഹോദരി ജി. പദ്മകുമാരി തിരുവനന്തപുരത്ത് അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായിരുന്നു. മെഡിക്കൽ എജുക്കേഷൻ ഡയറക്ടറായിരുന്ന ഡോക്ടർ ശാന്തുമാരിയാണ് മറ്റൊരു സഹോദരി. ഏറ്റവും ഇളയ സഹോദരി ഡോക്ടർ ഗിരിജ ഇംഗ്ലണ്ടിൽ ദീർഘകാലം ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ചു.

ഏക സഹോദരൻ ഡോക്ടർ എ. ഗോപാലകൃഷ്ണൻ എന്ന എ.ജി.കെ. ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ ചെയർമാനായിരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ബിരുദമെടുത്ത എ.ജി.കെ. ആദ്യം ബാബ ആറ്റമിക് റിസർച്ച് സെന്ററിൽ ജോലിക്ക് ചേർന്നു. കാലിഫോർണിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ എ.ജി.കെ.യാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ വിഖ്യാതമായ ഗവേഷണ-വികസന വിഭാഗം വളർത്തിയെടുത്തത്. ഇന്ത്യയുടെ ആണവോർജമേഖല സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്ന കർശന നിലപാടെടുത്തതിന് ഭരണകൂടവുമായി പലപ്പോഴും എ.ജി.കെ.യ്ക്ക് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഹൈജമ്പിലും ജീവിതത്തിലും വസന്തകുമാരിക്ക് എല്ലാ അർഥത്തിലും വഴികാട്ടിയായിരുന്നു എ.ജി.കെ.

ജി. വസന്തകുമാരി | ചിത്രം- ടി.കെ. പ്രതീപ്കുമാർ, മാതൃഭൂമി

നഷ്ടബോധത്തിന്റെ നീറ്റൽ

1957-ൽ ഏഷ്യൻ റെക്കോഡിനൊപ്പമെത്തിയ പെൺകുട്ടിയെ കേരളവും ഇന്ത്യയും പതുക്കെ മറന്നു. തിരുവനന്തപുരത്തെ സ്വീകരണത്തിന് ശേഷം വസന്തയ്ക്ക് എന്ത് സംഭവിച്ചുവെന്ന് സർക്കാർതലത്തിൽ ഒരന്വേഷണവുമുണ്ടായില്ല. പെൺകുട്ടികൾ ഷോർട്സ് ഒക്കെ ധരിച്ച് കായികമേളകളിൽ പങ്കെടുക്കുന്നതിനോട് പൊതുവെ ആഭിമുഖ്യമില്ലാതിരുന്ന അന്നത്തെ സമൂഹവും വസന്തയെ സൗകര്യപൂർവം വിസ്മൃതിയിലേക്ക് തള്ളി. ഇന്ത്യൻ കായികഭൂപടത്തിൽ കേരളത്തിന് ആദ്യ മേൽവിലാസം നൽകിയ വനിത കളം വിട്ടത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യം ഒരിടത്തുനിന്നും ഉയർന്നില്ല.

1953-ൽ പത്ത് വയസ്സുള്ളപ്പോഴാണ് 4.2 അടി മറികടന്ന് സംസ്ഥാന സ്കൂൾതലത്തിൽ ഹൈജമ്പിൽ വസന്ത പുതിയ റെക്കോഡിട്ടത്. ഇതേത്തുടർന്നാണ് 54-ലെ ഡൽഹി മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ വസന്തയ്ക്ക് അവസരം ലഭിച്ചത്. 55-ലെ സ്റ്റേറ്റ് മീറ്റിൽ 4.9 അടി താണ്ടി സ്വന്തം റെക്കോഡ് വസന്ത തിരുത്തിയെഴുതി. തുടർന്നങ്ങോട്ട് മൂന്നു വർഷം ദേശീയ മീറ്റുകളിൽ - 1956-ൽ പട്യാല, 57-ൽ ബെംഗളൂരു, 58-ൽ കട്ടക്ക് - വനിതകളുടെ ഹൈജമ്പിൽ വസന്തയായിരുന്നു ജേതാവ്. 1957-ൽ പുണെയിൽ നടന്ന ഇന്റർ വാഴ്സിറ്റി മീറ്റിൽ ഹൈജമ്പിൽ ഒന്നാംസ്ഥാനവും ലോങ്ജമ്പിൽ മൂന്നാംസ്ഥാനവും വസന്തയ്ക്കായിരുന്നു. 58-ലെ കട്ടക്ക് മീറ്റിൽ മിൽഖാ സിങ് 200 മീറ്ററിലും നാനൂറ് മീറ്ററിലും പുതിയ വേഗം കൈവരിക്കുന്നുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖയ്ക്ക് വെങ്കലം നഷ്ടമായത്. മിൽഖ ഇന്ത്യൻ കായികഭൂപടത്തിൽ അനശ്വരതയിലേക്ക് മുന്നേറിയപ്പോൾ വസന്തയുടെ സ്പോർട്സ് ജീവിതത്തിന് 1958-ൽ വിരാമമായി.

ഫീൽഡിൽനിന്ന് പിന്മാറിയതിൽ ഏറ്റവുമധികം വേദനിച്ചത് അച്ഛനായിരുന്നുവെന്ന് വസന്ത ഓർക്കുന്നു. ഒരുപക്ഷേ, കാര്യമായ പ്രോത്സാഹനം ദേശീയതലത്തിൽ ലഭിച്ചിരുന്നെങ്കിൽ 1960-ലെ റോം ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധ്യതയുണ്ടായിരുന്നെന്നും വസന്ത പറയുന്നു. എം.ബി.ബി.എസ്. പാസ്സായശേഷം ടാൻസാനിയയിലും പിന്നീട് അമേരിക്കയിലും വസന്ത ഡോക്ടറായി സേവനമനുഷ്ഠിച്ചു. എൻഡൊക്രൈനോളജിയിൽ സ്പെഷ്യലൈസേഷനുള്ള വസന്ത ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തൈറോയിഡ് ചികിത്സയിലാണ്. നിലവിൽ കൊച്ചിയിലെ അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ കൺസൾട്ടന്റ് ആണ് ഡോക്ടർ വസന്തകുമാരി.

തിരിഞ്ഞുനോക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു കൊളുത്തിപ്പിടുത്തം വസന്ത അറിയുന്നുണ്ട്. ഇന്ത്യയുടെ കായികചക്രവാളത്തിൽ കൂടുതൽ തിളങ്ങേണ്ടിയിരുന്ന ഒരു പ്രതിഭയുടെ അകാലത്തിലുള്ള അസ്തമയം ഒരു നീറ്റലായി ഇപ്പോൾ വസന്തയുടെ അകതാരിലുണ്ട്. "സ്പോർട്സിൽ മുന്നോട്ടുപോകണമെന്ന് ഉള്ളിന്റെയുള്ളിൽ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് നടന്നില്ല." തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ ഒരിക്കൽപ്പോലും വസന്ത ഗ്രൗണ്ടിലിറങ്ങിയില്ല. "ഇപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു," കലൂരിൽ ദേശാഭിമാനി റോഡിലെ വീട്ടിലിരുന്ന് പഴയ ഫോട്ടോകൾ തിരയുന്നതിനിടയിൽ വസന്തകുമാരി പറഞ്ഞു.

ഫോട്ടോ- മാതൃഭൂമി

ബാലാമണിയമ്മയുടെ മരുമകൾ, മാധവിക്കുട്ടിയുടെ സഹോദരഭാര്യ

മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരുടെയും കവയിത്രി ബാലാമണിയമ്മയുടെയും മകൻ ഡോക്ടർ ശ്യാംസുന്ദർ നായരെയാണ് വസന്തകുമാരി വിവാഹം കഴിച്ചത്. എഴുത്തുകാരി മാധവിക്കുട്ടിയുടെ സഹോദരഭാര്യ. അത്യധികം സാധുവായിരുന്ന ബാലാമണിയമ്മ കട്ടിലിൽ കിടന്ന് കവിത എഴുതുന്നത് വസന്തയുടെ സ്മരണയിലുണ്ട്. "മാധവിക്കുട്ടിയുമായി എറണാകുളത്തും മറ്റും എത്രയോ വട്ടം സന്ധിച്ചിരിക്കുന്നു. മാധവിക്കുട്ടിയുടെ വർത്തമാനം കേൾക്കാൻ ഒരു പ്രത്യേക രസമായിരുന്നു. അന്ന് മാധവിക്കുട്ടി പറഞ്ഞിരുന്ന സാഹസികതകൾ കേട്ട് ചിരിച്ചതിന് കൈയും കണക്കുമില്ല. അവർ മറ്റൊരു തലത്തിലുള്ള സ്ത്രീയായിരുന്നു."

അമേരിക്കയിൽ ന്യൂജഴ്സിയിലായിരുന്നു വസന്തയും ഡോക്ടർ ശ്യാമും. സൈക്യാട്രിയായിരുന്നു ശ്യാമിന്റെ പ്രവർത്തനമണ്ഡലം. 1986-ൽ ഇരുവരും കൊച്ചിയിലേക്ക് വന്നു. 2009-ൽ ശ്യാം ഈ ലോകത്തുനിന്ന് വിട പറഞ്ഞു. ആഴ്ചയിൽ നാലു ദിവസം ഡോക്ടർ വസന്ത അമൃതയിലെ എൻഡൊക്രൈനോളജി വിഭാഗത്തിലുണ്ടാകും. അത്‌ലറ്റിക്സുമായി ഇപ്പോൾ വസന്തയ്ക്ക് കാര്യമായ ബന്ധമൊന്നുമില്ല. പുതിയ തലമുറയിലെ കായികതാരങ്ങളെയൊന്നുംതന്നെ ഡോക്ടർ വസന്തകുമാരിക്ക് പരിചയമില്ല. ടെലിവിഷനിലും ഇന്റർനെറ്റിലും ടെന്നിസ് കാണും. ഏറ്റവും അവസാനം ഓസ്‌ട്രേലിയൻ ഓപ്പണും കണ്ടു.

ജീവിതം പഠിപ്പിച്ചത്

ഹൈജമ്പ് പിറ്റിൽനിന്നുള്ള പാഠമാണ് ജീവിതദർശനത്തിന്റെ അടിത്തറയെന്ന് ഡോക്ടർ വസന്തകുമാരി പറയുന്നു: "ചാട്ടത്തിനിടയിൽ ബാർ താഴെ വീഴുമ്പോൾ ആദ്യമൊക്കെ നിരാശയുണ്ടാവുമായിരുന്നു. തോൽക്കുകയാണോ എന്ന ചിന്ത. പക്ഷേ, പതിയെ മനസ്സിലായി പരാജയമല്ല വിജയത്തിലേക്കുള്ള ആഹ്വാനമാണ് താഴെ വീഴുന്ന ബാർ എന്ന്. ഓരോ തവണ ബാർ വീഴുമ്പോഴും നമ്മൾ കൂടുതൽ പരിശ്രമിക്കണം. ഒരിക്കലും നിരാശരാകരുത് എന്ന പാഠം അങ്ങനെയാണ് മനസ്സിലുറച്ചത്. കായികരംഗത്തുനിന്ന് മാറിനിന്നപ്പോഴും ജീവിതത്തിൽ മുന്നേറാൻ ഈ കാഴ്ചപ്പാട് വളരെയധികം സഹായിച്ചു."

Content Highlights: A detailed retrospective on G. Vasanthakumari, the trailblazing Malayali athlete who equaled the Asian high jump record at age 15 in 1957, before transitioning into a successful medical career and becoming part of an illustrious literary family.