'ട്രഡീഷണൽ വൈഫ്' ട്രെൻഡ് പിടിച്ചാൽ സോഷ്യൽ മീഡിയയിൽനിന്ന് ഈസിയായി പണമുണ്ടാക്കാനാകുമോ?

അടുക്കളയിലെ പുകമറയ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയ, ഭർത്താവിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങൾക്ക് മാത്രം ജീവിക്കുന്ന, വെളുപ്പിനെഴുന്നേറ്റ് വീട്ടുജോലികൾ മുഴുവൻ തീർക്കുന്ന ഒരു 'ആദർശ' വീട്ടമ്മയുടെ ചിത്രം ഇന്റർനെറ്റിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തരംഗമായിക്കൊണ്ടിരിക്കുന്ന 'ട്രാഡ് വൈഫ്' ട്രെൻഡ് ഇതാണ് വ്യക്തമാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തുടങ്ങിയ ഈ ട്രെൻഡ് ഇപ്പോൾ ഇന്ത്യൻ ഡിജിറ്റൽ ഇടങ്ങളിലും ശക്തമായി പടരുകയാണ്. 'സ്വയം തിരഞ്ഞെടുത്ത സ്ത്രീവിരുദ്ധത' എന്ന് സ്ത്രീപക്ഷവാദികൾ വിമർശിക്കു ലിംഗസമത്വത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചുകൊണ്ട് ഈ 'ഇന്ത്യൻ ട്രാഡ് വൈഫ്'മാർ സൈബർ ലോകത്ത് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കുന്നത്.
എന്താണ് 'ട്രാഡ് വൈഫ്' ?
ട്രഡീഷണൽ വൈഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ട്രാഡ് വൈഫ്. 1950-കളിലെയും 60-കളിലെയും പാശ്ചാത്യ സമൂഹങ്ങളിൽ നിലനിന്നിരുന്ന, പുരുഷൻ വീടിന് പുറത്ത് ജോലി ചെയ്ത് പണമുണ്ടാക്കുകയും സ്ത്രീ വീട്ടിനുള്ളിലെ കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന പരമ്പരാഗത ചുമതലകളെ തിരിച്ചുകൊണ്ടുവരികയാണ് ഈ ട്രെൻഡ്. വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, കുട്ടികളെ വളർത്തുക, ഭർത്താവിനെ എല്ലാ കാര്യങ്ങളിലും സേവിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഭാര്യയുടെ ഉത്തരവാദിത്തമാണ്. ഭർത്താവാകട്ടെ, കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സും, സംരക്ഷണം നൽകുന്നയാളും, തീരുമാനങ്ങൾ എടുക്കുന്നയാളുമാണ്. ഈ ജീവിതരീതി തങ്ങൾ നിർബന്ധപൂർവ്വം പിന്തുടരുന്നതല്ലെന്നും, മറിച്ച് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണെന്നും, ഈ ജീവിതം സമാധാനവും സംതൃപ്തിയും നൽകുന്നുവെന്നും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്‌ലോഗുകളിലൂടെയും ട്രാഡ് വൈഫ് ലോകത്തോട് പറയുന്നു.
ഇന്ത്യയിലെ ട്രാഡ് വൈഫ്മാർ പാശ്ചാത്യ രീതിയിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളോട് ചേർന്നുള്ള ഉള്ളടക്കങ്ങളാണ് നിർമ്മിക്കുന്നത്.
ദിവസവും രാവിലെ 4 മണിക്ക് എഴുന്നേറ്റ് വീട് വൃത്തിയാക്കി, കുട്ടികൾക്കും ഭർത്താവിനും ഭക്ഷണം തയാറാക്കി, ഭർത്താവ് ഓഫീസിൽ പോകുമ്പോൾ യാത്രയയക്കുന്ന ട്രാഡ് വൈഫിന്റെ റീലുകൾ രണ്ടുകയ്യും നീട്ടിയാണ് ആളുകൾ സ്വീകരിക്കുന്നത്. ഒരു ഉത്തമയായ ഇന്ത്യൻ സ്ത്രീ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങളാണ് ഇവരിൽ പലരും പറയാതെ പറയുന്നത്. ലക്ഷക്കണക്കിന് സബ്സ്‌ക്രൈബർമാരാണ് പലർക്കുമുള്ളത്. ഈ വ്‌ലോഗുകളിൽ സ്ത്രീകളുടെ സ്വന്തം ഇഷ്ടങ്ങൾ കാണില്ല, മറിച്ച് ജീവിതം കുടുംബത്തിനായുള്ള സമർപ്പണം മാത്രമായാണ് കാണാറുള്ളത്. പ്രധാന കാഴ്ചക്കാർ സ്ത്രീകൾ തന്നെയാണ്.
കരിയറും കുടുംബവും ഒരുപോലെ കൊണ്ടുപോകുന്നതിൽ ആധുനിക സ്ത്രീകൾ നേരിടുന്ന കടുത്ത സമ്മർദ്ദമാണ് ട്രാഡ് വൈഫ് ജീവിതരീതിയെ ആകർഷകമാക്കുന്നതെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ജോലിയിലെ സമ്മർദ്ദമില്ലാത്ത, വീട്ടിനുള്ളിലെ ലളിതമായ ജീവിതം സമാധാനം നൽകുമെന്ന് ചില സ്ത്രീകൾ വിശ്വസിക്കുന്നുവത്രേ. പുതിയകാലത്ത് സാംസ്‌കാരിക പാരമ്പര്യങ്ങൾ നഷ്ടപ്പെടുന്നുവെന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകൾക്ക്, ഈ വീഡിയോകൾ പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന നൊസ്റ്റുവാണ്.
'ദ കോൺവെർസേഷൻ' എന്ന ഓസ്‌ട്രേലിയൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പുരുഷാധിപത്യത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമമാണ് ട്രാഡ് വൈഫുമാർ നടത്തുന്നതെന്ന് സോഷ്യോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ദശകങ്ങളായി നടത്തിയ പോരാട്ടങ്ങളെ ഈ ട്രെൻഡ് പിന്നോട്ടടിക്കുമെന്നും അവർ വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എളുപ്പത്തിൽ എത്തുന്നത്, പഴയ ചുമതലകളെക്കുറിച്ച് യുവതലമുറയ്ക്കിടയിൽ തെറ്റായ ധാരണയുണ്ടാക്കാൻ ഇടയാക്കും. സ്ത്രീകൾക്ക് കരിയറും കുടുംബവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയും എന്ന ആധുനിക കാഴ്ചപ്പാടിനെ ഇത് തളർത്തുകയും ചെയ്യും. ആധുനിക ഡിജിറ്റൽ യുഗത്തിലും സ്ത്രീകളെ വീട്ടിനുള്ളിലെ ഇരുട്ടറയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ഈ നീക്കം, സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ വലിയൊരു വെല്ലുവിളിയാണെന്ന് സാമൂഹിക വിദഗ്ദ്ധർ ഓർമിപ്പിക്കുന്നു.
Content Highlights: The Tradwife trend romanticizes traditional gender roles where women manage the household while men are the sole earners., Popularity is growing on Instagram and YouTube in India, attracting millions of views and subscribers., Mental health experts suggest modern career stress drives some women toward this simpler, domestic lifestyle., Critics argue the trend promotes internalized misogyny and undermines decades of progress in women's rights.