'മുംബൈ ഹൗസ് പുതുക്കിപ്പണിയുമ്പോൾ അവിടുത്തെ നായ്ക്കൾ എങ്ങോട്ടു പോകുമെന്നായിരുന്നു ടാറ്റയുടെ ആശങ്ക'

രത്തന്‍ ടാറ്റയും എന്‍.ചന്ദ്രശേഖരനും |ലിങ്ക്ഡ് ഇന്നില്‍ ചന്ദ്രശേഖരന്‍ പങ്കുവെച്ച ചിത്രം
രത്തന്‍ ടാറ്റയും എന്‍.ചന്ദ്രശേഖരനും |ലിങ്ക്ഡ് ഇന്നില്‍ ചന്ദ്രശേഖരന്‍ പങ്കുവെച്ച ചിത്രം

ബിസിനസ് രംഗത്തെ ഇതിഹാസതുല്യനായിരുന്ന അന്തരിച്ച ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയെ കുറിച്ച് ഹൃദ്യമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. തന്റെ മാര്‍ഗദര്‍ശിയെ കുറിച്ച്, അദ്ദേഹത്തോടൊപ്പം ചെലവിട്ട കാലത്തെ ഓര്‍ത്ത് ലിങ്കിഡ്ഇന്‍ലാണ് ചന്ദ്രശേഖരന്‍ മനോഹരമായ കൃത്യജ്ഞത രേഖപ്പെടുത്തിയിട്ടുള്ളത്.

കണ്ടുമുട്ടിയവരോടുള്ള അദ്ദേഹത്തിന്റെ ദയ, ഊഷ്മളത, രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയെക്കുറിച്ചാണ് ചന്ദ്രശേഖരന്‍ കുറിച്ചിട്ടുള്ളത്. ആളുകളുമായി ബന്ധപ്പെടാനും വിശദാംശങ്ങള്‍ ശ്രദ്ധിക്കാനുമുള്ള രത്തൻ ടാറ്റയുടെ കഴിവ് അദ്ദേഹത്തെ എങ്ങനെ സവിശേഷനാക്കിയെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ വിശദീകരിക്കുന്നു.

' വർഷങ്ങളെടുത്താണ് ഞങ്ങളുടെ ബന്ധം വളർന്നത്. ആദ്യമത് ബിസിനസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. തുടർന്ന് അത് വ്യക്തിബന്ധമായി പരിണമിക്കുകയും ചെയ്തു. കാറുകള്‍ മുതല്‍ ഹോട്ടലുകള്‍ വരെയുള്ള താല്‍പ്പര്യങ്ങള്‍ ഞങ്ങള്‍  ചര്‍ച്ച ചെയ്തു. പിന്നീട് ഞങ്ങളുടെ സംഭാഷണങ്ങള്‍  ദൈനംദിന ജീവിതം അടക്കമുള്ളതിലേക്കും കടന്നു. അതൊക്കെ അദ്ദേഹം എത്രമാത്രം ശ്രദ്ധയോടെ കേള്‍ക്കുകയും  അനുഭവിക്കുകയും ചെയ്തുവെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഓരോരുത്തരും കാലക്രമേണ സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തപ്പെടേണ്ട ഒരാളായിരുന്നു അദ്ദേഹം' ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ചന്ദ്രേശഖരന്‍ എഴുതി.

ടാറ്റ മോട്ടോഴ്സും അതിലെ ജീവനക്കാരുടെ യൂണിയനും തമ്മിലുള്ള ദീര്‍ഘകാല വേതന തര്‍ക്കം പരിഹരിക്കുന്നതിന് താനും രത്തന്‍ ടാറ്റയും കൂടിച്ചേര്‍ന്ന് 2017-ല്‍ നടന്ന ഒരു സുപ്രധാന നിമിഷം ചന്ദ്രശേഖരന്‍ അനുസ്മരിച്ചു. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കാലതാമസമുണ്ടായതില്‍ ടാറ്റ ഖേദം പ്രകടിപ്പിക്കുകയും കമ്പനിയുടെ വെല്ലുവിളികളെക്കുറിച്ച് ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്യുകയും ഉടനടി പരിഹാരം ഉറപ്പ് നല്‍കുകയും ചെയ്തു.

'ജീവനക്കാരെ നന്നായി പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിന് മാത്രമല്ല, അവരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദേശവും നല്‍കിയിരുന്നു. ഗ്രൂപ്പ് കമ്പനികളിലുടനീളം, ജീവനക്കാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഏകീകൃതമായിരുന്നു. ഗ്രൂപ്പിലുടനീളമുള്ള ഞങ്ങളുടെ നിരവധി നേതാക്കളെ രൂപപ്പെടുത്തിയ ഒന്നാണിത്' ചന്ദ്രശേഖരന്‍ കുറിച്ചു.

ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിന്റെ നവീകരണ ഘട്ടത്തിലെ രസകരമായ ഒരു ഓര്‍മയും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. '1924-ല്‍ പണികഴിപ്പിച്ച പൈതൃക കെട്ടിടം പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണിയില്ലാതെ തുടരുകയായിരുന്നു, മാറ്റാന്‍ പാടില്ലാത്ത ഒരു 'ക്ഷേത്രം' എന്ന ഖ്യാതി അതിനുണ്ടായിരുന്നു. ബോംബെ ഹൗസ് പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ചര്‍ച്ച രത്തന്‍ ടാറ്റയുമായി താന്‍ ചെയ്തപ്പോള്‍, അവിടെയുള്ള നായ്ക്കളുടെ ക്ഷേമത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആശങ്കയെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

'ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? 'നവീകരിക്കുക' എന്ന് പറയുമ്പോള്‍ 'ഒഴിവാക്കുക' എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? അദ്ദേഹം ചോദിച്ചു. എല്ലാവരെയും അടുത്തുള്ള ഓഫീസിലേക്ക് മാറ്റാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നതായി ഞാന്‍ വിശദീകരിച്ചു. അപ്പോള്‍ അദ്ദേഹം സൗമ്യമായി ചോദിച്ചു, 'നായ്ക്കള്‍ എങ്ങോട്ട് പോകും?' ചന്ദ്രശേഖരന്‍ അനുസ്മരിച്ചു.

'നായ്ക്കളെ പരിപാലിക്കാന്‍ ഒരു നായവളര്‍ത്തല്‍ കേന്ദ്രം നിര്‍മിക്കുമെന്ന് പറഞ്ഞ് ഞാന്‍ ടാറ്റയെ ആശ്വസിപ്പിച്ചു, അത് അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി കൊണ്ടുവന്നു. പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ശേഷം ആ നായ വളര്‍ത്തല്‍ കേന്ദ്രം കാണണമെന്നായിരുന്നു ടാറ്റയുടെ ആദ്യ ആവശ്യം.. വലിയ പ്രോജക്ടുകള്‍ പ്രധാനമാണെങ്കിലും, നമ്മള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും എന്തിനാണ് മുന്‍ഗണന നല്‍കുന്നത്, എങ്ങനെ കാണുന്നുവെന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ആ ചോദ്യം.  ഞങ്ങള്‍ അത് ശരിയായി  ചെയ്തു എന്നതിന്റെ സ്ഥിരീകരണമായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം'ചന്ദ്രശേഖരന്‍ എഴുതി.

അസാധാരണമായ ഓര്‍മശക്തിയും വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്മമായ ശ്രദ്ധയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേതൃഗുണങ്ങള്‍ പ്രകടമാക്കിയെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സ്ഥലം  ഒരു തവണ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ അതുണ്ടായിരിക്കും. ഒരു ചെറിയ ഫര്‍ണിച്ചര്‍ മുതല്‍ ചിത്രങ്ങള്‍ വരെ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ പതിയും പുസ്തകങ്ങളുടെയും മാസികകളുടെയും പുറംചട്ടകളും ഉള്ളടക്കവും അദ്ദേഹം ഓര്‍ത്തെടുക്കും. വര്‍ഷങ്ങള്‍ക്കുശേഷവും അവ പരാമര്‍ശിക്കും. വലിയ ആശയങ്ങള്‍ മുതല്‍ സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ അദ്ദേഹം എപ്പോഴും നിരീക്ഷിക്കുകയും അതിന്റെ പഠിക്കുകയും ചെയ്യും.

അദ്ദേഹത്തിന് കണ്ണുകൾ എല്ലാം വ്യക്തമായി കണ്ടു,അദ്ദേഹത്തിന്റെ  മനസ്സ് എല്ലാം വ്യക്തമായി മനസ്സിലാക്കി. തന്റെ കുറിപ്പിന് വിരാമമിട്ട് കൊണ്ട് ചന്ദ്രശേഖരന്‍ കുറിച്ചു.

Content Highlights: Tata Sons Chairman N Chandrasekaran Shares Untold Stories Of Ratan Tata