ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

തമിഴ് താരങ്ങളായ കീര്‍ത്തി പാണ്ഡ്യനും അശോക് സെല്‍വനും തമ്മിലുള്ള വിവാഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം തീര്‍ത്തും സ്വകാര്യമായിട്ടാണ് നടത്തിയത്. ഇരുവരുടേയും വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പലരും വിവാഹ വാര്‍ത്ത അറിഞ്ഞത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന പോലും ആര്‍ക്കും ലഭിച്ചിരുന്നില്ല.
കീര്‍ത്തി പാണ്ഡ്യനും അശോക് സെല്‍വനും ഒന്നിച്ച് അഭിനയിച്ച റിലീസിന് തയ്യാറെടുക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാകും ഈ പ്രണയം സംഭവിച്ചതെന്നാണ് പലരും കരുതിയത്. എന്നാല്‍ അതല്ല സത്യമെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് രണ്ടുപേരും പറയുന്നു. വിവാഹശേഷം ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരജോഡികള്‍.
2013-ല്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കീര്‍ത്തിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് അശോക് സെല്‍വനും ആ പരിപാടിയ്ക്ക് വന്നു. കീര്‍ത്തിയുടെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അശോക്. സാരിയുടുത്ത് മുല്ലപ്പൂ ചൂടി നില്‍ക്കുന്ന കീര്‍ത്തിയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയെന്ന് അശോക് പറയുന്നു. അതായത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ഒരു സ്പാര്‍ക്ക് ഉള്ളില്‍ വീണതുപോലെ തോന്നി. അന്നുമുതല്‍ കീര്‍ത്തിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അശോക് അഭിമുഖത്തില്‍ പറയുന്നു.
കീര്‍ത്തിയുടെ നമ്പര്‍ എങ്ങനെയെങ്കിലും സംഘടിപ്പിക്കാനാണ് പിന്നീട് അശോക് ശ്രമിച്ചത്. എന്റെ ഫോണ്‍ കാണുന്നില്ല, ഒന്ന് മിസ്സ് കോള്‍ അടിക്കാന്‍ ഫോണ്‍ തരുമോ എന്ന് ചോദിച്ച് കീര്‍ത്തിയോട് ഫോണ്‍ വാങ്ങി. അതില്‍ നമ്പര്‍ ഡയല്‍ ചെയ്തിട്ട് മിസ്ഡ് കോള്‍ കൊടുത്തു. ഫോണ്‍ തിരിച്ചുനല്‍കുമ്പോള്‍ ഇതാണ് എന്റെ നമ്പര്‍ എന്നും അശോക് പറഞ്ഞു. സാധാരണ ഗതിയില്‍ തന്റെ സ്വകാര്യതയിലേക്ക് ആരെങ്കിലും ഇതുപോലെ ഇടിച്ചുകയറിയാല്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും എന്നാല്‍ അന്ന് എന്തുകൊണ്ടോ അശോകിനോട് ദേഷ്യപ്പെട്ടില്ലെന്നും കീര്‍ത്തി പറയുന്നു.
'അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് ഞാന്‍ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന കാലമായിരുന്നു. അശോക് സെല്‍വന്‍ ആദ്യമായി അഭിനയിച്ച സിനിമ ഞാനാണ് ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നത്. അതിനുശേഷം പല സിനിമകളും ഡിസ്ട്രിബ്യൂഷന് എടുത്തു. അതിനെകുറിച്ച് വളരെ ഒഫീഷ്യലായിട്ടാണ് ആദ്യമെല്ലാം സംസാരിച്ചത്. തുടക്കത്തിലെ മെസ്സേജുകളും ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്കായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഡേറ്റിങ് തുടങ്ങിയത്.' കീര്‍ത്തി അഭിമുഖത്തില്‍ പറയുന്നു.
അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഇരുവരുടേയും ബന്ധത്തെ കുറിച്ച് അറിവില്ലായിരുന്നു. വളരെ ക്ലോസ് ആയ രണ്ട് സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യം. അവരോട്‌പോലും വിവാഹം ചെയ്യാന്‍ പോകുകയാണ് എന്ന കാര്യം പറഞ്ഞിരുന്നില്ല. സുഹൃത്ത് എന്ന നിലയില്‍ അശോകിന്റെ വീട്ടില്‍ കീര്‍ത്തി വരുമായിരുന്നു. അശോകിന്റെ അമ്മയ്ക്ക് കീര്‍ത്തിയ ഒരുപാട് ഇഷ്ടവുമായിരുന്നു. കീര്‍ത്തിയെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷമായെന്നും പ്രൊപ്പോസലിന് ഒരാഴ്ച്ച മുമ്പേ പ്രണയത്തിലാണെന്ന കാര്യം വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അശോക് പറയുന്നു.
ആന്‍ഡമാനില്‍വെച്ചാണ് കീര്‍ത്തിയെ അശോക് പ്രൊപ്പോസ് ചെയ്യുന്നത്. കടല്‍ കീര്‍ത്തിക്ക് വളരെ ഇഷ്ടമാണ്. കീര്‍ത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഇരുവരും
ആന്‍ഡമാനില്‍ പോയി. സ്‌കൂബ ഡൈവിങ്ങും അണ്ടര്‍ വാട്ടര്‍ എക്‌സ്പീരിയന്‍സുമെല്ലാം കീര്‍ത്തിക്ക് പുതിയ അനുഭവമായിരുന്നു. അതിനുശേഷമാണ് അശോക് ഇഷ്ടം തുറന്നുപറഞ്ഞത്. വിരലില്‍ മോതിരമിട്ടാണ് പ്രൊപ്പോസ് ചെയ്തത്. അന്ന് രണ്ടു പേരും സന്തോഷത്താല്‍ ഒരുപാട് കരഞ്ഞുവെന്നും അശോക് പറയുന്നു.
എന്നാല്‍ കീര്‍ത്തി വീട്ടില്‍ പിന്നീടാണ് കാര്യങ്ങള്‍ പറഞ്ഞത്. അതുവരെ മോതിരം മറച്ചുവെച്ചു. പിറന്നാള്‍ കഴിഞ്ഞിട്ടുള്ള ഡിന്നര്‍ പാര്‍ട്ടിയില്‍വെച്ച് കീര്‍ത്തി അശോകിനെ ഇഷ്ടമാണെന്ന് വീട്ടില്‍ തുറന്നുപറഞ്ഞു. അച്ഛനും അമ്മയ്ക്കും സന്തോഷമായി. അവര്‍ക്ക് നേരത്തെതന്നെ അശോകിനെ അറിയാമായിരുന്നു. അതിനുശേഷം അശോക് വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചുവെന്നും കീര്‍ത്തി പറയുന്നു.
Content Highlights: tamil actors ashok selvan and keerthi pandian love story