ബ്രാൻഡിന്റെ മാർക്കറ്റിങ് മുഖം മാത്രമല്ല ഞാൻ; വൈകാരികമായി ബിസിനസ്സിനെ സമീപിക്കുന്ന ആളാണ് ഞാൻ- തമന്ന

വെള്ളിത്തിരയിലെ തിളക്കത്തിന് പിന്നാലെ ബിസിനസ്സിന്റെ തിളക്കത്തിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച് തുറന്നുസംസാരിച്ച് തമന്നഭാട്ടിയ. തമന്ന ഫൈൻ ജ്വല്ലറി എന്ന പേരിലുള്ള തന്റെ ബ്രാൻഡിന് പിന്നിലെ സംരംഭകത്വ യാത്രയെക്കുറിച്ചും വിജയത്തെക്കുറിച്ചുമെല്ലാമാണ് താരം സംസാരിച്ചത്. വികാരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ബിസനസ്സ് ചെയ്യുന്നതെന്ന് തമന്ന പറയുന്നു. സ്ത്രീകൾ ബിസിനസ്സ് രംഗത്തെ സമീപിക്കുന്ന രീതി പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാണെന്നും താരം ചൂണ്ടിക്കാണിച്ചു.
'എന്റെ ബിസിനസ്സ് എപ്പോഴും എന്റെ വികാരങ്ങളാൽ നയിക്കപ്പെടുന്ന ഒന്നാണ്. വികാരങ്ങളുടെ പുറത്ത് ഒരാൾക്ക് എങ്ങനെ ഒരു ബിസിനസ്സ് നടത്താൻ സാധിക്കുമെന്ന് പലപ്പോഴും ആളുകൾക്ക് മനസ്സിലാകാറില്ല. സ്വന്തം കഴിവുകളെയും തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെയും കുറിച്ച് ബോധ്യമുള്ളവർ മറ്റുള്ളവരുടെ പാറ്റേണിൽ തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല. എപ്പോഴും ലക്ഷ്യം മാത്രം നോക്കിയാണ് ഞാൻ മുന്നോട്ടുപോകാറുള്ളത്.'
സിനിമയിലെത്തിയ കാലത്ത് താൻ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നതുപോലെ, ബിസിനസ്സ് രംഗത്തേക്കുള്ള ചുവടുവെപ്പിലും തന്റെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമാണെന്ന് തമന്ന വ്യക്തമാക്കുന്നു. താൻ നിർമിക്കാൻ ആഗ്രഹിക്കുന്ന ഉൽപന്നം ഏതാണെന്നും അത് എങ്ങനെ വളർത്തിയെടുക്കണമെന്നും ഉള്ള വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ട്. ബിസിനസ്സ് രംഗത്തും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് പൂർണ്ണമായ വ്യക്തതയുണ്ട്. ഞാൻ മുന്നോട്ട് പോകുന്തോറും അതിനുള്ള വഴികൾ കൂടുതൽ തെളിഞ്ഞുവരുന്നു. ഭാവിയിൽ തമന്ന ഫൈൻ ജ്വല്ലറി ഒരു ഐ.പി.ഒ വഴി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്ന് താരം പറഞ്ഞു.
സെലിബ്രിറ്റികൾ ബിസിനസ്സ് തുടങ്ങുമ്പോൾ പലപ്പോഴും അതിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയോ, ബ്രാൻഡിന്റെ മുഖം മാത്രമായി ഒതുങ്ങുകയോ ആണ് പതിവ്. എന്നാൽ തമന്ന ആ ശൈലിയെയും പൂർണ്ണമായും മാറ്റി. 'ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ് ഞാൻ. സ്റ്റോറിലേക്ക് ഏത് ഉൽപ്പന്നമാണ് വരേണ്ടത്, അതിന്റെ ഡിസൈൻ എങ്ങനെയുള്ളതായിരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ എന്റെ തന്നെ ഒരു ഇന്റേൺ കൂടിയാണ്. എല്ലാ ജോലികളും ഞാൻ തന്നെ നേരിട്ട് ചെയ്യുന്നുണ്ട്. എന്റെ സ്ഥാപനത്തിൽ എനിക്ക് ചെറുതോ വലുതോ ആയ യാതൊരു ജോലിയും ഭാരമുള്ളതല്ല. ബിസിനസ്സിന്റെ എല്ലാ വശങ്ങളെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'
സിനിമയിൽ ഒരു സംവിധായകൻ ക്രാഫ്റ്റുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുപോലെ, ഒരു സംരംഭകയും ബിസിനസ്സിന്റെ എല്ലാ ഘട്ടങ്ങളിലും നേരിട്ട് ഇടപെടണം എന്നാണ് തമന്നയുടെ പക്ഷം. ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം ഒതുങ്ങിനിന്നാൽ ബിസിനസ്സ് എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവ് നഷ്ടപ്പെടും. അതുകൊണ്ടാണ് ഈ വഴി താൻ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്ലാമറിന്റെ ലോകത്ത് തിളങ്ങിനിൽക്കുമ്പോൾ തന്നെ, കഠിനാധ്വാനവും ആത്മാർത്ഥതയും കൈമുതലാക്കി ഒരു സംരംഭം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് തമന്ന ഭാട്ടിയ. വെറുമൊരു താരപ്രഭയുടെ തിളക്കത്തിൽ മാത്രം ബിസിനസ്സ് നടത്തുന്നതിന് പകരം, അതിന്റെ സൂക്ഷമവശങ്ങൾ നേരിട്ടറിഞ്ഞ് മുന്നേറുന്ന തമന്നയുടെ നിലപാട് ഇന്നത്തെ യുവസംരംഭകർക്ക് വലിയൊരു മാതൃകയാണ്.
Content Highlights: Tamannaah Bhatia discusses her unique approach to business, highlighting the role of emotions and clarity in her brand, Tamanna Fine Jewellery.