സ്വാതന്ത്ര്യത്തിന്റെ ചെറിയ മുറിയും അടയ്ക്കപ്പെട്ടു,തൊഴില്‍ നഷ്ടപ്പെട്ടത് 60000ത്തോളം സ്ത്രീകള്‍ക്ക്

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ സ്ത്രീകളോടുള്ള നീതിനിഷേധം തുടര്‍ക്കഥയാവുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് സ്ത്രീകളെ വിലക്കിയ താലിബാന്‍ വനിതകള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. 2021-ല്‍ തന്നെ പാര്‍ലറിന് മുന്നിലെ സ്ത്രീകളുടെ ചിത്രങ്ങളെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒന്നര വര്‍ഷങ്ങള്‍ക്കിപ്പുറം സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലര്‍ തന്നെ നടത്തേണ്ട എന്ന നിലപാട് എടുത്തിരിക്കുകയാണ് താലിബാന്‍ ഭരണകൂടം.

ഇതോടെ സ്ത്രീകളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന അഫ്ഗാനിസ്താനിലെ കുടുംബങ്ങള്‍ ഇനി എന്തുചെയ്യും എന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ്. ഏകദേശം അറുപതിനായിരത്തോളം
സ്ത്രീതൊഴിലാളികള്‍ക്കാണ് ഈ ഉത്തരവിലൂടെ ജോലി നഷ്ടപ്പെടുക. ഈ ഉത്തരവിനെതിരേ കഴിഞ്ഞാഴ്ച സ്ത്രീകള്‍ കാബൂളിലെ തെരുവിലിറങ്ങിയിരുന്നു. 'എന്റെ ഭക്ഷണവും വെള്ളവും അപഹരിക്കരുത്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അമ്പതില്‍ അധികം സ്ത്രീകള്‍ തെരുവില്‍ അണിനിരന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് ഇവരെ താലിബാന്‍ പിരിച്ചുവിട്ടത്. 

'അവര്‍ കണ്ണീരോടെ എന്റെ മുടി കളര്‍ ചെയ്തു'

ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടുകയാണെന്ന വാര്‍ത്ത പുറത്തുവന്ന സമയത്ത് 23-കാരിയായ സര്‍മിന ഒരു ബ്യൂട്ടി സലൂണില്‍ തന്റെ മുടിക്ക് കളര്‍ ചെയ്യാന്‍ ഇരിക്കുകയായിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ആ കടയുടെ ഉടമസ്ഥ ആകെ ഞെട്ടിപ്പോയെന്നും അവര്‍ കണ്ണീരോടെയാണ് തന്റെ മുടിയില്‍ കളര്‍ ചെയ്തതെന്നും സര്‍മിന പറയുന്നു. 'അവരുടെ വീട്ടിലെ തൊഴിലുള്ള ഏക വ്യക്തി ആ സ്ത്രീയാണ്. ഇനി എന്തുചെയ്യും എന്നാലോച്ചിട്ട് അവര്‍ക്ക് ഒരു ഉത്തരം കിട്ടിയിരുന്നില്ല. എനിക്കൊന്ന് കണ്ണാടി നോക്കാന്‍ പോലും കഴിഞ്ഞില്ല. കാരണം എന്റെ ചുറ്റുമുള്ള ബ്യൂട്ടി പാര്‍ലറിലെ മറ്റ് തൊഴിലാളികളെല്ലാം കരയുകയായിരുന്നു.' സര്‍മിന പറയുന്നു.

അഫ്ഗാനിസ്താന്റെ തെക്കുഭാഗമായ കാണ്ഡഹാറിലാണ് സര്‍മിനയുടെ വീട്. മക്കളെ മേക്കപ്പ് ഇടുന്നതില്‍ നിന്ന് വിലക്കുന്നതും ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ അനുവദിക്കാത്തതുമെല്ലാം അവിടെ സാധാരണമാണെന്ന് സര്‍മിന പറയുന്നു. 16-ാം വയസ്സിലാണ് സര്‍മിനയുടെ വിവാഹം കഴിഞ്ഞത്. തനിക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമില്ലെന്നും ഒരു വര്‍ഷം രണ്ടോ മൂന്നോ തവണ മാത്രമാണ് ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ ഭര്‍ത്താവ് അനുവാദം നല്‍കിയിരുന്നതെന്നും സര്‍മിന പറയുന്നു. 

കാബൂളിലെ ബ്യൂട്ടി സലൂണിലുള്ളിലേക്ക് പ്രവേശിക്കുന്ന യുവതി | Photo: AP

അടുത്തുള്ള വീട്ടിലെ സ്ത്രീക്കൊപ്പമാണ് സര്‍മിന ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നത്. ഈ യാത്രകള്‍ അവരുടെ സൗഹൃദം ദൃഢമാക്കി. ഒപ്പം ബ്യൂട്ടി പാര്‍ലറിലെ തൊഴിലാളികളോടും അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള വീടിനു പുറത്തുള്ള ഒരു ഇടം കൂടിയായിരുന്നു ബ്യൂട്ടിപാര്‍ലറുകള്‍. തങ്ങളുടെ അരക്ഷിതാവസ്ഥയും വീട്ടില്‍ നേരിടുന്ന പീഡനങ്ങളുമെല്ലാം സ്ത്രീകള്‍ തുറന്നുപറഞ്ഞിരുന്നത് ആ കൂടിക്കാഴ്ച്ചയിലാണ്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അവസാനിച്ചുവെന്നും സര്‍മിന പറയുന്നു.

'ഞാന്‍ മേക്കപ്പ് ചെയ്ത് പുറത്തിറങ്ങുന്നതുവരെ ഭര്‍ത്താവ് കാത്തിരിക്കും'

കുട്ടിക്കാലം മുതല്‍ മേക്കപ്പ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് 22-കാരിയായ മദീന. കാബൂളില്‍ താമസിക്കുന്ന മദീന എപ്പോഴും ഭര്‍ത്താവിനൊപ്പമാണ് സലൂണിലെത്തുക.  'മുടി കളര്‍ ചെയ്യുന്നതും വ്യത്യസ്ത ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കുന്നതുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എനിക്കുവേണ്ടി മണിക്കൂറുകളോളം സലൂണില്‍ കാത്തുനില്‍ക്കുമായിരുന്നു. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എന്റെ പുതിയ ലുക്ക് കണ്ട് അദ്ദേഹം അഭിനന്ദിക്കും.' മദീന പറയുന്നു. 

അഭിഭാഷക ആകണമെന്നായിരുന്നു മദീനയുടെ സ്വപ്നം. എന്നാല്‍ സ്ത്രീകള്‍ പഠനത്തിനായി യൂണിവേഴ്‌സിറ്റികളില്‍ പോകുന്നത് താലിബാന്‍ വിലക്കിയതോടെ ആ സ്വപ്‌നവും പൊലിഞ്ഞു. 'ബ്യൂട്ടി പാര്‍ലറിലെ സ്ത്രീകള്‍ ആദ്യം സ്‌കര്‍ട്ടും ജീന്‍സുമെല്ലാം ധരിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും പര്‍ദയും ഹിജാബുമാണ് ധരിക്കുന്നത്. അന്തരീക്ഷം മുഴുവന്‍ ഒരു പേടിയാണ് തങ്ങിനില്‍ക്കുന്നത്. ആരും രാഷ്ട്രീയം തുറന്നു സംസാരിക്കാറില്ല. കൂട്ടത്തില്‍ ആരെങ്കിലും താലിബാനെ പിന്തുണയ്ക്കുന്നവരാകും എന്ന പേടിയാണ് ഇതിന് കാരണം'-മദീന പറയുന്നു. 

'എന്റെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. അന്ന് ഞാന്‍ എല്ലാവിധ മേക്കപ്പും ചെയ്തിരുന്നു. അന്ന് ഞാന്‍ കൂടുതല്‍ സുന്ദരിയായി. അന്നത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. അന്ന് വരന് വധുവിനെ മേക്കപ്പിലൂടെ ഒരുക്കുന്നത് കാണാനുള്ള അവസരമുണ്ടായിരുന്നു. സലൂണിനുള്ളിലെത്തി ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊന്നും അനുവാദമില്ല.' മദീന കൂട്ടിച്ചേര്‍ക്കുന്നു. 

കാബൂളില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്‌ | Photo: AFP

'ബ്യൂട്ടി പാര്‍ലറുകളാണ് എന്റെ പൊള്ളിയ മുഖത്തെ പാടുകള്‍ മാറ്റിയത്'

ബ്യൂട്ടി പാര്‍ലറിലൂടെ തന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിച്ച അനുഭവമാണ് 27-കാരിയായ സുമയ്യക്ക് പങ്കുവെയ്ക്കാനുള്ളത്. മസര്‍-ഇ-ഷരീഫ് സ്വദേശിയായ സുമയ്യയുടെ മുഖത്തിന് മൂന്ന് വര്‍ഷം മുമ്പാണ് പൊള്ളലേറ്റത്. റൂമിലെ ഹീറ്റര്‍ പൊട്ടിത്തെറിച്ച് അവരുടെ പുരികങ്ങളും കണ്‍പീലികളും കരിഞ്ഞുപോയി. അന്ന് തന്റെ മുഖത്തേക്ക് നോക്കാന്‍ പേടിയായിരുന്നുവെന്നും മാസങ്ങളോളം പുറത്തിറങ്ങാതെ വീടിനുള്ളില്‍ കരഞ്ഞിരുന്നുവെന്നും സുമയ്യ പറയുന്നു.

ഒടുവില്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടി. അതോടെ മുറിവുകളെല്ലാം ഉണങ്ങി. എന്നാല്‍ പാടുകളെല്ലാം അവശേഷിച്ചു. ബ്യൂട്ടി പാര്‍ലറില്‍ പോയി മൈക്രോ-ബ്ലേഡിങ് ചെയ്തതോടയാണ് മുഖം പഴയതുപോലെ ആയത്. പുരികം തിരിച്ചുവന്നു. അന്ന് കണ്ണാടി നോക്കിയപ്പോള്‍ സന്തോഷത്താല്‍ താന്‍ കരഞ്ഞുപോയെന്നും സുമയ്യ പറയുന്നു. 

സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ചെയ്ത സുമയ്യ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സലര്‍ ആയി ജോലി ചെയ്യുകയാണ്. 'ഞങ്ങള്‍ക്ക് സലൂണുകള്‍ മേക്കപ്പ് ചെയ്യാന്‍ മാത്രമുള്ളതല്ല. ഞങ്ങള്‍ക്ക് ഒരുമിച്ച്  ഇരുന്ന് സംസാരിക്കാനുള്ള ഒരു സ്ഥലം കൂടിയായിരുന്നു അത്. ഞങ്ങളുടെ സങ്കടങ്ങള്‍ മറന്ന് പുതിയ പ്രതീക്ഷകള്‍ പകരുന്ന സ്ഥലം. എന്നാല്‍ ആ കച്ചിത്തുരുമ്പും ഇല്ലാതായിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ ആ ചെറിയ മുറിയും അടയ്ക്കപ്പെട്ടിരിക്കുന്നു.' 

(ഈ റിപ്പോര്‍ട്ടിലെ പേരുകള്‍ സാങ്കല്‍പികം. story courtesy: bbc)
 

Content Highlights: taliban beauty salon ban loss of an estimated 60000 jobs