ഇന്ത്യക്കാരായ ഭർതൃവീട്ടുകാർ ഭയാനകം; രണ്ടാം വിവാഹത്തിൽ യു.കെയിൽ നിന്നും സ്‌നേഹം കിട്ടി-സ്വാതി

സ്വാതിയും കുടുംബവും|photo:https://www.instagram.com/adventureswithswati/
സ്വാതിയും കുടുംബവും|photo:https://www.instagram.com/adventureswithswati/

ന്ത്യയിൽ ഭർത്തൃവീട്ടിൽ നിന്നും മരുമകൾ എന്ന നിലയിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും വിദേശരാജ്യങ്ങളെ ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ട്രാവൽ ഇൻഫ്‌ളുവൻസറായ സ്വാതി. തന്റെ രണ്ടാം വിവാഹത്തിന് ശേഷം യുകെയിലെ ഭർതൃവീട്ടുകാരുമായി നടത്തിയ യാത്രയെക്കുറിച്ചും, ആദ്യ വിവാഹത്തിൽ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചും സ്വാതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തന്റെ ബ്രിട്ടീഷുകാരനായ ഭർത്താവ് ക്രിസിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമൊപ്പം ഐസ്ലാൻഡിലേക്ക് നടത്തിയ വിനോദയാത്രയെക്കുറിച്ചാണ് സ്വാതി വീഡിയോയിൽ വിവരിക്കുന്നത്. തന്റെ 72 വയസ്സ് പ്രായമുള്ള യുകെക്കാരായ അമ്മായിഅമ്മയും അമ്മായിഅപ്പനും യാതൊരു പരാതിയും പറയാതെയാണ് യാത്രയിൽ പങ്കെടുത്തത്. രാവിലെ നേരത്തെ ഉണരുന്നതിലോ 12 മണിക്കൂറോളം തുടർച്ചയായി യാത്ര ചെയ്യുന്നതിലോ അവർ ഒട്ടും മടി കാണിച്ചില്ല-സ്വാതി പറയുന്നു. കുറ്റപ്പെടുത്തലുകളോ, പരിഹാസങ്ങളോ, കുടുംബ നാടകങ്ങളോ ഇല്ലാത്ത തികച്ചും സമാധാനപരമായ അന്തരീക്ഷമായിരുന്നു യാത്രയിലുടനീളം ഉണ്ടായിരുന്നത്. യാത്രയ്ക്ക് ശേഷം, തങ്ങൾക്കായി ഇത്രയും മനോഹരമായ ഒരു യാത്ര പ്ലാൻ ചെയ്തതിന് വലിയ നന്ദി അറിയിച്ചുകൊണ്ട് അവർ തനിക്ക് അയച്ച ഇമെയിലൂം സ്വാതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'നിങ്ങളുടെ സമയവും പ്രയത്‌നവും ഞങ്ങൾ കാണുന്നുണ്ട്' എന്ന് പറഞ്ഞുള്ളതായിരുന്നു ആ സന്ദേശം.

യുകെയിലെ കുടുംബത്തിൽ നിന്ന് ലഭിച്ച ഈ അനുഭവത്തെ തന്റെ ആദ്യ വിവാഹ ജീവിതവുമായി സ്വാതി താരതമ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്റെ ആദ്യ വിവാഹം ഒരു ഇന്ത്യക്കാരനുമായിട്ടായിരുന്നു. അവരുടെ കുടുംബവും ഭർതൃവീട്ടുകാരും അത്യന്തം മോശമായ പെരുമാറ്റമുള്ളവരായിരുന്നു. ഞാൻ എന്ത് ചെയ്താലും അത് അവർക്ക് പോരായിരുന്നു. എപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രമായിരുന്നു പകരം കിട്ടിയിരുന്നത്-സ്വാതി തുറന്നുപറഞ്ഞു.

ആരോഗ്യകരവും പരസ്പര ബഹുമാനവുമുള്ള ഒരു ഭർതൃകുടുംബം എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് തന്റെ ഇപ്പോഴത്തെ കുടുംബമെന്നും അവർ കൂട്ടിച്ചേർത്തു. സ്വാതിയുടെ വീഡിയോ പുറത്തുവന്നതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അനുകൂലിച്ചും സമാന അനുഭവങ്ങൾ പങ്കുവെച്ചും രംഗത്തെത്തി. തങ്ങളും മുൻപ് സമാനമായ വിഷമകരമായ ഇന്ത്യൻ ഭർതൃകുടുംബ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും, വിദേശികളുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെന്നും പല സ്ത്രീകളും കുറിച്ചു.ഇന്ത്യൻ ഭർതൃവീടുകളിൽ സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിക്കാൻ 'അനുവാദം' ലഭിക്കുന്നത് പോലും വലിയ കാര്യമായി കാണേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചും ചിലർ പരിഹസിച്ചു. പരസ്പര സ്‌നേഹവും പ്രയത്‌നങ്ങളെ അംഗീകരിക്കുന്ന മനസ്സുമാണ് ഏതൊരു കുടുംബബന്ധത്തെയും മനോഹരമാക്കുന്നത് എന്ന ചർച്ചയ്ക്കും ഈ പോസ്റ്റ് വഴിവെച്ചു.

Content Highlights: Comparison between toxic Indian in-laws and supportive UK in-laws., Swathi's positive experience traveling with her 72-year-old British in-laws., Importance of mutual respect and appreciation in family relationships., Social media reaction highlighting similar experiences of Indian women.