മരങ്ങള്‍ക്ക് പറയാനുള്ള കഥകള്‍;മൂന്നാറിന്റെ സൗന്ദര്യം ക്യാന്‍വാസിലേക്ക് പകര്‍ത്തി മമ്മൂട്ടിയുടെ മകള്‍

പെന്‍ലൈന്‍ ചായം കൊണ്ട് പ്രകൃതിയുടെ സൗന്ദര്യം ക്യാന്‍വാസില്‍ വരച്ചിട്ട് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ ഒരു കലാകാരി കാത്തുനില്‍പ്പുണ്ട്. ചിത്രം നടന്നുകാണുന്നതിനിടയില്‍ അവരെ പരിചയപ്പെടുന്ന മലയാളികള്‍ക്ക് അത് ഇരട്ടിസന്തോഷത്തിന്റെ നിമിഷമാകും. കാരണം ആ കലാകാരി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ്. ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ വേദിയായ കോണ്‍സ്റ്റിസ്റ്റിയൂഷന്‍ ക്ലബ്ബിലാണ് സുറുമിയുടെ ചിത്രപ്രദര്‍ശനം.
നിറങ്ങള്‍ വാരിത്തൂകാതെ ആഴമേറിയ കാഴ്ച്ചാനുഭവത്തിന് ഊന്നല്‍ നല്‍കുന്നതാണ് സുറുമിയുടെ ചിത്രങ്ങള്‍. ഒരു നോവലിന്റെ കവര്‍ ചിത്രത്തിനായി ഇതിന് മുമ്പ് കളര്‍ പോര്‍ട്രെയ്റ്റ് ചെയ്തിട്ടുള്ള സുറുമി അതിനുശേഷം നിറങ്ങളെ അധികം ആശ്രയിച്ചിട്ടില്ല.
മൂന്നാറിന്റെ പച്ചപ്പിലൂടെ നടന്നു നീങ്ങുമ്പോള്‍ മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് മാസങ്ങളോളം ചെലവിട്ടാണ് സുറുമി ചായങ്ങളിലേക്ക് പകര്‍ത്തിയത്. ഇതില്‍ അധികവും മരങ്ങളുടെ ചിത്രങ്ങളാണ്. കാടിനുള്ളിലേക്കുള്ള യാത്ര ചെയ്യുന്നതുപോലേയും മരത്തെ ആലിംഗനം ചെയ്യുന്നതുപോലെയുമൊരു സന്തോഷമാണ് സുറുമിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. മരത്തിന്റെ ഓരോ ഭാഗങ്ങളും വളരെയധികം സൂക്ഷ്മതയോടെയാണ് സുറുമി ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്.
കലാസ്വാദകര്‍ ചിത്രങ്ങള്‍ക്ക് നല്‍കുന്ന സ്വീകരണം അനുഭവിച്ചറിഞ്ഞ താന്‍ ഡല്‍ഹിയില്‍ നിന്നും നിറഞ്ഞ മനസോടെയാകും മടങ്ങുകയെന്നും ഡല്‍ഹിയിലെ ആദ്യത്തെ ചിത്രപ്രദര്‍ശനം തുടര്‍ന്നുള്ള കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണെന്നും സുറുമി പറയുന്നു. 'കേരളത്തില്‍ ചിത്രപ്രദര്‍ശനം നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. ചിത്രങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഞാന്‍ മമ്മൂട്ടിയുടെ മകളാണെന്നോ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയാണോ എന്നൊന്നും അറിയില്ല. എല്ലാവരും ചിത്രകാരിയായ സുറുമിയായാണ് എന്നെ കാണുന്നത്. ആ അനുഭവം നല്‍കുന്നത് വലിയ സന്തോഷമാണ്'.സുറുമി കൂട്ടിച്ചേര്‍ക്കുന്നു.
ബാല്യകാല സുഹൃത്തും ചിത്രകാരിയുമായ ദീപശിഖ ഖൈത്താനുമായി ചേര്‍ന്നാണ് സുറുമി ചിത്രപ്രദര്‍ശനം നടത്തുന്നത്. വ്യാഴാഴ്ച തുടങ്ങിയ ചിത്രപ്രദര്‍ശനത്തില്‍ ഇതുവരെ സുറുമിയുടെ രണ്ട് ചിത്രങ്ങള്‍ വിറ്റുപോയി. ആ സന്തോഷം വാപ്പച്ചിയെ വിളിച്ച് അറിയിക്കാനും സുറുമി മറന്നില്ല. ഞായറാഴ്ചയാണ് പ്രദര്‍ശനം സമാപിക്കുക.
കുട്ടിക്കാലം മുതല്‍ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്ന സുറുമി ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ലണ്ടനിലെ ചെല്‍സി കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് ഗ്രാഫിക്സ് ആന്‍ഡ് ഡിസൈനില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയ സുറുമി ഇപ്പോള്‍ മുഴുവന്‍ സമയവും ചിത്രരചനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ ലൈറ്റ്ഹൗസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലെ കുട്ടികള്‍ക്കും സുറുമി ചിത്രരചനയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. ആര്‍ട്ട് ഫെസ്റ്റിവില്‍ അവസാനിച്ചാല്‍ നാട്ടില്‍ മടങ്ങിയെത്തി കുടുംബവുമായി സന്തോഷം പങ്കിടാനുള്ള തിടുക്കത്തിലാണ് സുറുമി. ഭര്‍ത്താവ് ഡോക്ടര്‍ മുഹമ്മദ് റെയ്ഹാന്‍ സയ്യദിനും മക്കള്‍ക്കുമൊപ്പം ബെംഗളൂരുവിലാണ് താമസം.