ഒരു കപ്പ് ചായ സന്തോഷം നൽകുന്നത്, മധുരം പൂർണമായി ഒഴിവാക്കണോ? സുനിൽ ഷെട്ടിയുടെ ഡയറ്റ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ഭക്ഷണക്രമത്തിലും ആരോഗ്യസംരക്ഷണത്തിലും പുലർത്തുന്ന ചിട്ടകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം സുനിൽ ഷെട്ടി. സംരംഭകനായ നിഖിൽ കമത്തിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. പഞ്ചസാര ഉപയോഗിക്കാറില്ലെന്നും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ പഴങ്ങൾ കഴിക്കാം, അല്ലെങ്കിൽ പഞ്ചസാര ഉപയോഗിക്കാം. ഒരു കപ്പ് ചായ വളരെ സന്തോഷം നൽകുന്നതാണെന്നും 63-കാരനായ സുനിൽഷെട്ടി പറയുന്നു.

ഉപ്പിനും ഭക്ഷണക്രമത്തിൽ പ്രധാന സ്ഥാനമുണ്ടെന്ന് സുനിൽ ഷെട്ടി വ്യക്തമാക്കി. ഭക്ഷണത്തിന് മുകളിൽ അൽപം ഉപ്പ് വിതറി കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് സാൾട്ട് താൽപ്പര്യമില്ലെന്നും ആഹാരത്തിൽ സാധാരണ ഉപ്പാണ് ഉപയോഗിക്കുന്നതെന്നും താരം കൂട്ടിചേർത്തു.

പ്രഭാതഭക്ഷണത്തിൽ മുട്ടയുടെ വെള്ള മാത്രം

രാവിലെ നാല് മുട്ടയുടെ വെള്ളയാണ് സാധാരണ കഴിക്കാറുള്ളതെന്ന് സുനിൽ ഷെട്ടി പറഞ്ഞു. മുട്ടയുടെ മഞ്ഞക്കരു തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ചേരില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാലും പാലുത്പന്നങ്ങളും ഉപയോഗിക്കാറില്ലെന്നും താരം പറഞ്ഞു. ഒരു പക്ഷേ, ഗോതമ്പിനെക്കാൾ അരിക്ക് പ്രാധാന്യം നൽകിയിരുന്ന ഭക്ഷണശീലത്തിൽനിന്നു വന്നതുകൊണ്ടാകാം ഇതെന്നും അദ്ദേഹം വിശദീകരിച്ചു. മത്സ്യമോ കോഴിയിറച്ചിയോ ഉൾപ്പെടുന്നതാണ് ഉച്ചഭക്ഷണം. 150-200 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും വൈകുന്നേരം വീണ്ടും 150-200 ഗ്രാം അളവിൽ മത്സ്യമോ കോഴിയിറച്ചിയോ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഒരു ദിവസം ഏകദേശം 1,600-1,700 കലോറി ലഭിക്കുന്നതായും താരം വ്യക്തമാക്കി.

മധുരം കഴിക്കാതെ വയ്യ; അത്താഴം ഏഴുമണിക്ക്

ഭക്ഷണക്രമത്തിൽ കർശനമായ ചിട്ടകൾ പിന്തുടരുന്നുണ്ടെങ്കിലും ഇഷ്ടഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്ന ശീലം തനിക്കില്ലെന്ന് സുനിൽ ഷെട്ടി പറഞ്ഞു. പഴങ്ങളും മധുരപലഹാരങ്ങളും ഏറെ ഇഷ്ടമാണ്. ഭക്ഷണത്തിനുശേഷം മധുരപലഹാരം ലഭിച്ചില്ലെങ്കിൽ തനിക്ക് അസ്വസ്ഥതയുണ്ടാകുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. എന്നാൽ, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കാറുണ്ട്. രാത്രി ഏഴുമണിയോടെ അത്താഴം കഴിച്ചുതീർക്കുന്നതാണ് തന്റെ പതിവെന്നും താരം വ്യക്തമാക്കി.

പഞ്ചസാരയും ഉപ്പും പൂർണമായി ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?

പഞ്ചസാരയോ ഉപ്പോ പൂർണമായി ഒഴിവാക്കുന്നത് പലപ്പോഴും ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക. പ്രകൃതിദത്ത പഞ്ചസാരയ്ക്കും ഉപ്പിനും മെറ്റാബോളിക് പ്രവർത്തനങ്ങളിൽ പ്രധാന പങ്കുണ്ട്. തലച്ചോറിന്റെയും പേശികളുടെയും പ്രവർത്തനത്തിന് ഗ്ലൂക്കോസ് ഊർജം നൽകുമ്പോൾ ശരീരത്തിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥയും നാഡികളുടെ പ്രവർത്തനവും നിയന്ത്രിക്കാൻ സോഡിയം സഹായിക്കുന്നു- ഫിറ്റ്‌നസ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ അശ്ലേഷ ജോഷിയുടെ വാക്കുകൾ.

ഇവ പൂർണമായി ഒഴിവാക്കുമ്പോൾ ക്ഷീണം, അസ്വസ്ഥത, ദേഷ്യം തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ തകരാനും സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഭക്ഷണക്രമത്തിൽ ഒഴിവാക്കലുകളേക്കാൾ പ്രാധാന്യം മിതത്വത്തിനാണെന്ന് അശ്ലേഷ ജോഷി പറഞ്ഞു. മിതമായതും പഴങ്ങൾ പോലുള്ള പ്രകൃതിദത്ത സ്രോതസ്സുകളിൽനിന്നുള്ള പഞ്ചസാരയും ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്. റിഫൈൻ ചെയ്യാത്ത ശർക്കര പോലുള്ള മധുരപദാർഥങ്ങളും ഇടയ്ക്കിടെ ഉപയോഗിക്കാം. അതുപോലെ, അയഡിൻ ചേർത്ത ഉപ്പോ കല്ലുപ്പോ അളവു നിയന്ത്രിച്ച് ഉപയോഗിക്കാം.

അമിതമായ നിയന്ത്രണങ്ങൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദീർഘകാലം പിന്തുടരാൻ കഴിയുന്ന ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തുന്നതാണ് കടുത്ത നിയന്ത്രണങ്ങളേക്കാൾ പ്രധാനം.

ഗ്ലൂട്ടനും പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നത് സുരക്ഷിതമാണോ?

ഗ്ലൂട്ടൻ അല്ലെങ്കിൽ പാലുൽപ്പന്നങ്ങൾ ശരീരത്തിനോട് ചേരാത്തതിന്റെ കാരണം പരിശോധനകളിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. ഇത്തരം ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം വയറു വീർക്കുക, വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുക, ചർമപ്രശ്‌നങ്ങൾ ഉണ്ടാകുക, വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. ഇവയുണ്ടെങ്കിൽ യോഗ്യതയുള്ള ന്യൂട്രീഷ്യനിസ്റ്റിന്റെയോ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റിന്റെയോ ഉപദേശം തേടണം.

ശരീരത്തിന് ചേരുന്നതാണോ എന്ന് തിരിച്ചറിയാതെയാണ് പലരും ഗ്ലൂട്ടനും പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നത്. ഇത്തരത്തിലുള്ള അനാവശ്യ നിയന്ത്രണങ്ങൾ പോഷക അപര്യാപ്തതയ്ക്ക് കാരണമായേക്കാം.

വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ ഭക്ഷണകാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാവൂ. ഇത്തരം ആഹാരരീതികൾ കൃത്യമായ ആസൂത്രണത്തോടെയും നിരീക്ഷണത്തോടെയും വേണം നടപ്പാക്കാൻ. ഒഴിവാക്കുന്ന ഭക്ഷണങ്ങളിൽനിന്ന് ലഭിച്ചിരുന്ന കാൽസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ മറ്റുവഴികളിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.' അശ്ലേഷ ജോഷി പറഞ്ഞു.

കലോറി നിയന്ത്രണവും ഭക്ഷണം കഴിക്കുന്ന സമയവും എത്രത്തോളം പ്രധാനം?

സുനിൽ ഷെട്ടിയുടെ കലോറി നിയന്ത്രണവും രാത്രിയാഹാരം നേരത്തെ കഴിക്കുന്ന രീതിയും ആരോഗ്യതത്ത്വങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്. ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനും മെറ്റാബോളിക്ക് പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാനും കലോറി നിയന്ത്രണം പ്രധാനമാണെന്ന് അശ്ലേഷ ജോഷി പറഞ്ഞു. എന്നാൽ, ഓരോരുത്തരുടെയും ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലി, ആരോഗ്യലക്ഷ്യങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കണം കലോറി അളവ് നിശ്ചയിക്കേണ്ടത്.

രാത്രി നേരത്തേ അത്താഴം കഴിക്കുന്നത് ദഹനത്തിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനും സഹായിക്കുമെന്ന് അവർ വിശദീകരിച്ചു. അതേസമയം, കലോറി അമിതമായി കുറയ്ക്കുന്നതിനേക്കാൾ പ്രധാനം കൃത്യവും സ്ഥിരതയുള്ളതുമായ ഭക്ഷണക്രമം പിന്തുടരുന്നതാണ്. ദീർഘകാലം ഊർജസ്വലതയും ആരോഗ്യകരമായ ജീവിതവും നിലനിർത്താൻ ഇത്തരം ഭക്ഷണശീലങ്ങൾ സഹായിക്കുമെന്നും അശ്ലേഷ ജോഷി വ്യക്തമാക്കി.

Content Highlights: Bollywood star Sunil Shetty shares his diet secrets, including avoiding sugar and gluten, and the importance of salt in his meals.