ഒരു ചുരിദാര്‍ പോലും തയ്ക്കാന്‍ അറിയില്ലായിരുന്നു; ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് വരെ ഓര്‍ഡര്‍

കോവിഡ് മഹാമാരി ഒട്ടേറെ പേരുടെ ജീവനും ജീവിതവും തകര്‍ത്തെറിഞ്ഞപ്പോള്‍ സന്ധ്യയെപ്പോലെ ചുരുക്കം ചിലര്‍ക്ക് അത് പുതുയുഗപിറവിയായിരുന്നു. 2020 മുതല്‍ മൂന്നുവര്‍ഷത്തിനിടയില്‍ സ്വപ്ന തുല്യമായ കാര്യങ്ങളാണ് സന്ധ്യ സ്വന്തമാക്കിയത്. ബി.കോം. ബിരുദം പൂര്‍ത്തിയാക്കി സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി നോക്കുകയായിരുന്ന അവര്‍ ഇന്ന് സ്വയം സംരംഭകയാണ്, നാലാള്‍ അറിയുന്ന ഫാഷന്‍ ഡിസൈനറാണ്.
ഡിഗ്രി കഴിഞ്ഞ് ഏവിയേഷന്‍ മേഖലയില്‍ ജോലി നോക്കുന്നതിനിടയില്‍ 2012-ലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. ഇവിടെ ഒരു പ്രമുഖ മൊബൈല്‍ ഫോണ്‍ പ്രൊഡക്ഷന്‍ കമ്പനിയിലെ മാനേജരായ രതീഷ് കോച്ചേരിയെ വിവാഹം കഴിച്ചായിരുന്നു ഡല്‍ഹിയിലേക്കുള്ള ചേക്കേറല്‍. ഇവിടെയെത്തി ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഫീസ് സ്റ്റാഫായി ജോലി ചെയ്യവെയാണ് കോവിഡും തുടര്‍ന്നുള്ള അടച്ചിടലുമെല്ലാം വന്നത്. ഭര്‍ത്താവിന്റെ അമ്മ കമലാക്ഷി അര്‍ബുദ രോഗ ബാധിതയായിരുന്നതിനാല്‍ ഞങ്ങള്‍ ഉടനെ നാട്ടിലേക്ക് പോയി. അവിടെയെത്തി അമ്മയുടെ ചികിത്സയെല്ലാം പുരോഗമിക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായാണ് ന്യൂസ് ചാനലില്‍ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്റ്റൈല്‍ ഡിസൈനിങ്ങിനെക്കുറിച്ച് അറിയുന്നത്.
അവിടെ ഫാഷന്‍ ഡിസൈനിങില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാന്‍ പോകുന്നത് അറിഞ്ഞതോടെ അതിനുചേര്‍ന്നു. ഓണ്‍ലൈനായായിരുന്നു കോഴ്‌സ്. ഒരു ചുരിദാര്‍ പോലും തയ്ച്ചിട്ടില്ലാത്ത ഞാന്‍ എന്തിനാണ് പരസ്യം കണ്ടയുടന്‍ കോഴ്‌സിനു ചേര്‍ന്നതെന്ന് എനിക്കറിയില്ല. പക്ഷേ; സംഭവിക്കാനുള്ളതെല്ലാം നല്ലതിനാണ് എന്നാണല്ലോ. കോവിഡിന്റെ അടച്ചിടലുകള്‍ക്ക് ചെറിയ അയവു വന്നപ്പോള്‍ ഡല്‍ഹിയിലേക്ക് ഞാനും ഭര്‍ത്താവും മക്കളും തിരിച്ചുവന്നു. പിന്നെ മക്കള്‍ അവരുടെ സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിലും ഞാന്‍ എന്റെ ക്ലാസുമെല്ലാമായി ആകെ ബഹളമായിരുന്നു.
ഒന്നരവര്‍ഷത്തെ കോഴ്‌സ് ആറുമാസം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഞാന്‍ സ്വന്തം സ്ഥാപനം തുടങ്ങി. ഓര്‍മ ഡിസൈന്‍സ് എന്ന് പേരുമിട്ടു. അങ്ങനെ 2021-ലെ ഓണത്തിന് എനിക്ക് ആദ്യ ഓര്‍ഡര്‍ ലഭിച്ചു. കുട്ടികള്‍ക്കായി മുപ്പത് പട്ടുപാവാട. പിന്നീട് കണ്ടും കേട്ടുമറിഞ്ഞ് ചുരിദാര്‍, കുര്‍ത്ത തുടങ്ങിയവയുടെ നിരവധി ഓര്‍ഡറുകള്‍ വന്നുതുടങ്ങി. അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് ആദ്യ ഓര്‍ഡര്‍ ലഭിച്ചു. ലെഹങ്കകള്‍ക്കും ചില കേരളീയ വസ്ത്രങ്ങള്‍ക്കുമാണ് ഓര്‍ഡര്‍ ലഭിച്ചത്.
ഓര്‍ഡറുകളെടുക്കുന്നുണ്ടായിരുന്നെങ്കിലും മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഞാന്‍ ബുട്ടീക് ആരംഭിച്ചത്. നിലവില്‍ നാലുസഹായികളും ഓര്‍മ ഡിസൈന്‍സിന്റെ ഭാഗമാണ്. ഇപ്പോള്‍ സാധാരണ വസ്ത്രങ്ങള്‍ക്കു പുറമെ, ഡാന്‍ഡ് കോസ്റ്റ്യൂസിനും വിവാഹവസ്ത്രങ്ങള്‍ക്കും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. മലയാളി കടകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വിദേശത്തേക്ക് നേരിട്ട് വിപണനം നടത്താന്‍ ഐ.ഐ.എഫ്.എ. ലൈസന്‍സ് ആവശ്യമാണ്. അത് ശരിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന തിരിച്ചറിവാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ആദ്യം തള്ളിപ്പറഞ്ഞവരും മറ്റു ബുട്ടീക് ഉടമകളും വന്ന് അഭിനന്ദിക്കുമ്പോള്‍ ലോകം കീഴടക്കിയ അഭിമാനമാണ് തോന്നാറുള്ളത്. പിന്നെ സാമ്പത്തികമായി സ്വതന്ത്ര്യയാവുകയെന്നത് എല്ലായ്‌പോഴും സ്ത്രീകള്‍ക്ക് ബലമാണല്ലോ. ഭര്‍ത്താവ് രതീഷിന്റെയും മക്കളായ റിതുരാജിന്റെയും ദേവികരാജിന്റെയും പിന്തുണയാണ് ഏറ്റവും വലിയശക്തി. റിതുരാജ് അഞ്ചാംക്ലാസിലും ദേവിക മൂന്നാംക്ലാസിലും പഠിക്കുന്നു. ഇരുവരും മയൂര്‍വിഹാര്‍ ഫേസ് മൂന്ന് കേരളാ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
അധ്യാപനം, ഫാഷന്‍ ഷോകള്‍
ഡിസൈനിങ്ങിനും തയ്യലിനും പുറമെ സന്ധ്യ വീട്ടമ്മമാരെ ഫാഷന്‍ ഡിസൈനിങ് പഠിപ്പിക്കുന്നുമുണ്ട്. നാഷണല്‍ സ്റ്റേസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍.എസ്.ഡി.സി.) അംഗീകാരമുള്ള അധ്യാപികയാണ് സന്ധ്യ. വീട്ടില്‍വെച്ച് നടത്തിയ കോഴ്‌സ് എട്ടുപേര്‍ പൂര്‍ത്തിയാക്കി. ഓണ്‍ലൈനായും ക്ലാസുകള്‍ നടത്താറുണ്ട്. അടുത്ത ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്.
സ്വന്തം നിലയ്ക്ക് നടത്തുന്ന ക്ലാസുകള്‍ക്ക് പുറമെ, എന്‍.എസ്.എസിന്റെ കരയോഗത്തിലും സന്ധ്യ ഫാഷന്‍ ഡിസൈനിങ് പഠിപ്പിക്കുന്നുണ്ട്. എന്‍.എസ്.എസില്‍ ഇതുവരെ രണ്ടുബാച്ച് പൂര്‍ത്തിയാക്കി. ക്ലാസുകളില്‍ പ്രവേശനം നേടാനും ഓര്‍ഡറുകള്‍ നല്‍കാനും 95401 63581 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇമോഡ ലൈസന്‍സ് നേടിയിട്ടുള്ളതിനാല്‍ ഫാഷന്‍ ഷോകളിലും സന്ധ്യയും ഓര്‍മ ഡിസൈസന്‍സും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മേയില്‍ കണ്ണൂരില്‍വെച്ച് നടന്ന ഷോയില്‍ ഓര്‍മയുടെ മോഡല്‍ സെമി ഫൈനല്‍വരെ എത്തിയിരുന്നു. ഈ മാസം 16-ന് വയനാട്ടിലെ പുല്‍പ്പള്ളിയിലാണ് അടുത്ത ഷോ.
Content Highlights: success story of fashion designer sandhya from delhi