എം.എ. മള്‍ട്ടിമീഡിയയില്‍ ഒന്നാം റാങ്ക് കന്യാസ്ത്രീക്ക് ; അപൂര്‍വ നേട്ടം സ്വന്തമാക്കി സി.ഡെല്‍ഫി

ടി.ടി.സി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷം വയനാട്ടില്‍ എല്‍.പി. സ്‌കൂളില്‍ അധ്യാപികയായിരുന്നു സിസ്റ്റർ ഡെല്‍ഫി മരിയ സി.എം.സി. അതിനുശേഷം ഡിഗ്രിയെടുക്കുന്നതിനായി കണ്ണൂരുള്ള കോളേജിലേക്ക്. മൂന്നുവര്‍ഷത്തെ ഡിഗ്രി കോഴ്‌സില്‍ ജേണലിസം ഉപവിഷയമായിരുന്നു. അതിന്റെ ഭാഗമായി ടെലിവിഷന്‍ വാർത്ത കണ്ടെത്തി ഷൂട്ട് ചെയ്ത്, വാര്‍ത്ത തയ്യാറാക്കേണ്ടതുണ്ടായിരുന്നു. ഇതിനിടെയാണ് സി. ഡെല്‍ഫി മരിയ എഡിറ്റിങ് എന്താണെന്ന് അറിയുന്നത്. അന്ന് തോന്നിയ കമ്പം സിസ്റ്റര്‍ ഗൗരവത്തോടെയെടുത്തു. ബിരുദാനന്തരബിരുദത്തിന് തിരഞ്ഞെടുത്തത് എം.എ. മള്‍ട്ടി മീഡിയ കോഴ്‌സ്. സാധാരണ കന്യാസ്ത്രീമാരൊക്കെ മാനവിക വിഷയങ്ങളും നഴ്സിങ്ങ് പോലുള്ള മേഖലകളും തിരഞ്ഞെടുക്കുമ്പോളാണ് സി. ഡെല്‍ഫി വേറിട്ട തീരുമാനം കൈക്കൊണ്ടത്. പി.ജി. പൂര്‍ത്തിയാക്കി അവസാന റിസള്‍ട്ട് വന്നപ്പോള്‍ അതൊരു അവിസ്മരണീയ നേട്ടമായി മാറി. എം.ജി. സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക്. മള്‍ട്ടിമീഡിയ പോലൊരു കോഴ്‌സ് പഠിച്ച് ഒരു കന്യാസ്ത്രീ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത് വളരെ അപൂര്‍വമായ കാര്യമാണ്.
കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍(സി.എം.സി.) സന്യാസസഭയുടെ മാനന്തവാടി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് അംഗമാണ് സി. ഡെല്‍ഫി മരിയ. ചങ്ങനാശ്ശേരിയിലെ മീഡിയ വില്ലേജ് എന്ന് അറിയപ്പെടുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ നിന്നാണ് സിസ്റ്റര്‍ ബിരുദാനന്തബിരുദം സ്വന്തമാക്കിയത്. ഡിഗ്രി കാലഘട്ടത്തിലാണ് ഷൂട്ടിങ്ങിനോടും എഡിറ്റിങ്ങിനോടും താത്പര്യം തോന്നിയതെന്ന് സി.ഡെല്‍ഫി പറഞ്ഞു. ഡിഗ്രി പൂര്‍ത്തിയാക്കി കഴിഞ്ഞ് വയനാട്ടിലെ മഠത്തില്‍ എത്തിയതിനുശേഷം എഡിറ്റിങ് പഠിക്കാനുള്ള വഴികള്‍ തേടിത്തുടങ്ങി. എന്നാല്‍, അന്ന് വയനാട്ടില്‍ അതിന് സൗകര്യങ്ങള്‍ തീരെയുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് തൃശ്ശൂരിലുള്ള ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സി.എം.സി. സന്യാസ സഭയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ എഡിറ്റിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത്. സി.എം.സി. സഭയിലെ കന്യാസ്ത്രീകള്‍ മാത്രം പങ്കെടുത്ത ഈ കോഴ്‌സില്‍ മാനന്തവാടി പ്രോവിന്‍സിനെ പ്രതിനിധീകരിച്ച് സി.ഡെല്‍ഫിയാണ് ഈ കോഴ്‌സില്‍ പങ്കെടുത്തത്. ഈ കോഴ്‌സിന്റെ ഭാഗമായി മ്യൂസിക് ആല്‍ബവും ഷോര്‍ട്ട് ഫിലിമും ചെയ്തു. ഫേവര്‍ ഫ്രാന്‍സിസ് ആയിരുന്നു മ്യൂസിക് ആല്‍ബത്തിന്റെ സംവിധായകന്‍. അതില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു സി.ഡെല്‍ഫി. ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം ഫേവര്‍ ഫ്രാന്‍സിസ് തന്റെ തലയില്‍ വെച്ചിരുന്ന തൊപ്പി ഊരി സി. സി.ഡെല്‍ഫിക്ക് സസമ്മാനമായി നല്‍കി. സി.ഡെല്‍ഫിയില്‍ നല്ലൊരു സംവിധായികയെ കാണുന്നുണ്ടെന്നും ഭാവിയില്‍ സംവിധായിക ആകണമെന്നും പറഞ്ഞാണ് ഫേവര്‍ ഫ്രാന്‍സിസ് തൊപ്പി സി.ഡെല്‍ഫിക്ക് കൈമാറിയത്. ഈ കോഴ്‌സില്‍നിന്നാണ് ക്യാമറയുടെയും ഷൂട്ടിങ്ങിന്റെയും എഡിറ്റിങ്ങിന്റെയും അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചത്. എഡിറ്റിങ്ങ് സോഫ്റ്റ് വെയറുകളെക്കുറിച്ചും പഠിച്ചു. ഇതാണ് മള്‍ട്ടിമീഡിയ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ സിസ്റ്റര്‍ ഡെല്‍ഫിക്ക് പ്രചോദനമായത്.
ഡ്രോയിങ് ടെക്‌നിക്കുകളില്‍ തുടങ്ങി മോഷന്‍ ഗ്രാഫിക്‌സും സ്‌ക്രിപ്റ്റ് റൈറ്റിങ്, പ്രോമോഷന്‍ ഓഫ് ഫിലിം മേക്കിങ് എന്നിവയെല്ലാം പി.ജി. കോഴ്‌സിന്റെ ഭാഗമായിരുന്നു. ഇതിന്റെയെല്ലാം പ്രാക്ടിക്കല്‍ ക്ലാസുകളും ഉണ്ടായിരുന്നു. കോഴ്‌സിനെക്കുറിച്ച് കോളേജിന്റെ പ്രോസ്‌പെക്ടസില്‍നിന്ന് കൂടുതല്‍ മനസ്സിലാക്കി. മള്‍ട്ടിമീഡിയയില്‍ ഒരുപാട് വ്യത്യസ്തമായ കോഴ്‌സുകള്‍ പഠിക്കാനുണ്ടായിരുന്നു. അതായിരുന്നു സിസ്റ്ററിനെ ഈ കോഴ്‌സ് തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.
മീഡിയ വില്ലേജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് പാറയ്ക്കലിന്റെയും അധ്യാപകരുടെയും പ്രോത്സാഹനവും സഹകരണവുമാണ് റാങ്ക് നേട്ടത്തിനു പിന്നിലെന്ന് സി. ഡെല്‍ഫി പറഞ്ഞു.
പഠനകാലത്ത് കോളേജിലെ അധ്യാപകര്‍ നല്‍കി പിന്തുണ വളരെ വലുതായിരുന്നുവെന്ന് സി. ഡെല്‍ഫി പറഞ്ഞു. ആദ്യ സെമസ്റ്റര്‍ മുതല്‍ അവസാന സെമസ്റ്റര്‍ വരെ അധ്യാപകര്‍ നല്‍കിയ പിന്തുണയാണ് ഒന്നാം റാങ്ക് എന്ന നേട്ടം കരസ്ഥമാക്കുന്നതിന് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. ദൈവാനുഗ്രഹവും കഠിനാധ്വാനവും അധ്യാപകരുടെ പിന്തുണയുമാണ് റാങ്ക് നേട്ടത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നു. നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ട്.-സി.ഡെല്‍ഫി പറഞ്ഞു. തന്റെ പ്രൊവിഷന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ജാസ്മിന്‍ മരിയയും സഭയിലെ മറ്റ് സന്യാസിനികളും നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനവും കരുതലും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സി.ഡെല്‍ഫി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സി. ഡെല്‍ഫി. കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട ഒരുവിവാദ വിഷയത്തിലുള്ള സി.ഡെല്‍ഫിയുടെ പ്രസംഗം വൈറലായിരുന്നു. സി.എം.സി. മാനന്തവാടി പ്രോവിന്‍സിന്റെ പി.ആര്‍.ഒ.യാണ് സിസ്റ്റര്‍ ഇപ്പോള്‍. കാര്‍മല്‍ വിഷന്‍ മാനന്തവാടി എന്ന പേരില്‍ പ്രൊവിന്‍സിന് യൂട്യൂബ് ചാനലുണ്ട്. അടുത്തിടെ കന്യാസ്ത്രീകള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലും മറ്റും അധിക്ഷേപിച്ചുകൊണ്ട് വീഡിയോകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരേ പ്രസംഗിച്ചും എഴുതിയും പ്രതികരിക്കുന്നതിനേക്കാള്‍ നല്ലത് കന്യാസ്ത്രീമാരുടെ ജീവിതം കൊണ്ട് എന്തെങ്കിലും നന്മ ഉണ്ടായിട്ടുള്ളവര്‍ അവരുടെ അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോ പുറത്തിറക്കുന്നതാണെന്ന് സിസ്റ്ററിന് തോന്നി. അങ്ങനെ കാര്‍മല്‍ വിഷന്‍ മാനന്തവാടി എന്ന യൂട്യൂബ് ചാനലിലൂടെ ഇത്തരം വീഡിയോകൾ സി. ഡെല്‍ഫി പുറത്തിറക്കി. ഇതിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
''മഠത്തിലെത്തി കന്യാസ്ത്രീ ആയി, ഫോര്‍മേഷന്‍ പിരീഡിനുശേഷമാണ് കൂടുതല്‍ പഠനത്തിന് കോണ്‍ഗ്രിഗേഷന്‍ അയക്കുക. ഈ കാലഘട്ടത്തിനുള്ളില്‍ ഒരു കന്യാസ്ത്രീക്ക് ഏത് മേഖലയിലാണ് താത്പര്യമെന്ന് മഠം അധികാരികള്‍ തിരിച്ചറിയും. അത് അനുസരിച്ചാണ് ഒരു കോഴ്‌സ് പഠിക്കാന്‍ അവര്‍ പറഞ്ഞ് അയക്കുക. അതിനാല്‍, ഇഷ്ടമില്ലാത്ത ഒരു കോഴ്‌സിന് നിര്‍ബന്ധിച്ച് പഠിക്കാന്‍ വിടുന്ന സാഹചര്യം
ഒരിക്കലുമില്ല. എഴുത്തിനോടും വായനയോടും എനിക്ക് ഏറെ താത്പര്യമുണ്ടായിരുന്നു. അതറിഞ്ഞുകൊണ്ടാണ് ഡിഗ്രിക്ക് ജേർണലിസം ഉപവിഷയമായുള്ള ബിരുദകോഴ്‌സിന് പറഞ്ഞ് അയച്ചത്. അധികാരികളുടെ പരിപൂര്‍ണ പിന്തുണയോടുകൂടിയാണ് ബിരുദവും ബിരുദാനന്തബിരുദവുമെല്ലാം പൂര്‍ത്തിയാക്കിയത്. കഴിവ് തിരിച്ചറിഞ്ഞ് തിയോളജി, ബി.എഡ്, മീഡിയ എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അധികാരികള്‍ പറഞ്ഞു''-സി.ഡെല്‍ഫി വ്യക്തമാക്കി.
മാധ്യമമേഖലയില്‍ തന്നെ തുടരാനാണ് സി.ഡെല്‍ഫിയുടെ തീരുമാനം. എന്നാല്‍, ശമ്പളം കൈപ്പറ്റുന്ന ജോലികള്‍ക്ക് പോകാന്‍ താന്‍ ഉദേശിക്കുന്നില്ലെന്ന് സി.ഡെല്‍ഫി തന്റെ നയം വ്യക്തമാക്കുന്നു. കോണ്‍ഗ്രിഗേഷന്റെ തന്നെ നേട്ടത്തിനായി പ്രവര്‍ത്തിക്കാനാണ് താത്പര്യം. മാധ്യമമേഖലയുമായി ബന്ധപ്പെട്ട് അധികാരികള്‍ തന്നെ ഏല്‍പ്പിക്കുന്ന ജോലി എന്തുതന്നെയായാലും ചെയ്യാന്‍ സന്നദ്ധമാണെന്ന് സി.ഡെല്‍ഫി പറയുന്നു. മാനന്തവാടി രൂപതയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യൂത്ത് മിനിസ്ട്രിയുടെ ചുമതലയും നിലവില്‍ സി. ഡെല്‍ഫി വഹിക്കുന്നുണ്ട്. ഇടയ്ക്ക് പഠനവുമായി ബന്ധപ്പെട്ട് കുറച്ചുകാലം മാറിനിന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ സി. ഡെല്‍ഫി ഇതിന്റെ ഭാഗമാണ്.
മാനന്തവാടിക്ക് അടുത്ത് കുറ്റിമൂലയാണ് സി. ഡെല്‍ഫിയുടെ സ്വദേശം. കൊമ്പിക്കര ജോണ്‍, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. മൂന്നു സഹോദരങ്ങളാണ് സി.ഡെല്‍ഫിക്ക് ഉള്ളത്.
Content Highlights: ma multimedia, first rank holder, sr. Delphy maria cmc, mg university