നിറങ്ങള്‍ മാറിമറിയുന്ന തലമുടി,നെയില്‍ പോളിഷുകള്‍ തിരഞ്ഞെടുക്കുന്ന ഗേള്‍ഫ്രണ്ട്; ഫാഷനിലും വേഗറാണി

ഷാ കെറി റിച്ചാര്‍ഡ്സന്‍ എന്ന വേഗറാണിയുടെ വില അറിയണമെങ്കില്‍ ജമൈക്കന്‍ കുത്തക അവസാനിപ്പിച്ച ബുഡാപെസ്റ്റിലെ ആ മിന്നല്‍ ഫിനിഷ് കണ്ടാല്‍ പോര. കുറച്ചു കൊല്ലം പിന്നോട്ടു പായണം. കൃത്യമായി പറഞ്ഞാല്‍ രണ്ട് കൊല്ലം മുന്‍പത്തെ ഒറിഗോണിലെ യു.എസ്. ടീമിന്റെ ഒളിമ്പിക് ട്രയല്‍സിലേയ്ക്ക്. അന്ന് വനിതകളുടെ 100 മീറ്ററില്‍ ഒന്നാമതായി ഓടിയെത്തി ടോക്യോയിലേയ്ക്കുള്ള ടിക്കറ്റ് ഉറപ്പിച്ച റിച്ചാര്‍ഡ്സണ്‍ ഓടിച്ചെന്ന മുത്തശ്ശി ബെറ്റി ഹാര്‍പ്പിന്റെ നെഞ്ചില്‍ വീണ് വിതുമ്പിക്കരഞ്ഞു. അന്ന് ഒരു രഹസ്യം ലോകത്തോട് പറയുകയും ചെയ്തു. എന്റെ അമ്മ മരിച്ചിട്ട് ഒരാഴ്ചയേ ആയുളളൂ. ആ സങ്കടം ഉള്ളിലൊതുക്കിയാണ് ഞാന്‍ ഓടിയത്.
ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ചത് മുതല്‍ മുത്തശ്ശി പോറ്റിവളര്‍ത്തിയ റിച്ചാര്‍ഡ്സണ്‍, പക്ഷേ, അമ്മയുടെ പേര് മാത്രം വെളിപ്പെടുത്തിയില്ല. എന്നാല്‍, കാര്‍ട്ടര്‍ ഹൈസ്‌കൂള്‍കാലത്ത് ജീവനെടുക്കാന്‍ ശ്രമിച്ച പരാജയപ്പെട്ട് ഒടുവില്‍ അത്ലറ്റി്സില്‍ അഭയം തേടിയ റിച്ചാര്‍ഡ്സണെ കാത്ത് അതിലും വലിയ സങ്കടങ്ങള്‍ വരാനിരിക്കുകന്നേ ഉണ്ടായിരുന്നുള്ളൂ. ഒരു മാസത്തിനുള്ളില്‍ തന്നെ റിച്ചാര്‍ഡ്സണ്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. അളവില്‍ കൂടുതല്‍ മരിജുവാന ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഒരു മാസത്തെ സസ്പെന്‍ഷനായിരുന്നു ശിക്ഷ. അങ്ങനെ ടോക്യോ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടമായി. അമ്മയുടെ മരണത്തിന്റെ സങ്കടത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു മരിജുവാന ഉപയോഗിച്ചതെന്ന് റിച്ചാര്‍ഡ്സണ്‍ അന്ന് തുറന്നു പറഞ്ഞു. 'പരിശീലനത്തിനിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോഴായിരുന്നു റിച്ചാര്‍ഡ്സണ്‍ മരണവിവരം അറിഞ്ഞത്. ഞാന്‍ ആകെ തകര്‍ന്നുപോയി. തിരിച്ചുവരാന്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. എനിക്കറിയില്ല അത് എന്തിനാണ് നിരോധിക്കപ്പെട്ടതെന്ന്'-ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ട് റിച്ചാര്‍ഡ്സണ്‍ അന്ന് പറഞ്ഞു.
ടോക്യോയുടെ നഷ്ടം മരിജുവാനയുടെ ഉപയോഗം നിയമാനുസൃതമാക്കണമെന്ന വലിയ വാഗ്വാദത്തിനാണ് അന്ന് വഴിവച്ചത്. ഡൊണാള്‍ഡ് ട്രംപും മൈക്കല്‍ ജോണ്‍സണും അടക്കമുള്ളവര്‍ റിച്ചാര്‍ഡ്സന്റെ പിറകില്‍ അന്ന് അണിനിരന്നു. മരിജുവാന ഇന്നും നിരോധിക്കപ്പെട്ട പട്ടികയിലാണ്. പക്ഷേ, ശിക്ഷ കഴിഞ്ഞ റിച്ചാര്‍ഡ്സണ്‍ രണ്ടാം വര്‍ഷം ഒരു ഉത്തേജനവും കൂടാതെ തന്നെ 10.65 എന്ന റെക്കോഡ്വേഗം കൊണ്ട് ലോകം കീഴടക്കിയിരിക്കുന്നു.
അതുകൊണ്ടൊന്നും തീര്‍ന്നില്ല വിവാദങ്ങള്‍ക്കൊപ്പമുള്ള റിച്ചാര്‍ഡ്സന്റെ ഓട്ടം. രണ്ട് വര്‍ഷം മുന്‍പത്തെ യു.എസ്. ട്രയല്‍സില്‍ മറ്റൊരു ബോംബ് കൂടി പൊട്ടിച്ചു, നിറങ്ങള്‍ മാറിമറിയുന്ന നീളന്‍ തലമുടിയും മുത്തു പതിപ്പിച്ച നീണ്ട നിറംചാര്‍ത്തിയ നഖങ്ങളും കൊണ്ട് ട്രാക്കിലെ ഫാഷന്‍ ഐക്കണായി മാറിയ റിച്ചാര്‍ഡ്സണ്‍. തന്റെ നീണ്ട പിങ്ക് നഖങ്ങള്‍ കാട്ടി, ഈ നെയില്‍ പോളിഷുകള്‍ തിരഞ്ഞെടുക്കുന്നത് തന്റെ ഗേള്‍ഫ്രണ്ടാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, ട്വിറ്ററില്‍ എല്‍.ജി.ബി.ടി ക്യു പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മഴവില്‍ ഇമോജി പോസ്റ്റ് ചെയ്യുകയും ചെയ്തു അന്ന് ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന റിച്ചാര്‍ഡ്സണ്‍. ആ ഉറച്ച നിലപാട് പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് അന്ന വഴിവച്ചത്. ജേസണ്‍ കോളിന്‍സിന്റെയും മേഘന്‍ റാപ്പിനോയുടെയും ആഡം റിപ്പണിന്റെയയും റോബി റോജേഴ്സിന്റെയുമെല്ലാം തലത്തിലെത്തുകയായിരുന്നു ആ ഒരൊറ്റ പ്രസ്താവന കൊണ്ട് റിച്ചാര്‍ഡ്സണ്‍.
സ്വപ്നങ്ങള്‍ കൈവരിക്കുംവരെ പോരാട്ടം അവസാനിപ്പിക്കാത്ത പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് ലോകത്തെ അറിയിക്കുകയാണ് എന്റെ ലക്ഷ്യമെന്നും സെമിഫൈനല്‍ വിജയത്തിനുശേഷം അന്ന് റിച്ചാര്‍ഡസണ്‍ തുറന്നുപറഞ്ഞു. നീ ആരാണോ അതാവുക. ഒരിക്കലും മറ്റെരാളാവാന്‍ ശ്രമിക്കരുത് എന്ന നാട്ടുകാരന്‍ സ്പ്രിന്റര്‍ ജസ്റ്റിന്‍ ഗാറ്റിലിന്റെ ഉപദേശമായിരുന്നു ഇക്കാര്യത്തില്‍ റിച്ചാര്‍ഡ്സന്റെ കരുത്ത്. എനിക്ക് വെറുപ്പിനെ പ്രചോദനമാക്കി മാറ്റണം-ട്രാക്കിലെ ഇതിഹാസമായിരുന്ന, മണ്‍മറഞ്ഞ ഫ്ളോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ എന്ന ഫ്ളോ ജോയെ നഖശിഖാന്തം ആരാധിക്കുന്ന റിച്ചാര്‍ഡ്ണ്‍ പറഞ്ഞു.
ഷാ കെറി റിച്ചാര്‍ഡ്സണ്‍ എന്ന ഇരുപത്തിമൂന്നുകാരി തുടങ്ങിയിട്ടേ ഉള്ളൂ. 1996ല്‍ ഗെയ്ല്‍ ഡെവേഴ്സിനുശേഷം ആദ്യമായാണ് ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലെ അമേരിക്ക 100 മീറ്റര്‍ വനിതാ സ്പ്രിന്റ് കിരീടം തിരിച്ചുപിടിക്കുന്നത്. അതും വ്യക്തിപരമായി ആദ്യ സുപ്രധാന കിരീടനേട്ടം സ്വന്തമാക്കുന്ന ഒരാള്‍ വഴി. ഫ്ളോ ജോയിലേയ്ക്കും ഷെല്ലി ആന്‍ ഫ്രേസര്‍ പൈസിലേയ്ക്കുമുള്ള, അല്ലെങ്കില്‍ അതിനപ്പുറത്തേയ്ക്കുള്ള ദൂരം ഷാ കെറി റിച്ചാര്‍ഡ്സണ് വിദൂരമല്ല.
Content Highlights: sprinter sha carri richardson is bringing style and charisma to the track