സാരിയുടുക്കാൻ പേടിയായിരുന്നു, പ്രിയപ്പെട്ടത് വിവാഹസാരി; ആ സാരിക്ക് പിന്നിൽ നെഹ്‌റുവിന്റെ സ്‌നേഹസ്പർശമുണ്ട്- സോണിയ ഗാന്ധി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സോണിയ ഗാന്ധി | Photo:PTI
സോണിയ ഗാന്ധി | Photo:PTI

അതിമനോഹരമായി സാരി ധരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. മിക്കപ്പോഴും കൈത്തറി സാരികളിലാണ് അവർ പ്രത്യക്ഷപ്പെടാറുള്ളതും. വിവാഹശേഷം ഇന്ത്യയിലെത്തിയ തുടക്കകാലത്ത് സാരിയുടുക്കാൻ തനിക്ക് വലിയ പേടിയായിരുന്നെന്ന രസകരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. ഓർമ്മക്കുറിപ്പായ ബിലോങ്ങിന്റെ പ്രകാശനത്തിന് മുന്നോടിയായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാരികളോടുള്ള ഇഷ്ടത്തെക്കുറിച്ച് സോണിയ മനസ്സുതുറന്നത്.

Read Also: അത് വന്നത് അംബാനി കുടുംബത്തിൽ നിന്നോ? പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹാലോചന രണ്ട് തവണ നിരസിച്ചെന്ന് അനന്യ ബിർള

'ആദ്യകാലങ്ങളിൽ സാരിയുടുക്കാൻ എനിക്ക് വലിയ ഭയമായിരുന്നു. പാശ്ചാത്യ വനിതകൾ സാരിയുടുത്താൽ നന്നായിരിക്കില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, എനിക്കത് പഠിക്കേണ്ടതുണ്ടായിരുന്നു. ശരിയായ രീതിയിൽ സാരിയുടുക്കാൻ പഠിക്കാൻ കുറച്ച് സമയമെടുത്തു. ഒരിക്കൽ അത് ശീലമായതോടെ ഞാൻ സാരികളെ പ്രണയിച്ചു തുടങ്ങി. ലോകത്തിലെ ഏറ്റവും മനോഹരവും പ്രൗഢവുമായ വസ്ത്രം സാരിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വർഷങ്ങൾ സൂക്ഷിച്ചുവെച്ചാലും ഫാഷൻ തിരിച്ചുവരുമ്പോൾ അവ വീണ്ടും അണിയാൻ സാധിക്കും,' സോണിയാ ഗാന്ധി പറയുന്നു.

ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരി ഏതെന്ന ചോദ്യത്തിന്, 1968-ലെ തന്റെ വിവാഹസാരിയാണെന്നായിരുന്നു സോണിയയുടെ മറുപടി. ഇന്ദിരാഗാന്ധിയുടെ ഏതാനും സാരികൾ തന്റെ പക്കലുണ്ടെന്നും അവ ഏറെ വിലപ്പെട്ടതാണെന്നും അവർ പറഞ്ഞു. എന്നാൽ, പിങ്ക് നിറത്തിലുള്ള വിവാഹ സാരിക്ക് മറ്റെന്തിനേക്കാളും പ്രത്യേകതയുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ജവഹർലാൽ നെഹ്റു സ്വന്തം കൈകൊണ്ട് നൂൽനൂറ്റുണ്ടാക്കിയിരുന്നു. അത് ഉപയോഗിച്ചാണ് ആ സാരി നെയ്‌തെടുത്തതെന്ന് സോണിയാ ഗാന്ധി പറയുന്നു.

രാഷ്ട്രീയവും രാഷ്ട്രീയക്കാരും വിദ്വേഷത്തിന്റെ പര്യായങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, സോണിയാ ഗാന്ധിയുടെ പ്രണയകഥ ഊഷ്മളമായൊരു ആലിംഗനം പോലെയാണ് വായനക്കാരിലേക്ക് എത്തുന്നത്. മുൻ കോൺഗ്രസ് അധ്യക്ഷയും യു.പി.എ ചെയർപേഴ്‌സണുമായിരുന്ന സോണിയാ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ പുസ്തകത്തിന്റെ രണ്ട് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു കഴിഞ്ഞു. സോണിയാ ഗാന്ധിയുടെ ആത്മകഥ ആരംഭിക്കുന്നത് ഒരു പ്രണയകഥയിലൂടെയാണ്. വടക്കൻ ഇറ്റലിയിലെ ടൊറിനോ പ്രവിശ്യയിലുള്ള ഒർബാസാനോ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള സോണിയ മൈനോ എന്ന പെൺകുട്ടി, ഇന്ത്യയിൽ നിന്നുള്ള രാജീവ് ഗാന്ധി എന്ന ഉയരമുള്ള സുന്ദരനായ യുവാവിനെ കണ്ടുമുട്ടുന്നതും അവർ പ്രണയത്തിലാകുന്നതുമാണ് ഈ പുസ്തകത്തിന്റെ ഹൃദയഭാഗം.

Content Highlights: Discover Sonia Gandhi's favorite saree, a pink wedding saree with historical significance, handwoven with thread spun by Jawaharlal Nehru.