'എന്റെ മക്കൾ കരുതിയിരുന്നോളൂ', അച്ഛന്റെ മടിയിൽ അമ്മയിരിക്കുമായിരുന്നു; രാഹുലിന് പിന്തുണയുമായി സൊനാക്ഷി

#ലൈഫ്സ്റ്റൈല്‍ ഡെസ്ക്
സൊനാക്ഷി സിൻഹ | Photo: Instagram/ Sonakshi Sinha
സൊനാക്ഷി സിൻഹ | Photo: Instagram/ Sonakshi Sinha

മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്മേലുള്ള സൈബർ വിവാദങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം സൊനാക്ഷി സിൻഹ. ഭക്ഷണം കഴിക്കുമ്പോൾ സോണിയാ ഗാന്ധി രാജീവ് ഗാന്ധിയുടെ മടിയിലിരുന്നിരുന്നു എന്ന രാഹുലിന്റെ പരാമർശത്തെ വിമർശിച്ചവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

 
 

വുമണിയ എന്ന സമൂഹമാധ്യമ പേജിൽ വന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സൊനാക്ഷി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളെ സമൂഹത്തിലെ ചിലർ തെറ്റായി കാണുന്നതിനെ വിമർശിക്കുന്നതായിരുന്നു ആ കുറിപ്പ്. 'സ്‌നേഹശൂന്യമായ, പുരുഷാധിപത്യപരമായ ദാമ്പത്യങ്ങളിൽ ജീവിച്ച് ശീലിച്ചതുകൊണ്ടാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള സ്‌നേഹം ചിലർക്ക് സാമൂഹിക ലംഘനമായി തോന്നുന്നത്' എന്ന കുറിപ്പിനൊപ്പം സൊനാക്ഷി തന്റെ രസകരമായ അഭിപ്രായവും കൂട്ടിച്ചേർത്തു.

'എന്റെ ഭാവിയിലെ മക്കൾക്ക് അവരെ കാത്തിരിക്കുന്നത് എന്താണെന്ന് യാതൊരു ധാരണയുമില്ല. മക്കളേ, നിങ്ങൾ ഇപ്പോൾ എവിടെയാണെങ്കിലും തയ്യാറായി ഇരുന്നോളൂ' എന്നായിരുന്നു ചിരിക്കുന്ന ഇമോജികൾക്കൊപ്പം സൊനാക്ഷി കുറിച്ചത്. 2024 ജൂണിൽ വിവാഹിതരായ സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും തങ്ങളുടെ പ്രണയനിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

നവംബർ 16-ന് ന്യൂഡൽഹിയിൽ നടന്ന സോണിയാ ഗാന്ധിയുടെ ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ് എന്ന ഓർമക്കുറിപ്പിന്റെ പ്രകാശന ചടങ്ങിലാണ് രാഹുൽ ഗാന്ധി കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ചത്.

'എല്ലാ ദിവസവും ഭക്ഷണം കഴിക്കുമ്പോൾ അച്ഛന്റെ മടിയിൽ അമ്മ ഇരിക്കുമായിരുന്നു. അതൊരു സാധാരണ കാര്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ അവരുടെ അച്ഛനമ്മമാർ അങ്ങനെ ഇരിക്കുന്നത് കാണാതിരിക്കുമ്പോൾ, എന്തുകൊണ്ടാണ് നിങ്ങളുടെ അമ്മ അച്ഛന്റെ മടിയിലിരിക്കാത്തത് എന്ന് ഞാൻ അവരോട് ചോദിക്കുമായിരുന്നു,' രാഹുൽ പറഞ്ഞു. കേംബ്രിഡ്ജിലെ വാഴ്‌സിറ്റി റെസ്റ്റോറന്റിൽ വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും, അമരീന്ദർ സിംഗുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ശ്രദ്ധിച്ചില്ല എന്ന കാരണത്താൽ സോണിയാ ഗാന്ധി രാജീവിനോട് പിണങ്ങിയതിനെക്കുറിച്ചും രാഹുൽ ചടങ്ങിൽ ഓർമിച്ചിരുന്നു.

രാഹുലിന്റെ ഈ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കളും സൈബർ ലോകത്തെ ഒരു വിഭാഗവും വിമർശനവുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്. വിമർശനങ്ങൾക്ക് മറുപടിയായി, ഭയവും ദേഷ്യവും വിദ്വേഷവുമാണ് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ സ്‌നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും തടയുന്നതെന്ന് രാഹുൽ ഗാന്ധി നവംബർ 17-ന് 'എക്‌സി'ലൂടെ തിരിച്ചടിച്ചിരുന്നു.

Content Highlights: Rahul Gandhi's remarks about his parents' relationship during a book launch event have sparked discussions and criticism from political leaders and social media users.