17ാം വയസ്സിൽ പ്രണയിച്ചത് മഹാരാജാവിനെ; രത്തൻ ടാറ്റയുമായി വിവാഹം വരെയെത്തിയ ബന്ധം, പക്ഷെ….

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സിമി ഗരേവാള്‍ | Photo: AFP
സിമി ഗരേവാള്‍ | Photo: AFP

ബോളിവുഡിലും മിനിസ്‌ക്രീനിലും സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച വ്യക്തിത്വമാണ് സിമി ഗരേവാൾ. ബോളിവുഡ് താരങ്ങളുൾപ്പെടെയുള്ള പ്രമുഖർ അതിഥികളായെത്തുന്ന 'റെൻഡെവൂ വിത്ത് സിമി ഗരേവാൾ' (Rendezvous with Simi Garewal) എന്ന ചാറ്റ് ഷോയിലൂടെ പ്രമുഖരുടെ രഹസ്യങ്ങൾ പുറംലോകത്തെ അറിയിച്ച വ്യക്തിയാണ് ലേഡി ഇൻ വൈറ്റ് എന്ന വിശേഷണത്തിന് ഉടമയായ സിമി. സ്വന്തം ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും അവർ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമയെ വെല്ലുന്നതാണ് ഇന്ന് എൺപത് വയസ്സിലെത്തി നിൽക്കുന്ന സിമിയുടെ പ്രണയകഥകൾ.

പതിനേഴാം വയസ്സിലാണ് സിമിയുടെ ആദ്യത്തെ പ്രണയം സംഭവിക്കുന്നത്. ഇംഗ്ലണ്ടിൽ താമസിക്കുമ്പോൾ അയൽവാസിയായിരുന്ന ജാംനഗർ മഹാരാജാവുമായിട്ടായിരുന്നു ആ ബന്ധം. മൂന്ന് വർഷത്തോളം ഈ പ്രണയം നീണ്ടുനിന്നു. മൃഗങ്ങളോടും കായികരംഗത്തോടും സിമിക്ക് താല്പര്യം വരുന്ന് ആ ബന്ധത്തോടെയാണ്. തനിക്ക് പുതിയൊരു ലോകം കാണിച്ചുതന്നത് ആ ബന്ധമാണെന്ന് സിമി അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, അതിരുകടന്ന പൊസസീവ്‌നെസ്സ് കാരണം ആ പ്രണയബന്ധം അവസാനിക്കുകയായിരുന്നു.

പട്ടൗഡി നവാബ്

പിന്നീട്, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പട്ടൗഡി നവാബുമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുമായി സിമി പ്രണയത്തിലായി. ഇരുവർക്കുമിടയിലെ അടുപ്പം അക്കാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ അതും വിവാഹത്തിലെത്തിയില്ല. പിന്നീട് സിനിമാതാരം ഷർമിള ടാഗോറുമായി പ്രണയത്തിലായതോടെ മൻസൂർ അലി ഖാൻ സിമിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.

വിവാഹം വരെയെത്തിയ പ്രണയം

വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുമായി സിമിക്കുണ്ടായിരുന്ന പ്രണയബന്ധം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ്. രത്തൻ ടാറ്റയെ ഒരു 'പൂർണ്ണ വ്യക്തിത്വമുള്ള മാന്യൻ' എന്നാണ് സിമി വിശേഷിപ്പിച്ചത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചില അപ്രതീക്ഷിത കാരണങ്ങളാൽ ആ ബന്ധം മുന്നോട്ടുപോയില്ല. പക്ഷെ, ഇരുവരും ആത്മബന്ധമുള്ള സുഹൃത്തുക്കളായി തുടർന്നു.

വിവാഹവും വേർപിരിയലും

1970-ലാണ് സിമി വിവാഹിതയാകുന്നത്. ഡൽഹിയിലെ പ്രമുഖ വ്യവസായ കുടുംബാംഗമായ രവി മോഹനായിരുന്നു വരൻ. മൂന്ന് മാസത്തെ പരിചയം മാത്രമുള്ളപ്പോഴായിരുന്നു 27-ാം വയസ്സിൽ സിമി രവി മോഹനെ വിവാഹം കഴിക്കുന്നത്. എന്നാൽ 10വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി.

Content Highlights: Simi Garewal's first love at age 17 with the Maharaja of Jamnagar., Her past relationship with Indian cricket captain Mansoor Ali Khan Pataudi., The much-discussed near-marriage relationship with industrialist Ratan Tata., Her marriage to Ravi Mohan and subsequent divorce after 10 years.