'എനിക്കൊരു അമ്മയാകണം';പിസിഒഎസിനെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചും തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

മാതൃത്വത്തെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചുമുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. സോഹ അലിഖാന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് അമ്മയാകാൻ ഏറെ ആഗ്രഹമുണ്ടെന്നും പിസിഒഎസിനെക്കുറിച്ചും ശ്രുതി തുറന്നുപറഞ്ഞത്. പിസിഒഎസ് ഉണ്ടായിരുന്നതിനാൽ വളരെ ചെറുപ്പം മുതൽ തന്നെ ഗർഭം ധരിക്കാനാവില്ലെന്ന് കേട്ടാണ് വളർന്നത്. എന്നാൽ ഗൈനക്കോളജിസ്റ്റായ ഡോ.ധ്രുപ്തി ദേധിയയെ കണ്ടുമുട്ടിയതോടെ ആശങ്കകൾ ഇല്ലാതായെന്ന് അവർ പറയുന്നു.
‘അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുള്ള നിർദേശം ഡോക്ടർ നൽകി, അതൊരു എളുപ്പമുള്ള പ്രക്രിയയല്ല. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. പിസിഒഎസ് ഉള്ളതുകൊണ്ട് കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചോ ഗർഭം ധരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട എന്ന് എനിക്ക് 14 വയസ്സുള്ളതുമുതൽ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുനൽകിയിരുന്നു. ഡോ.ധ്രുപ്തിയാകട്ടെ മറ്റൊരു മാർഗം നിർദേശിച്ചു. എപ്പോഴാണ് അമ്മയാകാൻ തയ്യാറാകുന്നത് അപ്പോൾ നമുക്ക് ചെയ്യാം എന്ന രീതിയിലാണ് അവർ സംസാരിച്ചത്.’ ശ്രുതി പറയുന്നു.
'ദത്തെടുക്കാൻ പോലും ഞാൻ തയ്യാറാണ്. അമ്മയാകാൻ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നാൽ, അതിനുമുമ്പ് എന്റെ തന്നെ ഭാഗമായി, ബയോളജിക്കലായി കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യതകൾ കൂടി പരീക്ഷിച്ചുനോക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' ശ്രുതി കൂട്ടിച്ചേർത്തു. സമാനമായ ഒരു സംഭാഷണം താനും ഗൈനക്കോളജിസ്റ്റും നടത്തിയതായി സോഹ അലിഖാനും തുറന്നുപറയുന്നുണ്ട്. 35 വയസ്സിലാണ് താൻ ഡോക്ടറെ കണ്ടതെന്നും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള പ്രായം കടന്നതിനാൽ ആ മാർഗം സ്വീകരിക്കാനായില്ലെന്നും സോഹ പറയുന്നു.
ആർത്തവകാലത്ത് നേരിടുന്ന കഠിനമായ വേദനയെക്കുറിച്ചും ശ്രുതി ഹാസൻ തുറന്നു സംസാരിക്കുന്നുണ്ട്. ആദ്യമായി ആർത്തവമുണ്ടായത് 13 വയസ്സിലാണെന്ന് ശ്രുതി പറയുന്നു. രണ്ടുമണിക്കൂറിന് ശേഷം വേദന തുടങ്ങിയപ്പോൾ അത് എന്റെ കയ്യിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന് പറഞ്ഞ് അമ്മ ക്ഷമാപണം നടത്തിയതും ആർത്തവകാലത്ത് തലകറങ്ങി വീഴാറുള്ളതും, ഛർദിക്കാറുള്ളതും പിന്നീട് ഹോസ്പിറ്റലിൽ പോയി ഐവി ഡ്രിപ്പ് ഇടാറുള്ളതും ശ്രുതി ഓർമിക്കുന്നുണ്ട്.
ഹോളിവുഡിലും ബോളിവുഡിലും നിരവധിയാളുകൾ ദത്തെടുക്കലിലൂടെ മാതൃത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും, ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ ശ്രുതി ഹാസന്റെ ഈ തുറന്നുപറച്ചിൽ വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന നൽകുന്ന ശ്രുതിയുടെ തീരുമാനം ഏറെ മാതൃകാപരമാണെന്ന് ആരാധകർ വിലയിരുത്തുന്നു.
Content Highlights: Shruti Haasan discusses her desire for motherhood, adoption, and overcoming PCOS challenges with insights from Dr. Dhrupthi Dedhia on biological options.