ഷേരു ഭായ് ഫാൻസ് ഇവിടെ കമോൺ, അർബൻ ഖർബൻ, മില്യൺ ട്രില്യൺ ഡോളർ; സോഷ്യൽ മീഡിയയിലെ കോടീശ്വരൻ

#ലൈഫ് സ്റ്റൈല്‍ ഡെസ്‌ക്
sheru bai
sheru bai

ഇൻസ്റ്റഗ്രാം തുറന്നാൽ ആഡംബര കാറുകൾക്കിടയിൽ സ്യൂട്ടും സൺഗ്ലാസും ധരിച്ച് നിൽക്കുന്ന ഒരു മാസ് സിംഹത്തെ കാണാം. ചിലപ്പോൾ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ ലേലം വിളിക്കുന്നു. മറ്റുചിലപ്പോൾ എതിരാളികളെ നിഷ്പ്രഭരാക്കി മാസ് എൻട്രി നടത്തുന്നു. കൂടെ സ്വർണമാലയും വിലകൂടിയ വാച്ചും അകമ്പടിയായി അംഗരക്ഷകരും. ആളെ ചെറുതായി കാണേണ്ട, കക്ഷി നിസാരക്കാരനല്ല. പേര് ഷേരു ഭായ്. ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്‌സിലും ഫെയ്‌സ്ബുക്കിലുമെല്ലാം ഇപ്പോൾ ചർച്ച കോടീശ്വരനായ സിംഹത്തെക്കുറിച്ചാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ ഷേരു ഭായിയുടെ വീഡിയോകൾ തരംഗമാണ്. എന്നാൽ ആരാണീ ഷേരു ഭായ്? യഥാർഥത്തിൽ ഇത്രയും സമ്പത്തുള്ള ഒരു സിംഹമുണ്ടോ? അതോ സിനിമയിലെ കഥാപാത്രമാണോ? സംഗതി അത്ര സിംപിളല്ല. ഷേരു ഭായ് ഒരു യഥാർഥ വ്യക്തിയല്ല, നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കൽപ്പിക കഥാപാത്രമാണ്.എ.ഐ വോയ്സ് ഉപയോഗിച്ച് നിർമ്മിച്ച രസകരമായ മീം ഓഡിയോ ആയതുകൊണ്ട് ഇതിന് കൃത്യമായ ഒരു തിരക്കഥയില്ല. എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡയലോഗ് ഇതാണ്.'തഡ്ബൻ തഡ്ബൻ, തഡപ് തഡപ് കെ മാരാ, ലേ ലേറ്റ് കെ മാരാ, ഖഡേ ഹോകെ മാരാ, ലേറ്റ് കെ മാരാ... അർബൻ ഖർബൻ, മില്യൺ ട്രില്യൺ ഡോളർ'.ഇതിന്റെ മലയാളം പതിപ്പും വൈറലാണ്.

ALSO READ : ഷേരു ഭായിയ്‌ക്കൊപ്പം ഒരു സെൽഫി; വൈറൽ എഐ ചിത്രവും വീഡിയോയും ഈസിയായി നിർമിക്കാം

 
 
 
 
 
 
 
 
 
 
 
 
 
 
 

സ്യൂട്ടും സ്വർണമാലയും; ഷേരു ഭായിയുടെ ലുക്ക്

മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള ഒരു കഥാപാത്രം. വിലകൂടിയ ത്രീപീസ് സ്യൂട്ട്, കഴുത്തിൽ കട്ടിയുള്ള സ്വർണമാല, കൈയിൽ ആഡംബര വാച്ച്, കണ്ണുകളിൽ കറുത്ത ഏവിയേറ്റർ സൺഗ്ലാസ്. ചില ചിത്രങ്ങളിൽ വെള്ള സ്യൂട്ടാണെങ്കിൽ മറ്റുചിലതിൽ നേവി ബ്ലൂമും ക്രീമും. പിന്നിൽ ആഡംബര കാറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും രാജകീയ കൊട്ടാരങ്ങളും. കഥാപാത്രത്തിന്റെ വേഷം മാത്രമല്ല, പെരുമാറ്റവും വേറെ ലെവലാണ്. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും മുഖത്തെ പുഞ്ചിരി മായില്ല. സംസാരത്തിൽ ആത്മവിശ്വാസം, പ്രവൃത്തിയിൽ അഹങ്കാരം, ജീവിതത്തിൽ ആഡംബരം. ഒരു അധോലോക നായകന്റെയും കോടീശ്വരനായ ബിസിനസുകാരന്റെയും ഭാവങ്ങൾ ഒരുമിച്ചുചേർത്താണ് ഷേരു ഭായിയെ അവതരിപ്പിക്കുന്നത്. ഹിന്ദി, ഉറുദു ഭാഷകളിലെ പ്രയോഗങ്ങളിൽ നിന്നാണ് പേരിന്റെ വരവ്. സിംഹം എന്നർഥമുള്ള 'ഷേർ' എന്ന വാക്കിന്റെ ഓമനപ്പേരായ 'ഷേരു'വും സഹോദരൻ അല്ലെങ്കിൽ ബോസ് എന്ന അർഥത്തിൽ ഉപയോഗിക്കുന്ന 'ഭായ്'യും ചേർന്നതാണ് പേര്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ലേലം വിളിച്ചാൽ കോടികൾ; എതിരാളികൾക്ക് പിടിച്ചുനിൽക്കാനാകില്ല!

ഷേരു ഭായിയുടെ വീഡിയോകളിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ആഡംബര ലേലങ്ങളാണ്. വജ്രങ്ങൾ പതിപ്പിച്ച സൂപ്പർകാറുകൾ, സ്വർണ ഹെലികോപ്റ്ററുകൾ, പറക്കുന്ന ബുഗാട്ടി, സ്വകാര്യ ദ്വീപുകൾ തുടങ്ങി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വസ്തുക്കളാണ് ലേലത്തിന് എത്തുന്നത്.ലേലത്തിൽ എതിരാളികളായി എത്തുന്നതും സാധാരണക്കാരല്ല. ചീറ്റപ്പുലികളും മാഫിയ കരടികളും ചിലപ്പോൾ കാർട്ടൂൺ കഥാപാത്രങ്ങൾ പോലുമുണ്ടാകും. എല്ലാവരും തങ്ങളുടെ വില വിളിക്കുമ്പോൾ ഷേരു ഭായ് എത്തുന്നതോടെ കളി മാറും.'മേരി ബോലി, ഏക് അരബ്!' (എന്റെ ലേലം ഒരു ബില്യൺ!) എന്നൊക്കെയാണ് താരത്തിന്റെ പ്രഖ്യാപനം. ചിലപ്പോൾ ഒരു നഗരം മുഴുവൻ സ്വന്തമാക്കാനുള്ള വിലയായിരിക്കും വിളിക്കുക! ഇതുകേട്ട് എതിരാളികൾ ഞെട്ടിവീഴുന്നതോടെ ഷേരു ഭായിയുടെ വിജയം ഉറപ്പ്. പശ്ചാത്തലത്തിൽ വൈറൽ ഓഡിയോയും ബീറ്റ് ഡ്രോപ്പും കൂടി ചേരുമ്പോൾ വീഡിയോ പൂർത്തിയാകും.പൊലീസ് സ്റ്റേഷനു മുന്നിൽ ആഡംബര കാറിൽ വന്നിറങ്ങി 'ഷേരു ആ ഗയാ ഹൈ' (ഷേരു എത്തിക്കഴിഞ്ഞു) എന്നു പ്രഖ്യാപിക്കുന്ന മാസ് എൻട്രി വീഡിയോകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ഷേരു ഭായിക്കൊപ്പം സെൽഫിയെടുക്കാനും തിരക്ക്

വീഡിയോകൾ മാത്രമല്ല, ഷേരു ഭായിക്കൊപ്പമുള്ള ചിത്രങ്ങളും ഇപ്പോൾ ട്രെൻഡാണ്. സ്വന്തം ഫോട്ടോ എഐ ടൂളുകളിൽ അപ്ലോഡ് ചെയ്ത് ഷേരു ഭായ് തോളിൽ കൈയിട്ട് നിൽക്കുന്ന രീതിയിലോ ആഡംബര കാറിൽ ഒരുമിച്ചിരിക്കുന്ന രീതിയിലോ ചിത്രങ്ങൾ നിർമിക്കുകയാണ് പലരും.ചിലർ സ്വന്തം മുഖവും രൂപവും നിലനിർത്തിക്കൊണ്ട് തന്നെ സിംഹത്തലയുള്ള ഷേരു ഭായിയായി മാറുന്നു. അങ്ങനെ നോക്കുമ്പോൾ ഷേരു ഭായ് ഒരു കഥാപാത്രം മാത്രമല്ല, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സ്വന്തം ഭാവന പരീക്ഷിക്കാനുള്ള ഒരു ഡിജിറ്റൽസ്ഥലം കൂടിയാണ്.

കേരളത്തിലും തരംഗം; ട്രോളുകളിൽ നിറഞ്ഞ് ഷേരു ഭായ്!

ഉത്തരേന്ത്യയിലും പാകിസ്താനിലും വലിയ ശ്രദ്ധ നേടിയ ഈ ട്രെൻഡ് കേരളത്തിലും എത്തിയതോടെ കഥയ്ക്ക് മറ്റൊരു രസകരമായ വഴിത്തിരിവായി. ഷേരു ഭായിയുടെ കോടികളുടെ ആഡംബരവും മാസ് ഡയലോഗുകളുമെല്ലാം മലയാളി ട്രോളർമാർ ഏറ്റെടുത്തു. കഥാപാത്രത്തിന്റെ അമിതമായ കോടീശ്വര ഭാവത്തെ പരിഹസിച്ചും മലയാളം ഡയലോഗുകൾ ചേർത്തുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതും മാനേജർ ലിയോയ്‌ക്കൊപ്പം ബാങ്കിലും അക്ഷയ സെന്ററിലുമൊക്കെ കയറിയിറങ്ങുന്നതുമായ മലയാളം എഐ കഥകളും ശ്രദ്ധ നേടുന്നു. തൃശ്ശൂരിലെ ഭക്ഷണരുചികൾ ആസ്വദിക്കുന്ന ഷേരു ഭായിയുടെ റീലുകൾ വരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു!മാസ് എൻട്രിയും കോടികളുടെ ലേലവുമൊക്കെയായി എത്തിയ കഥാപാത്രത്തെ മലയാളികൾ ട്രോളുകളിലൂടെ സ്വന്തം രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്.

ആരാണ് ഷേരു ഭായിയുടെ യഥാർഥ സ്രഷ്ടാവ്?

ഇത്രയധികം വൈറലായതോടെ ഷേരു ഭായിയെ ആദ്യം സൃഷ്ടിച്ചത് ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഇതുവരെ അതിന് ആധികാരികമായ ഉത്തരം ലഭിച്ചിട്ടില്ല. ഷേരു ഭായ് ഏതെങ്കിലും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഔദ്യോഗിക കഥാപാത്രമാണെന്നും തെളിവില്ല. ലളിതമായ ടെക്സ്റ്റ് നിർദേശങ്ങൾ ഉപയോഗിച്ച് സമാനമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയുന്നതിനാൽ നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ഒരേസമയം ഇത്തരം വീഡിയോകൾ നിർമിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.ഒരു കാര്യം കൂടി: ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലുണ്ടായിരുന്ന ഷേരു എന്ന യഥാർഥ സിംഹവുമായി ഈ വൈറൽ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല.

സ്മാർട്ട്‌ഫോണും ചില എഐ ടൂളുകളും ഉപയോഗിച്ചുതന്നെ ഷേരു ഭായിയുടെ ചിത്രങ്ങളും വീഡിയോകളും നിർമിക്കാം.സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്ത് ഷേരു ഭായിക്കൊപ്പം നിൽക്കുന്ന ചിത്രം വേണമെന്ന് നിർദേശം നൽകിയാൽ മതി. മുഖവും ചർമത്തിന്റെ നിറവും മാറ്റരുത്, വെള്ള സ്യൂട്ടും സ്വർണമാലയും കറുത്ത കണ്ണടയും ധരിച്ച സിംഹത്തലയുള്ള കഥാപാത്രം തോളിൽ കൈയിട്ട് നിൽക്കണം, പിന്നിൽ ആഡംബര കാറുണ്ടാകണം എന്നിങ്ങനെ വിശദമായി നിർദേശിക്കാം. ഗൂഗിൾ ജെമിനി, ചാറ്റ്ജിപിടി തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിച്ച് ഇത്തരം ചിത്രങ്ങൾ നിർമിക്കാം. വീഡിയോകളുടെ കാര്യത്തിൽ പ്രക്രിയ കുറച്ചുകൂടി രസകരമാണ്. ആദ്യം കഥാപാത്രത്തിന്റെ രൂപവും സംഭാഷണങ്ങളും ഉൾപ്പെടുത്തി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കും. പിന്നീട് എഐ വീഡിയോ ജനറേറ്ററുകൾ ഉപയോഗിച്ച് ഓരോ രംഗവും സൃഷ്ടിക്കും. അവസാനമായി ക്യാപ്കട്ട്, ഇൻഷോട്ട്, വിഎൻ എഡിറ്റർ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് രംഗങ്ങൾ കൂട്ടിച്ചേർത്ത് വൈറൽ ഓഡിയോയും ചേർക്കും. അങ്ങനെ ഷേരു ഭായിയുടെ മാസ് എൻട്രി റെഡി!

ഒരു സാങ്കൽപ്പിക സിംഹം എങ്ങനെ ഇന്റർനെറ്റ് താരമായി?

ആദ്യകാലത്ത് എഐ ഉപയോഗിച്ച് നിർമിച്ച മൃഗങ്ങളുടെ ഗ്യാങ്സ്റ്റർ വീഡിയോകളായി തുടങ്ങിയ ഈ ട്രെൻഡ് പിന്നീട് ലേലങ്ങളും മാസ് എൻട്രികളും വ്യക്തിഗത ചിത്രങ്ങളുമായി വളരുകയായിരുന്നു. ഒരു പ്രത്യേക സ്രഷ്ടാവിനെയോ ആദ്യ വീഡിയോയുടെ തീയതിയെയോ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും 2026 നവംബറോടെ ഇന്ത്യയിലും പാകിസ്ഥാനിലും വലിയ ശ്രദ്ധ നേടാൻ ഷേരു ഭായിക്ക് കഴിഞ്ഞു.. സാങ്കൽപ്പിക കഥാപാത്രങ്ങൾക്കും അതിരുകളില്ലാത്ത ഭാവനയ്ക്കും ജനറേറ്റീവ് എഐ നൽകിയ സാധ്യതകളുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഷേരു ഭായ്.

Content Highlights: Sheru Bhai is a viral AI-generated fictional character featuring a lion's head and a human billionaire body., The trend is massively popular on Instagram Reels and YouTube Shorts across India, Pakistan, and Kerala with viral Malayalam troll versions., Users can easily create custom AI images and videos of Sheru Bhai using tools like ChatGPT, Gemini, and CapCut.