ചരമ പേജിലെ മനുഷ്യരെ ചിത്രങ്ങളായി ഒപ്പം ചേര്‍ത്ത് സതീഷ്

ദുഃഖം പേറിക്കിടക്കുന്ന ചരമ പേജുകളെ സര്‍ഗസൃഷ്ടിക്കുള്ള പ്രചോദനമാക്കി മാറ്റി വ്യത്യസ്തനാകുകയാണ് ഒരു കലാകാരന്. മരിച്ചവര്‍ കാരിക്കേച്ചറായി വീണ്ടും ജനിക്കുമ്പോള്‍, നിറയുന്നത് വേറിട്ട സ്മരണാഞ്ജലി. കഴിഞ്ഞ 20 വര്‍ഷത്തോളമായി 'മാതൃഭൂമി' ചരമ പേജിലെ 'തലപ്പടങ്ങള്‍' കാരിക്കേച്ചറായി വരയ്ക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് എസ്.സതീഷ് എന്ന കലാകാരന്. ആര്‍ക്കൊക്കെയോ പ്രിയപ്പെട്ടവരായിരുന്ന, തനിക്ക് അജ്ഞാതരായ ആ മനുഷ്യരെ വരയിലൂടെ ഒപ്പംചേര്ക്കുകയാണ് മുന്‍ എസ്.ബി.ഐ. മാനേജര്‍കൂടിയായ സതീഷ്.
'മാതൃഭൂമി'യുടെ സ്ഥിരം വായനക്കാരനാണ് സതീഷ്. വീട്ടില്‍ വര്‍ഷങ്ങളായി പത്രം വരുത്തുന്ന ഇദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ പതിഞ്ഞത് ചരമ പേജിലായിരുന്നു. തുടര്‍ന്ന് ആ പേജില്‍ കണ്ട ആളുകളുടെ മുഖങ്ങള്‍ വരയ്ക്കാന്‍ ശ്രമിച്ചു. ആദ്യ പരീക്ഷണങ്ങള്‍ വിജയിച്ചപ്പോള്‍, കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു. അങ്ങനെ കഴിഞ്ഞ 20 വര്‍ഷംകൊണ്ട് സതീഷിന്റെ കൈകളിലൂടെ തെളിഞ്ഞത് ഏകദേശം ഒരു ലക്ഷത്തിലേറെ മുഖങ്ങളാണ്.
സുഹൃത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സതീഷ് കാരിക്കേച്ചര്‍ മേഖലയിലെത്തിയത്. സ്ഥിരം തയ്യാറാക്കുന്ന കാരിക്കേച്ചര്‍ മാതൃകയില്നിന്നു വ്യത്യസ്തമായി വരയ്ക്കണമെന്നു തോന്നിയപ്പോഴാണ്, പരേതരുടെ മുഖങ്ങള്‍ വരച്ചുതുടങ്ങിയത്. ഒരു ചിത്രം തയ്യാറാക്കാന്‍ ഏകദേശം അര മിനിറ്റ് മതി. ചുരുങ്ങിയ സമയംകൊണ്ടാണ് അതതു ദിവസത്തെ ചരമ ചിത്രങ്ങള്‍ സതീഷ് വരയ്ക്കുന്നത്. പ്രതിദിനം 50-ഓളം ചിത്രങ്ങള്‍ വരെ വരയ്ക്കാറുണ്ട്. പ്രമുഖ വ്യക്തികള്‍ അന്തരിക്കുമ്പോള്‍ പത്രത്തിലെ വാര്‍ത്തയ്ക്കൊപ്പം നല്കുന്ന ചിത്രങ്ങളും മറ്റു വാര്‍ത്തകളിലെ കൗതുകംതോന്നുന്ന ചിത്രങ്ങളും വരയ്ക്കും.
വരയ്ക്കിടെ പല മുഖങ്ങള്‍ കടന്നുപോയിട്ടുണ്ടെങ്കിലും ചിലതു മനസ്സില്‍ തങ്ങിക്കിടക്കാറുണ്ടെന്നും സതീഷ് പറയുന്നു. എല്ലാ വര്‍ഷവും ശിശുദിനത്തില്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് ചികിത്സയിലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ സതീഷ് വരയ്ക്കാക്കാറുണ്ട്. ആ ചിത്രങ്ങള്‍ കാണുമ്പോള്‍ കുട്ടികള്‍ സമ്മാനിക്കുന്ന പുഞ്ചിരിയാണ് തനിക്കുള്ള പ്രേരണയെന്നും അദ്ദേഹം പറയുന്നു.
നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2019-ല്‍ ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടി. തിരുവനന്തപുരം മണക്കാട് പനമൂട് 'നികുഞ്ജ'ത്തില്‍ വിശ്രമജീവിതം നയിക്കുകയാണ് സതീഷ്. ഭാര്യ: ബി.ജയശ്രീ.
Content Highlights: satish drew the people on the obituary page as pictures