ഓസ്‌കർ പുരസ്‌കാരം ലഭിച്ച രാത്രി ഓർമയില്ല; കാരണം വെളിപ്പെടുത്തി സാൻഡ്ര ബുള്ളക്ക്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഓസ്‌കറുമായി സാന്‍ഡ്ര ബുള്ളക്ക് | Photo: Getty Images
ഓസ്‌കറുമായി സാന്‍ഡ്ര ബുള്ളക്ക് | Photo: Getty Images

കരിയറിലെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായ ഓസ്‌കർ പുരസ്‌കാരം ഏറ്റുവാങ്ങിയ ആ നിമിഷങ്ങൾ തനിക്ക് കൃത്യമായി ഓർമയില്ലെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി സാൻഡ്ര ബുള്ളക്ക്. 'ദി ബ്ലൈൻഡ് സൈഡ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് 2010-ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് സ്വന്തമാക്കുമ്പോൾ, മകനെ രഹസ്യമായി പരിചരിക്കുന്ന തിരക്കിലായിരുന്നു താനെന്ന് സാൻഡ്ര പറയുന്നു. ലൈവ് വിത് കെല്ലി ആൻഡ് മാർക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു 62-കാരിയായ സാൻഡ്ര.

അവാർഡ് കരസ്ഥമാക്കിയ ആ രാത്രിയെക്കുറിച്ചുള്ള ഓർമയെക്കുറിച്ച് അവതാരകർ ചോദ്യമുന്നയിച്ചപ്പോഴാണ് ഒന്നുമില്ല എന്ന് സാൻഡ്ര തുറന്നുപറഞ്ഞത്. 'എനിക്ക് രണ്ടുമണിക്കൂർ ഉറക്കം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ എന്റെ കുഞ്ഞിനെ ഒളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ആർക്കും എനിക്ക് കുഞ്ഞുള്ളത് അറിയില്ലായിരുന്നു. അവന് ആസിഡ് റിഫ്‌ളക്‌സിന്റെ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് ഉറക്കം കുറവായിരുന്നു. ആ രാത്രിയെക്കുറിച്ച് അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും ഓർക്കുന്നില്ലെന്നാണ് താരം പറഞ്ഞത്. കരിയറിലെ മികച്ച ഒരു ദിവസമായിരുന്നിട്ടും മകന്റെ കാര്യത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് താൻ തീരുമാനിച്ചതെന്ന് സാൻഡ്ര പറയുന്നു.

'ഞാൻ വീട്ടിൽ വേഗത്തിൽ മടങ്ങിയെത്താനുള്ള ശ്രമത്തിലായിരുന്നു. കുഞ്ഞിന് പാൽ നൽകണം. അവനൊപ്പമുള്ളയാൾ ആ അവസ്ഥയിൽ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു.' ഓസ്കർ വേദിയിൽനിന്ന് മടങ്ങിയെത്തി ആ ഗൗൺ പോലും മാറാതെയാണ് കുഞ്ഞിനെ എടുത്തതെന്നും സാൻഡ്ര പറയുന്നുണ്ട്. 2010 മാർച്ച് 7-നായിരുന്നു 82-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങ്. ലോകം മുഴുവൻ സാൻഡ്രയുടെ അഭിനയമികവിനെ പ്രശംസിക്കുകയും ഹോളിവുഡിന്റെ നെറുകയിൽ അവരെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തപ്പോൾ, ക്യാമറകൾക്ക് പിന്നിൽ അവർ ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയായിരുന്നു.

മകൻ ലൂയിസിനെ സാൻഡ്ര ദത്തെടുത്തത് അതീവ രഹസ്യമായിട്ടായിരുന്നു. 2010 ഏപ്രിലിൽ ആണ് അവർ കുഞ്ഞിനെ ദത്തെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതേ മാസത്തിൽ തന്നെയാണ് പങ്കാളി ജെസ്സി ജെയിംസിനെ വിവാഹമോചനം ചെയ്ത വാർത്തയും സാൻഡ്ര മാധ്യമങ്ങളോട് തുറന്നുപറയുന്നത്. 2015-ൽ ലൈല എന്നുപേരുള്ള പെൺകുഞ്ഞിനെയും സാൻഡ്ര ദത്തെടുത്തിരുന്നു. ജോലിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ മാതൃത്വം എങ്ങനെയാണ് നിർവചിച്ചിരുന്നത് എന്നും സാൻഡ്ര അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കരിയറിലെ വലിയ വിജയങ്ങളേക്കാളും പുരസ്‌കാരങ്ങളേക്കാളും തനിക്ക് എപ്പോഴും പ്രധാനം കുട്ടികളും അവരുടെ വളർച്ചയുമായിരുന്നുവെന്ന് താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്തിയുടെ ലോകത്തുനിന്ന് മാറ്റി നിർത്തിയാണ് അവർ കുട്ടികളെ വളർത്തുന്നത്. ഹോളിവുഡ് നൽകിയ നേട്ടങ്ങളിലും ഉപരിയായി, ഒരു അമ്മയായി മാറിയ ആ നാളുകളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഘട്ടമെന്ന് സാൻഡ്ര കൂട്ടിച്ചേർത്തു.

Content Highlights: Sandra Bullock admitted she has no clear memory of winning her Oscar in 2010 for The Blind Side., She was secretly caring for her newly adopted son, Louis, who had health issues like acid reflux., She prioritized motherhood over celebrations, rushing home without even changing her gown., She emphasized that being a mother always mattered more to her than career achievements.