അതിഥിയെ സന്തോഷിപ്പിക്കാൻ ഭാര്യയെ വാഗ്ദാനം ചെയ്യും; പ്രണയം തെളിയിക്കാൻ ചോരവരുന്നവരെ അടികൊള്ളണം-റോമിംഗ് വിനുവിന്റെ യാത്രാനുഭവങ്ങൾ

ആഫ്രിക്കയിലെ ഇരുണ്ട കാടുകളിലേക്ക്, ആധുനിക ലോകത്തിന്റെ യാതൊരു സൗകര്യങ്ങളുമില്ലാത്ത ഗോത്രവിഭാഗങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന് ജീവിതം പകർത്തിയ സഞ്ചാരിയാണ് വിനോദ് കുമാർ എന്ന റോമിംഗ് വിനു. അടുത്തിടെ ഒരു അഭിമുഖത്തിൽ ആഫ്രിക്കൻ കാടുകളിൽ താൻ മരണത്തെ നേരിട്ടതിനെക്കുറിച്ചും അവിടെയുള്ള വിചിത്രമായ ആചാരങ്ങളെക്കുറിച്ചുമാണ് വിനു തുറന്നുപറഞ്ഞത്. ലക്ഷ്വറി സൗകര്യങ്ങളുള്ള യൂറോപ്യൻ യാത്രകൾക്കും പകരം എന്തിനാണ് ആഫ്രിക്കൻ കാടുകൾ തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് വിനു നൽകുന്ന ഉത്തരം ലളിതമാണ് ആധുനിക സൗകര്യങ്ങൾക്കിടയിലും മനുഷ്യൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മാറി, യഥാർത്ഥ സന്തോഷവും സമാധാനവും കണ്ടെത്താൻ അവിടെ കഴിയുന്നു എന്നതായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ
താൻ സന്ദർശിച്ച ഗോത്രങ്ങളിൽ ഏറ്റവും അപകടകാരികൾ എത്യോപ്യയിലെ മുർസി വിഭാഗക്കാരാണെന്ന് വിനു പറയുനനു, ചുണ്ടുകളിൽ വലിയ പ്ലേറ്റുകൾ ധരിക്കുന്ന ഇവർ എപ്പോഴും കൈയിൽ എ.കെ 47 തോക്കുകളേന്തിയാണ് നടക്കുന്നത്. അയൽ രാജ്യമായ സൗത്ത് സുഡാനിൽ നിന്ന് കന്നുകാലികളെ നൽകിയാണ് ഇവർ ആയുധങ്ങൾ സ്വന്തമാക്കുന്നത്. ഒരിക്കൽ വിനുവിന്റെ സാന്നിധ്യത്തിൽ ഇവർ എതിർ ഗോത്രമായ സൂരി വിഭാഗത്തിന് നേരെ വെടിവെക്കുകയും തുടർന്ന് പരസ്പര വെടിവെപ്പുണ്ടാവുകയും ചെയ്തപ്പോൾ കാറിനടിയിൽ ഒളിച്ചാണ് വിനുവും സംഘവും തങ്ങളുടെ ജീവൻ രക്ഷിച്ചത്. അതുപോലെ, ടാൻസാനിയയിലെ ഹഡ്സാബെ ഗോത്രത്തിനൊപ്പം രാവിലെ അഞ്ചിന് നായാട്ടിനായി കാട്ടിലേക്ക് പോയ അനുഭവവും ഭീതിജനകമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആവശ്യത്തിന് വെള്ളം കരുതാൻ മറന്ന വിനു ദാഹം മൂലം വായിൽ നിന്ന് നുരയും പതയും വന്ന് മരിക്കാറായ അവസ്ഥയിലെത്തി. ഒടുവിൽ ഗോത്രവർഗ്ഗക്കാർ വിനുവിനെ തോളിലേറ്റിക്കൊണ്ട് പോയാണ് തവളകൾ നിറഞ്ഞ മലിനമായ ഒരു കുളത്തിൽ നിന്ന് വെള്ളമെടുത്തു നൽകി ജീവൻ രക്ഷിച്ചത്.
വിചിത്രമായ വിവാഹ-ലൈംഗിക ആചാരങ്ങൾ
ആഫ്രിക്കൻ ഗോത്രങ്ങൾക്കിടയിലെ സ്ത്രീ-പുരുഷ ബന്ധങ്ങളും ആചാരങ്ങളും പുറംലോകത്തിന് ചിന്തിക്കാൻപോലും കഴിയാത്തത്ര വ്യത്യസ്തമാണ്. മസായ് ഗോത്രത്തിൽ കൂടുതൽ പശുക്കളുള്ള പുരുഷന്മാർക്ക് കൂടുതൽ വിവാഹം കഴിക്കാം. അവിടെ അതിഥികളെ സന്തുഷ്ടരാക്കാൻ സ്വന്തം ഭാര്യയെ പോലും വാഗ്ദാനം ചെയ്യുന്ന ആചാരമുണ്ട്. കൂടാതെ, ഒരു പുരുഷൻ തന്റെ കുന്തം മറ്റൊരു സ്ത്രീയുടെ കുടിലിന് മുന്നിൽ വെച്ചാൽ, അവൻ ആ സ്ത്രീയുമായി സമയം ചെലവഴിക്കുകയാണെന്ന് അർത്ഥമാക്കുന്നു; ആ സ്ത്രീയുടെ ഭർത്താവിന് പോലും അത് തടയാൻ അവകാശമില്ല.
അവിടെ ഒരു പെൺകുട്ടിക്ക് ഒരു ആൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ, അവൻ അവളെ ചോര വരുന്നത് വരെ വടികൊണ്ട് അടിക്കണം. പ്രണയത്തിന്റെ ആഴവും ക്ഷമാശക്തിയും തെളിയിക്കാനാണ് പെൺകുട്ടികൾ ഈ ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുന്നത്. വിവാഹശേഷം പെൺകുട്ടികളുടെ കന്യകാത്വം സംരക്ഷിക്കാനെന്ന പേരിൽ ശരീരത്തിലാകെ ചുവന്ന മണ്ണും നെയ്യും പുരട്ടി ഒരു വർഷത്തോളം ഇരുട്ടുമുറിയിൽ പൂട്ടിയിടുന്ന ചടങ്ങും അവിടെയുണ്ടെന്ന് വിനു പറയുന്നു.
ടാൻസാനിയയിലെ ഹഡ്സാബെ ഗോത്രത്തിൽ സ്ഥിരമായ ഭാര്യമാർ ഉണ്ടാകണമെന്നില്ല. ഗോത്രത്തലവനുമായി പിണങ്ങിയാൽ സ്ത്രീകളുമായി പുരുഷന്മാർക്ക് മറ്റ് ഗ്രൂപ്പുകളിലേക്ക് പോകാം.വീടുകളേക്കാൾ കാട്ടിലാണ് ഇവർ പങ്കാളിയുമായി കഴിയുന്നത്. അവിടെയുള്ള ദതോഗ ഗോത്രം ഇരുമ്പ് പണികൾ മാത്രം ചെയ്യുന്ന വിഭാഗക്കാരാണ്. അമ്പുകൾ നിർമ്മിച്ച് നൽകി ഹഡ്സാബെ ഗോത്രത്തിൽ നിന്ന് ഇവർ നായാട്ടിയ മൃഗങ്ങളുടെ ഇറച്ചിയും തേനിയും വാങ്ങുന്നുവെന്നും വിനു വെളിപ്പെടുത്തി. ഇവർക്ക്
പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ കാട്ടിലേക്ക് ഒളിച്ചോടുകയും പിന്നീട് മാതാപിതാക്കൾ കന്നുകാലികളെ നൽകി കരാറിലെത്തുകയും ചെയ്യുകയുമാണ് പതിവെന്നും വിനു പറഞ്ഞു.
ചൂഷണങ്ങളും കാടുകളിലെ നിയമവും
പണ്ട് വളരെ നിഷ്കളങ്കരായിരുന്ന ഹഡ്സാബെ ഗോത്രക്കാരെ, ചില പ്രാദേശിക യൂട്യൂബർമാരും മാഫിയകളും ചേർന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി മാറ്റുകയാണെന്നും വിനു വ്യക്തമാക്കി.
വിനോദസഞ്ചാരികളിൽ നിന്ന് വൻ തുക ഡൊണേഷൻ വാങ്ങി ഗോത്രങ്ങളെ ഇവർ ചൂഷണം ചെയ്യുന്നു. ആധുനിക സർക്കാരുകളുടെയോ കോടതികളുടെയോ നിയമങ്ങൾ ഈ കാടുകളിൽ ചെലവാകില്ല. ഗോത്രത്തലവന്റെ വാക്കാണ് അവിടുത്തെ അന്തിമ നിയമം. അടികൊടുക്കാനും നാടുകടത്താനും തലവന് പൂർണ്ണ അധികാരമുണ്ട്.വികസനവും സാങ്കേതികവിദ്യയും കടന്നുചെല്ലാത്ത ഈ ആഫ്രിക്കൻ കാടുകളിൽ, ഭയപ്പെടുത്തുന്നതും എന്നാൽ കൗതുകമുണർത്തുന്നതുമായ ഒരു വേറിട്ട ജീവിതരീതിയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിനുവിന്റെ അനുഭവം വ്യക്തമാക്കുന്നത്.
Content Highlights: Travel vlogger Roaming Vinu documents remote African tribal life, moving away from modern stress., Details close encounters with danger, including armed conflicts with the Mursi and severe dehydration with the Hadza., Highlights unusual marriage and relationship traditions, such as Maasai customs, Hamar beatings, and Datoga lifestyles., Raises concerns regarding the exploitation of indigenous communities by outsiders and YouTubers.