'പ്രിയപ്പെട്ട വഴിവിളക്കിന് വിട'; ആരാണ് രത്തൻ ടാറ്റയുടെ സന്തതസഹചാരിയായ ശന്തനു നായിഡു? ദത്തുപുത്രനോ?

രത്തൻ ടാറ്റയും ശാന്തനു നായിഡുവും | Photo: ANI
രത്തൻ ടാറ്റയും ശാന്തനു നായിഡുവും | Photo: ANI

'ഈ സൗഹൃദം എന്നില്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ എന്റെ ജീവിതകാലം മുഴുവന്‍ വേണ്ടിവരും. സ്‌നേഹത്തിന് നല്‍കുന്ന വിലയാണ് ദുഃഖം. എന്റെ പ്രിയപ്പെട്ട വഴി വിളക്കിന് വിട.' 

അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ തന്റെ തീരാദുഃഖം വെളിവാക്കി ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണിത്. ആരാണ് ശാന്തനു നായിഡു. ആ ചെറുപ്പക്കാരന് രത്തന്‍ ടാറ്റയുമായി എന്താണ് ബന്ധം?

കഴിഞ്ഞ കുറച്ചുകാലമായി രത്തന്‍ ടാറ്റയ്‌ക്കൊപ്പമുള്ള ഈ ചെറുപ്പക്കാരന്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രത്തന്‍ ടാറ്റയുടെ വളര്‍ത്തുമകനാണെന്നും അടുത്ത ബന്ധുക്കളില്‍ ആരുടേയെങ്കിലും മകനായിരിക്കാമെന്നും ടാറ്റ ഗ്രൂപ്പിന്റെ പിന്‍ഗാമിയായിരിക്കാമെന്നുമെല്ലാമുള്ള അഭ്യൂഹങ്ങള്‍ അതിവേഗം പ്രചരിച്ചു. 

എന്നാല്‍ രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജറുമാണ് 30 കാരനായ ശാന്തനു നായിഡു. പ്രായത്തിന്റെ പ്രതിബന്ധങ്ങളില്ലാതെ ഉടലെടുത്ത സൗഹൃദമാണ് രത്തന്‍ ടാറ്റയുടേയും ശാന്തനു നായിഡുവിന്റേയും. രത്തന്‍ ടാറ്റയുടെ 84ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ശാന്തനു ശ്രദ്ധിക്കപ്പെട്ടത്. 2022 മെയ് മുതല്‍ നായിഡു ടാറ്റയ്‌ക്കൊപ്പമുണ്ട്. ഊര്‍ജസ്വലനായ ആ ചെറുപ്പക്കാരന്‍ അതിവേഗമാണ് ഇന്ത്യയിലെ അതികായനായ വ്യവസായിയുടെ ഏറ്റവും അടുത്തയാളുകളില്‍ ഒരാളായി മാറിയത്. 

പുണെയില്‍ ജനിച്ചുവളര്‍ന്ന നായിഡു പുനെയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും കോര്‍ണല്‍ ജോണ്‍സണന്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും എംബിഎയും നേടിയിട്ടുണ്ട്. 

ശാന്തനു നായിഡു, രത്തൻ ടാറ്റയുടെ മരണാനന്തര ചടങ്ങുകൾക്കിടെ | Photo: ANI

ടാറ്റ എല്‍ക്‌സി യില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറായാണ് ശാന്തനു നായിഡുവിന്റെ തുടക്കം. അക്കാലത്ത് ഒരു എന്‍ജി ഒയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ശാന്തനു ഗതാഗത അപകടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ രക്ഷിക്കുന്നതിനായി അവയ്ക്ക് റിഫ്ളക്റ്റീവ് കോളര്‍ നല്‍കുന്നതിനുള്ള പദ്ധതി ഒരു പദ്ധതി ആവിഷ്‌കരിക്കുകയും അത് വിശദമാക്കി രത്തന്‍ ടാറ്റയ്ക്ക് കത്തെഴുതുകയും ചെയ്തു.

ശാന്തനുവിന്റെ ഈ ആശയം തികഞ്ഞ നായ പ്രേമിയായ രത്തന്‍ ടാറ്റയുടെ ശ്രദ്ധപിടിച്ചുപറ്റി. അദ്ദേഹം  നായിഡുവിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ആ കൂടിക്കാഴ്ചയാണ് ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തുടക്കമിട്ടത്. തന്റെ ജനറല്‍ മാനേജരായി ശാന്തനുവിനെ നിയമിച്ചതിനൊപ്പം തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ശാന്തനുവിന്റെ പദ്ധതിയില്‍ നിക്ഷേപിക്കുകയും ചെയ്തു. 

ടാറ്റയിലെ ജോലി കൂടാതെ, ഒരു സംരംഭകന്‍ കൂടിയാണ് നായിഡു. ഗുഡ്‌ഫെലോസ് എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂട്ട് വാഗ്ദാനം ചെയ്യുന്ന ഒരു സ്റ്റാര്‍ട്ടപ്പും നായിഡു ആരംഭിച്ചു. ശാന്തനുവിന്റെ ആശയങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്ന ടാറ്റ ഈ സ്റ്റാര്‍ട്ടപ്പിലും നിക്ഷേപിച്ചിട്ടുണ്ട്. ഒരു തരത്തില്‍ ടാറ്റയുടെ സന്തത സഹചാരി തന്നെയായിരുന്നു അടുത്തകാലങ്ങളിലായി ശാന്തനു. 

Content Highlights: Who is Shantanu Naidu? The young man who was close to Ratan Tata