'കുട്ടിക്കാലത്തും കോളേജ് കാലത്തും രൂപപ്പെട്ടുവരുന്നത് ദൃഢമായ സൗഹൃദങ്ങളാണ്, കാരണം അതിന് ഉപാധികളില്ല'

ചെറുപ്പം മുതല്‍തന്നെ കുറച്ച് സൗഹൃദങ്ങള്‍ മാത്രം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പല സൗഹൃദങ്ങളും വിദ്യാഭ്യാസ കാലത്തു തന്നെ തുടങ്ങിയതാണ്. അത് വളരെ ദൃഢവും അത്രമേല്‍ പ്രിയപ്പെട്ടതുമാണ്. ജോലിയിലേക്ക് പ്രവേശിക്കുന്ന തുടക്കക്കാലത്ത് നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ വഴിയും കലാരംഗത്ത് നിന്നുമെല്ലാം സുഹൃത്തുക്കുക്കള് ഉണ്ടായെങ്കിലും ആ ബന്ധങ്ങള്‍ അത്രമേല്‍ ഗാഢമായിരുന്നില്ല.
ശരിക്കും പറഞ്ഞാല്‍ കുട്ടിക്കാലത്ത് രൂപപ്പെട്ട് വരുന്ന സൗഹൃദങ്ങളോടാണ് നമുക്ക് വളരെ ഇന്റിമസി തോന്നുക. അല്ലെങ്കില്‍ കോളേജ് പഠന കാലത്ത് രൂപപ്പെട്ടുവന്ന സൗഹൃദങ്ങള്‍. കാരണം അത് ഉപാധികളില്ലാത്ത ബന്ധങ്ങളാണ്.നിരുപാദികമായ ബന്ധമായത് കൊണ്ട് തന്നെ അവ എനിക്കെന്നും വളരെ പ്രിയപ്പെട്ടതും വിരലിലെണ്ണാവുന്നതും മാത്രമേയുള്ളൂ. ഇന്നും ദൃഢമായി അവ നിലനില്ക്കുന്നു.
പക്ഷേ എനിക്ക് ആത്മാര്‍ഥ സുഹൃത്തുക്കള്‍ ഇല്ലെന്നല്ല. സിന്സിയര്, ഇന്റിമസി എന്ന വാക്കുകള്‍ വളരെ വ്യത്യസ്തമാണല്ലോ. ആത്മ രഹസ്യങ്ങളും എല്ലാ കാര്യങ്ങളും പങ്ക് വെക്കാനായി നമ്മള് തിരഞ്ഞെടുക്കുന്നത് ചുരുക്കം ചില പേരെയാണ്. അത്തരം ബന്ധങ്ങളില്‍ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കാന്‍ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ജാള്യതയും ഉണ്ടാവില്ല. പക്ഷേ ഈ ബന്ധങ്ങളും ഞാന്‍ പരിമിതപ്പെടുത്തിയതാണ്. അതൊഴിച്ചാല്‍ എല്ലാ ബന്ധങ്ങളും സിന്സിയര് തന്നെയാണ്.
ഒരാളെ കാര്യത്തിനു വേണ്ടി മാത്രം കൂടെ കൂട്ടി ഒരു തരത്തില്‍ ഉപയോഗിക്കുന്നതിന് ഞാന്‍ എതിരാണ്. അത്തരം ഉദ്ദേശങ്ങളിലല്ല സുഹൃദ് ബന്ധങ്ങളെ കാണേണ്ടത്. അയാളുമായിട്ടുള്ള ബന്ധത്തില്‍ എനിക്ക് എന്ത് പ്രയോജനം അല്ലെങ്കില്‍ എന്തൊക്കെ തരത്തിലുള്ള നേട്ടങ്ങളുണ്ടാക്കാം എന്ന ചിന്തകള്‍ക്ക് പോലും ഇടം കൊടുക്കാതിരിക്കുന്നതാവുമുചിതം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം ബന്ധങ്ങളാണ് സമൂഹത്തില്‍ കൂടുതല്‍ കണ്ടു വരുന്നത്.
എന്റെ ആദ്യത്തെ സുഹൃത്ത് എന്റെ സഹോദരനാണ്. ഞങ്ങള്‍ തമ്മില്‍ രണ്ട് വയസ്സ് മാത്രമാണ് വ്യത്യാസമുള്ളത്. അത് കൊണ്ട് തന്നെയാവും ഞങ്ങള്‍ നല്ല ആത്മാര്‍ത്ഥ സുഹൃത്തുക്കളായത് പോലും. അതുപോലെ തന്നെ വീടിനടുത്തുള്ള സമ പ്രായക്കാരായ രണ്ട് പേരുമായും വളരെ കൂട്ടായിരുന്നു. പക്ഷേ അവര്‍ വീട് മാറി പോകുന്നത് വരെയാണ് ആ സൗഹൃദം നിലനിന്നത്. പിന്നീട് ഞങ്ങളുടെ ലോകങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായി.
സ്കൂള്‍ കാലത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. കോളേജിലും പഠിക്കുമ്പോഴും എന്റെ മികച്ച സുഹൃത്ത് അയാള്‍ തന്നെയാണ്. ഞങ്ങള്‍ ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. എന്റെ കാര്യങ്ങള്‍ അയാളോടും അയാളുടെ കാര്യങ്ങള്‍ എന്നോടും വിശ്വസിച്ച് പറയത്തക്ക രീതിയില്‍ ഞങ്ങളുടെ സൗഹൃദം ഇന്നും നിലനില്ക്കുന്നു. ജോലിക്ക് കേറുന്ന സമയത്ത് എന്നെക്കാളും പ്രായം നന്നേ കുറഞ്ഞ ഒരു സുഹൃത്തുണ്ടായിരുന്നു. വളരെ പ്രത്യേകതകളുള്ള സ്വഭാവമായിരുന്നു അയാളുടേത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന എനിക്ക് വളരെയധികം സഹായങ്ങള്‍ അയാള്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മനസ്സ് തുറന്നു സംസാരിക്കാന്‍ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ എനിക്കുള്ളൂ.
ഇന്നത്തെ കാലത്തെ കുട്ടികള്‍ക്കിടയില്‍ ദൃഢമായ സുഹൃത്ത് ബന്ധങ്ങള്‍ നിലനിന്ന് പോകുന്നെന്ന് തന്നെയാണ് എന്റെ വിശ്വാസം. മുതിരുമ്പോഴാണ് ഈ ബന്ധത്തിന്റെ ശൈലിയില്‍ മാറ്റം വരുന്നത്. സ്ക്കൂള് കുട്ടികള്‍ക്കിയില്‍ ഈ ബന്ധങ്ങളുടെ ആഴം വളരെയധികമുള്ളതായാണ് എന്റെ അറിവ്.
നെഗറ്റീവ് ഉദാഹരണമാണ് എന്നാലും പറയാം. ക്രിമിനലുകള്‍ കുറ്റകൃത്യം ചെയ്ത് കഴിഞ്ഞാല്‍ അയാളെ സംരക്ഷിക്കാന്‍ അയാളുടെ സുഹൃത്തും വരുന്നത് കാണാം. സത്യം പറഞ്ഞാല്‍ ഇവര്‍ക്ക് ഇതിന്റെ ആവശ്യമേ കാണില്ല. ഇത്തരത്തില്‍ സൗഹൃദത്തിന് വേണ്ടി കൂടെ നിന്ന് കുറ്റക്കാരാവുന്നത് പത്രത്തില്‍ പല കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളില്‍ കാണാന്‍ സാധിക്കും. സുഹൃത്ത് ബന്ധങ്ങള്‍ എത്രത്തോളം തീവ്രമായി പോലും പോകാറുണ്ടെന്നതിന് ഇവ ഉത്തമ ഉദാഹരണങ്ങളാണ്. ഉയര്‍ന്ന നിലയിലുള്ള ആള്‍ക്കാര്‍ക്കിടയില്‍ പലപ്പോഴും കൃത്രിമ സുഹൃത്ത് ബന്ധങ്ങള്‍ നിലനില്‍ക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സുഹൃത്ത് ബന്ധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. ഇവയില്ലെങ്കില്‍ മനുഷ്യ സമൂഹം തന്നെ ശിഥിലമായി തീരും. നിലനില്പ്പുണ്ടാവുന്നില്ല. ഒറ്റപ്പെട്ട് വ്യക്തികളായി നിലനിന്നാല്‍ മനുഷ്യന് എങ്ങനെയാണ് സാമൂഹികജീവിയാവുക. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം പോലും സൗഹൃദം തന്നെയല്ലേ. ഭാര്യ-ഭര്‍തൃ ബന്ധമായാലും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധമായാലും പേരുകള്‍ മാറുന്നുവെന്നേയുള്ളൂ എല്ലായിടത്തും സൗഹൃദമെന്ന ആശയം നിലനില്ക്കുന്നു.
(തയ്യാറാക്കിയത്: അഖില സെൽവം)
പുന:പ്രസിദ്ധീകരണം
Content Highlights: rafeek ahammed on friendship