മംഗൽസൂത്ര ധരിക്കുന്നത് പാട്രിയാർക്കിയെ പ്രോത്സാഹിപ്പിക്കലോ?; പ്രതികരിച്ച് പ്രിയങ്ക ചോപ്ര

Photo: nstagram.com|priyankachopra|?hl=en
Photo: nstagram.com|priyankachopra|?hl=en

ബോളിവുഡ‍് താരം പ്രിയങ്ക ചോപ്ര അടുത്തിടെ മം​ഗൽ സൂത്ര ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ബുൾ​ഗരിയുടെ  മംഗൽസൂത്ര ധരിച്ചു നിൽക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. പിന്നാലെ പ്രിയങ്കയുടെ ലുക്കിനെ പ്രശംസിച്ചവർക്കൊപ്പം വിമർശനവുമായി എത്തിയവരും ഏറെയായിരുന്നു. വിവാഹശേഷം ധരിക്കുന്ന മം​ഗൽസൂത്ര പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രിയങ്ക പാട്രിയാർക്കിയെ പിന്തുണയ്ക്കുകയാണ് എന്നായിരുന്നു വിമർശനം. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് താരം.

ആദ്യമായി മം​ഗൽസൂത്ര ധരിച്ചത് ഓർമയുണ്ടെന്നു പറഞ്ഞാണ് പ്രിയങ്ക തുടങ്ങുന്നത്. അത് തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക നിമിഷമാണ്. അതേ സമയം ഒരു ആധുനിക വനിത എന്ന നിലയിൽ അതുണ്ടാക്കുന്ന അനന്തരഫലങ്ങളും താൻ തിരിച്ചറിയുന്നു. ശരിക്കും മം​ഗൽസൂത്ര ധരിക്കുന്നത് താനിഷ്ടപ്പെടുന്നുണ്ടോ? അതോ അത് വളരെയധികം പാട്രിയാർക്കലാണോ? പക്ഷേ അതേസമയം താൻ ഇവയ്ക്കെല്ലാം മധ്യത്തിൽ നിൽക്കുന്ന തലമുറയാണെന്നും പ്രിയങ്ക പറയുന്നു. 

പാരമ്പരാ​ഗതമായ ആചാരങ്ങളെ നിലനിർത്തുന്നതിനൊപ്പം അവനവൻ ആരാണെന്നും എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനമെന്ന് പ്രിയങ്ക പറയുന്നു. അടുത്ത തലമുറയിലെ പെൺകുട്ടികൾ ഇക്കാര്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുമോ എന്ന് നമുക്ക് കാണാമെന്നും പ്രിയങ്ക പറയുന്നു. 

ആധുനിക ശൈലിയിലുള്ള മം​ഗൽസൂത്രയാണ് ബുൾ​ഗരി അവതരിപ്പിച്ചത്. വോ​ഗിന്റെ കവർ ചിത്രത്തിലാണ് പ്രിയങ്ക ആദ്യമായി ആ മംഗൽസൂത്ര ധരിച്ച ചിത്രം പങ്കുവച്ചത്. പതിനെട്ടു കാരറ്റിന്റെ ലക്ഷ്വറി മാലയായിരുന്നു അത്. വിലപിടിപ്പുള്ള കല്ലുകളും വജ്രവും സ്വർണവും ചേർത്തു തയ്യാറാക്കിയ മംഗൽസൂത്രയുടെ വില മൂന്നരലക്ഷത്തോളമാണ്. 

Content Highlights: priyanka chopra, mangalsutra, patriarchal, bulgari brand

Content Highlights: