വിവാഹത്തിന് മുൻപ് തിളങ്ങാൻ 'ഷോർട്ട് കട്ടുകൾ' തേടുന്നവരാണോ? ഈ പ്രീ-വെഡ്ഡിംഗ് ട്രെൻഡുകൾ ആരോഗ്യം അപകടത്തിലാക്കും

ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുന്നതോടെ വധൂവരന്മാർക്കിടയിൽ സൗന്ദര്യ സംരക്ഷണത്തിനും ശരീരഭാരം കുറയ്ക്കാനുമുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കാറുണ്ട്. വിവാഹദിവസം ഏറ്റവും സുന്ദരമായി കാണപ്പെടണമെന്ന ആഗ്രഹവും സോഷ്യൽ മീഡിയയുടെ സമ്മർദ്ദവും കാരണം പലരും പെട്ടെന്ന് ഫലം നൽകുന്ന 'ക്വിക്ക് ഫിക്സ്' മാർഗങ്ങളിലേക്ക് തിരിയുകയാണ്. ഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകൾ, ഗ്ലൂട്ടാത്തയോൺ ഡ്രിപ്പുകൾ, ക്രാഷ് ഡയറ്റുകൾ എന്നിവയെല്ലാം ഇന്ന് പ്രീ-വെഡ്ഡിംഗ് പാക്കേജുകളുടെ ഭാഗമായി മാറിയിരിക്കുന്നു.
എന്നാൽ, കൃത്യമായ വൈദ്യനിർദ്ദേശമില്ലാതെ ഇത്തരം ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിവാഹത്തിന് മുൻപ് ഒഴിവാക്കേണ്ട 10 അപകടകരമായ വെൽനസ് ട്രെൻഡുകൾ ഇവയാണ്.
Read More: പാർലമെന്റിനുള്ളിൽ കാമുകിയെ പ്രൊപ്പോസ് ചെയ്ത് ഓസ്ട്രേലിയൻ എംപി, വൈറലായി വീഡിയോ
ഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകൾ
വിവാഹവസ്ത്രത്തിന് പാകമാകാൻ പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിനായി ടൈർസെപാറ്റൈഡ്, സെമാഗ്ലൂറ്റൈഡ് തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്ന മോഞ്ചാരോ ബ്രൈഡ്സ് എന്ന പ്രവണത ഇന്ത്യയിൽ വർധിച്ചുവരികയാണ്. എന്നാൽ ഇവ കോസ്മെറ്റിക് മരുന്നുകളല്ല. ഡോക്ടറുടെ നിർദേശമില്ലാതെ ഇവ ഉപയോഗിക്കുന്നത് ഛർദ്ദി, നിർജ്ജലീകരണം, പിത്താശയക്കല്ല്, പേശികളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗ്ലൂട്ടാത്തയോൺ ഡ്രിപ്പുകൾ
ചർമ്മത്തിന് പെട്ടെന്ന് തിളക്കവും നിറവും ലഭിക്കാൻ ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷനുകൾ എടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. അലർജി, വൃക്ക-കരൾ സംബന്ധമായ തകരാറുകൾ, അണുബാധ എന്നിവയ്ക്ക് ഇത് കാരണമായേക്കാം.
വിറ്റാമിൻ ഡ്രിപ്പുകളും ഇൻഫ്യൂഷനുകളും
വിവാഹത്തിരക്കുകൾക്കിടയിലെ ക്ഷീണം മാറ്റാനും പ്രതിരോധശേഷി കൂട്ടാനുമായി ഐവി വിറ്റാമിൻ ഡ്രിപ്പുകൾ എടുക്കുന്നത് ഇപ്പോൾ ഫാഷനാണ്. എന്നാൽ പ്രത്യേക പോഷകക്കുറവുകളില്ലാത്തവർക്ക് ഇവ യാതൊരു അധിക ഗുണവും നൽകുന്നില്ല. അനാവശ്യമായി ഡ്രിപ്പുകൾ എടുക്കുന്നത് ഞരമ്പുകളിലെ വീക്കം, അണുബാധ, അമിതമായ വിറ്റാമിൻ വിഷബാധ എന്നിവയിലേക്ക് നയിക്കാം.
ഡിറ്റോക്സ് ടീ
ശരീരത്തിലെ വിഷാംശം പുറന്തള്ളാനും വയർ കുറയ്ക്കാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന 'സ്കിന്നി ടീ'കളിൽ പലതിലും വയറിളക്കാനും മൂത്രവിസർജ്ജനം കൂട്ടാനുമുള്ള ഘടകങ്ങളാണുള്ളത്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം ജലാംശം നഷ്ടപ്പെടുത്തുകയും, ഹൃദയത്തെയും വൃക്കയെയും ബാധിക്കുന്ന ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.
ക്രാഷ് ഡയറ്റുകളും ജ്യൂസ് ക്ലെൻസുകളും
ദിവസങ്ങളോളം ഭക്ഷണം ഉപേക്ഷിച്ച് ജ്യൂസുകളും സാലഡുകളും മാത്രം കഴിച്ച് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് കടുത്ത ക്ഷീണം, മുടികൊഴിച്ചിൽ, പോഷകാഹാരക്കുറവ്, പിത്താശയക്കല്ല് എന്നിവയ്ക്ക് കാരണമാകും. പ്രോട്ടീനും നാരുകളും അടങ്ങിയ സമീകൃതാഹാരമാണ് എപ്പോഴും നല്ലത്.
ബോട്ടോക്സും ഫില്ലറുകളും
വിവാഹത്തിന് തൊട്ടുമുൻപ് മുഖത്തെ ചുളിവുകൾ മാറ്റാനും സൗന്ദര്യം കൂട്ടാനുമായി ബോട്ടോക്സും ഡെർമൽ ഫില്ലറുകളും ചെയ്യുന്നത് അപകടകരമാണ്. ഇവ മൂലമുണ്ടാകുന്ന നീര്, ചതവ്, അണുബാധ, അല്ലെങ്കിൽ മുഖത്തിന്റെ ആകൃതിയിലുള്ള മാറ്റങ്ങൾ വിവാഹദിവസത്തിന് മുൻപ് ഭേദമാകണമെന്നില്ല.
കെമിക്കൽ പീലുകളും ലേസർ ചികിത്സകളും
'ഗ്ലാസ് സ്കിൻ' ലഭിക്കാനായി ഒരേസമയം പലതരം ലേസർ ചികിത്സകളും കെമിക്കൽ പീലുകളും ചെയ്യുന്നത് ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചത്തെ നശിപ്പിക്കും. ഇത് ചർമത്തിൽ പൊള്ളലേൽക്കാനും കറുത്ത പാടുകൾ വീഴാനും കാരണമാകും.
അമിത അളവിലുള്ള ബയോട്ടിൻ സപ്ലിമെന്റുകൾ
മുടി വളരാനും നഖങ്ങൾക്ക് ബലം വെക്കാനും ഉയർന്ന ഡോസിലുള്ള ബയോട്ടിൻ ഗമ്മികളും ഗുളികകളും കഴിക്കുന്നത് സാധാരണമാണ്. എന്നാൽ അമിതമായ ബയോട്ടിൻ രക്തപരിശോധനാ ഫലങ്ങളെപ്രത്യേകിച്ച് തൈറോയ്ഡ്, ഹൃദയാഘാതം എന്നിവ കണ്ടെത്താനുള്ള പരിശോധനകളെതെറ്റായി ബാധിക്കുമെന്ന് യുഎസ് എഫ്.ഡി.എ മുന്നറിയിപ്പ് നൽകുന്നു.
ആർത്തവം മാറ്റിവെക്കാനുള്ള ഗുളികകൾ
വിവാഹചടങ്ങുകളിലും ഹണിമൂൺ യാത്രയിലും ആർത്തവം ഒഴിവാക്കാനായി പലരും സ്വന്തം ഇഷ്ടപ്രകാരം ഗുളികകൾ കഴിക്കാറുണ്ട്. രക്തം കട്ടപിടിക്കാനുള്ള സാധ്യത, മൈഗ്രെയ്ൻ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർക്ക് ഇത്തരം ഹോർമോൺ ഗുളികകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും.
വജൈനൽ സ്റ്റീമിങ്
വിവാഹത്തിന് മുൻപ് സ്വകാര്യഭാഗങ്ങൾ ശുദ്ധീകരിക്കാനെന്ന പേരിൽ പ്രചരിക്കുന്ന വജൈനൽ സ്റ്റീമിങ് തികച്ചും അശാസ്ത്രീയമാണ്. സ്ത്രീകളുടെ ജനനേന്ദ്രിയം സ്വയം ശുദ്ധീകരിക്കപ്പെടുന്ന ഒന്നാണ്. ആവി പിടിക്കുന്നത് പൊള്ളലേൽക്കാനും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ.
സോഷ്യൽ മീഡിയിലെ പ്രചാരണങ്ങളിൽ വീഴാതെ, വിവാഹത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ കൃത്യമായ വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് ഏറ്റവും ഉചിതം. ഏതെങ്കിലും മരുന്നുകളോ സൗന്ദര്യവർദ്ധക ചികിത്സകളോ തുടങ്ങുന്നതിന് മുൻപ് നിർബന്ധമായും ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുക.
Content Highlights: Discover the risky beauty trends like glutathione drips and crash diets that are gaining popularity among Indian brides before their weddings.