സമാധാനമാണ് പ്രധാനം, കരിവാരി തേയ്ക്കലില്ല; വി ആർ ഹാപ്പിലി ഡിവോഴ്സ്ഡ്

12 വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിന് വിരാമം, വി ആർ ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന് പ്രസീദ് രവീന്ദ്രൻ ഫേസ്ബുക്കിൽ തങ്ങളുടെ ഔദ്യോഗികമായ വേർപിരിയൽ വാർത്ത പങ്കുവെച്ചു. 2014 സെപ്റ്റംബർ 15-ന് ആരംഭിച്ച ആ യാത്ര, ഔദ്യോഗികമായി ഇവിടെ അവസാനിച്ചിരിക്കുന്നു. ഒരുമിച്ച് നടന്ന വർഷങ്ങൾക്കും പങ്കിട്ട സന്തോഷങ്ങൾക്കും അനുഭവങ്ങൾക്കും ജീവിതം പകർന്നു നൽകിയ പാഠങ്ങൾക്കും നന്ദി. ഇനി രണ്ടുപേർക്കും രണ്ട് വഴികളിലൂടെയുള്ള യാത്രയാണെന്ന് അദ്ദേഹം കുറിച്ചു. പങ്കാളിയോടൊപ്പം അവസാനം കോടതിയിൽ നിന്നറങ്ങിവരുമ്പോളെടുത്ത ചിത്രവും അതിനൊപ്പം അദ്ദേഹം പങ്കുവെച്ചു. ജീവിതത്തിന്റെ സെക്കന്റ് ചാൻസുകളിൽ വിശ്വാസമർപ്പിച്ച് രണ്ടു മനുഷ്യർ അവരവരെ തിരഞ്ഞെടുത്തിരിക്കുന്നു. വിവാഹത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നുള്ള സാഹചര്യത്തിൽ ഇനി മാന്യമായി പിരിയാമെന്ന് തീരുമാനമെടുത്ത രണ്ടുപേർ. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറയാൻ അപ്പോഴും മടിക്കുന്ന സമൂഹത്തിൽ, തങ്ങൾ ഇത് ഇവിടെ അവസാനിപ്പിച്ച് പുതിയ ജീവിതത്തിലേയ്ക്ക് നടക്കുന്നുവെന്നാണ് പ്രസീദും പങ്കാളിയായ സൂര്യയും ലോകത്തോട് പറഞ്ഞത്.
പരമ്പരാഗത വാർപ്പുമാതൃകകളെയും സാമൂഹിക ബോധ്യങ്ങളെയും തച്ചുടച്ചുകൊണ്ട് വ്യക്തിബന്ധങ്ങളുടെ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങളാണ് ഇന്ന് പ്രകടമാകുന്നത്. വിവാഹത്തെയും ദാമ്പത്യത്തെയുമെല്ലാം വേറിട്ട രീതിയിൽ സമീപിക്കുന്ന ഇക്കാലത്ത്, വിവാഹമോചനത്തെപ്പോലും തികച്ചും വ്യത്യസ്തവും മാന്യവുമായ കാഴ്ചപ്പാടിലൂടെയാണ് ഇവർ സമീപിച്ചത്. സോഷ്യൽ മീഡിയയിലെ 'സേവ് ദി ഡേറ്റ്' കാർഡുകളുടെ മാതൃകയിലാണ് തങ്ങളുടെ വിവാഹമോചന വാർത്ത അവർ പുറത്തുവിട്ടത്. ഇത് വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയായിരുന്നു.
പരസ്പരം കരിവാരിത്തേക്കാതെ, മാന്യമായ ഒരു പിരിഞ്ഞുപോക്ക്; അതൊട്ടും എളുപ്പമല്ല. വിവാഹമോചന വാർത്തകൾ പുറത്തുവരുമ്പോൾ പരസ്പരം ചെളിവാരിയെറിയാനും പ്രതികാരബുദ്ധിയോടെ പെരുമാറാനും മുതിരുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ഈ ദമ്പതികളുടെ സമീപനം തികച്ചും മാതൃകാപരമാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. തങ്ങളുടെ ബന്ധത്തിന്റെ ഓർമ്മകളെയും പരസ്പര ബഹുമാനത്തെയും കാത്തുസൂക്ഷിച്ചുകൊണ്ട് സുഹൃത്തുക്കളായി പിരിയാൻ കാണിച്ച ആർജ്ജവത്തെയും ആളുകൾ പ്രശംസിച്ചു. ഈ ഹാപ്പിലി ഡിവോഴ്‌സ്ഡ് വാർത്ത നിരവധിയാളുകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യുന്ന പ്രസീദ് ആലപ്പുഴ എടത്വ സ്വദേശിയാണ്. വിവാഹമോചനവാർത്ത എല്ലാവരെയും പരസ്യമായി അറിയിക്കണമെന്ന തീരുമാനം തങ്ങൾ ഇരുവരും ചേർന്നെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹം എല്ലാവരെയും അറിയിച്ച് ആഘോഷങ്ങളോടും ആർഭാഗങ്ങളോടും കൂടി നടത്തിയതാണ്. എന്നാൽ, അതിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നു വരുമ്പോൾ അതും അറിയിക്കണമെന്നു തോന്നി. എല്ലാവർക്കും ഒരു ജീവിതമല്ലേയുള്ളൂവെന്നും പ്രസീദ് ചോദിക്കുന്നു. വേർപിരിയൽ വാർത്ത രഹസ്യമാക്കാൻ ഒരുപാട് നുണകളുണ്ടാക്കേണ്ടിവരും. കുടുംബം അതിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. നമ്മൾ നേരിട്ടറിയിച്ചാൽ അവിടെയെല്ലാം തീരും.-അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
സമാധാനപൂർണമായ ഭാവിയ്ക്ക് വേണ്ടി രണ്ടുപേരും ചേർന്നാണ് വേർപിരിയാൻ തീരുമാനമെടുത്തതെന്നും സൂര്യയും പറയുന്നു. ചേർന്നുപോകാൻ കഴിയില്ലെന്നു തോന്നിയാൽ അത് മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ല. രണ്ടുപേരുടേയും മനസമാധാനമാണ് ഏറ്റവും പ്രധാനം. രണ്ടു മക്കളാണുള്ളത്. അവരുടെ ഉത്തരവാദിത്വങ്ങളിൽ ഭാവിയിലും ഒന്നിച്ചുനിൽക്കും. അത് മാതാപിതാക്കളെന്ന നിലയിലുള്ള കടമയാണ്. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ല. എങ്കിലും മോശം രീതിയിൽ ആളുകൾ കമന്റിടുന്നതൊക്ക അറിയുന്നുണ്ട്. നമ്മുടെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ രണ്ടാൾക്കാണ് അറിയുന്നത്, അതിൽ ഞങ്ങൾ മനസമാധാനം തിരഞ്ഞെടുത്തു. ആളുകളുടെ മോശം കമന്റുകളെയും അതിനാൽ മുഖവിലയ്ക്ക് എടുക്കുന്നില്ല.പറയുന്നവർക്ക് എന്തുപറയാം ജീവിക്കുന്നവർക്കേ അതെന്നാണെന്ന് അറിയാൻ കഴിയുകയുള്ളൂ- സൂര്യ പറഞ്ഞു.
ഹാപ്പിലി ഡിവോഴ്‌സ്ഡ്
വിവാഹം പോലെ ഡിവോഴ്‌സും ആഘോഷിക്കണമെന്ന ചിന്ത ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. 2023-ലാണ് ലോറെൻ ബ്രൂക്ക് എന്ന യുവതി തന്റെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹമായി ബന്ധപ്പെട്ട ഔട്ട്ഫിറ്റും ഹീൽസുമെല്ലാം ഉപേക്ഷിച്ചാണ് അവർ ഫോട്ടോഷൂട്ട് ചെയ്തത്. ഡിവോഴ്‌സ്ഡ് എന്നെഴുതിയ ബാൻഡും കയ്യിൽ പിടിച്ചായിരുന്നു ഫോട്ടോഷൂട്ട്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലോറൈന്റെ ചിത്രങ്ങൾക്ക് അന്ന് ലഭിച്ചത്. വിമർശിച്ചവരുമുണ്ട്.
ശബ്ദമില്ലാത്തവരുടെ ശബ്ദം
അതുപോലെ തന്നെയാണ് സീരിയൽ താരം ശാലിനിയും തന്റെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ വിവാഹമോചനം കിട്ടി. അത് ആഘോഷിക്കുകയാണ് നടി ചെയ്തത്.
'ശബ്ദമില്ലാത്തവർക്ക് വേണ്ടിയുള്ള വിവാഹമോചന സന്ദേശമാണ് ഇത്' എന്നാണ് ഫോട്ടോയ്ക്കൊപ്പം ശാലിനി കുറിച്ചത്. എന്തെന്നാൽ നിങ്ങൾ സന്തോഷത്തോടെ ഇരിക്കാൻ അർഹരാണ്. ഒരിക്കലും സ്വയം വിലകുറച്ച് കാണരുത്. നിങ്ങൾ സ്വയം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിങ്ങളുടെ കുട്ടിയുടെ ഭാവിയ്ക്ക് ആവശ്യമായ മറ്റങ്ങൾ വരുത്താൻ തയ്യാറാവുകയും ചെയ്യുക. വിവാഹമോചനം ഒരു പരാജയം അല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ല മാറ്റങ്ങളുടെ വഴിത്തിരിവാണ് എന്നവർ കുറിയ്ക്കുകയും ചെയ്തു.
സൗഹൃദം തുടരും
മിനിസ്‌ക്രീൻ താരം ഹരിത ജി. നായരും എഡിറ്റർ വിനായകും 15 വർഷത്തെ സൗഹൃദത്തിനും രണ്ടു വർഷത്തെ ദാമ്പത്യത്തിനും ശേഷം പരസ്പര ബഹുമാനത്തോടെ വേർപിരിയാൻ തീരുമാനിച്ചതായി 2025-ലാണ് പ്രഖ്യാപിച്ചത്
പരസ്പര വൈരാഗ്യമില്ലാതെയുള്ള വേർപിരിയലിന്റെ ഉദാഹരണമായിരുന്നു അത്. പൊതുമധ്യത്തിൽ ആരോപണങ്ങൾ ഉന്നയിക്കാതെ, സ്വന്തം വൈകാരിക സമാധാനത്തിന് മുൻഗണന നൽകിക്കൊണ്ട് വേർപിരിയുന്നത് എങ്ങനെയെന്ന് ഇവരുടെ തീരുമാനം വ്യക്തമാക്കിയായിരുന്നു അവരുടെ അന്നത്തെ പോസ്റ്റ്.
'ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്.’ അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡിവോഴ്‌സ് ഒരു കുറ്റമല്ല
ഗായിക അഞ്ജു ജോസഫ് തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായിരുന്നു. ഡിവോഴ്‌സ് ചെയ്തുവെന്ന് കരുതി ഒരാളെ സമൂഹത്തിൽനിന്നു മാറ്റിനിർത്തേണ്ട കാര്യമോ കളിയാക്കേണ്ട കാര്യമോ ഇല്ലെന്നാണ് അഞ്ജു ജോസഫ് പറയുന്നത്. തന്നെ ഹാപ്പിയാക്കി വസിച്ചിരുന്നത് താൻ തന്നെയാണെന്നും ഡിവോഴ്‌സ് കഴിഞ്ഞതിന് ശേഷം അടുത്ത ബന്ധത്തിലേക്ക് പോവാൻ താൻ 4 വർഷത്തോളം കാത്തിരുന്നുവെന്നും അഞ്ജു ജോസഫ് പറയുന്നു.
'എന്റെ ഡിവോഴ്‌സിനെ പറ്റി ഞാൻ ഓപ്പൺ അപ്പ് ചെയ്യാനുള്ള കാരണം ഞാനന്ന് തന്നെ പറഞ്ഞിരുന്നു. ഡിവോഴ്‌സ് ഒരു കുറ്റമല്ല. ഒരാൾ ഡിവോഴ്‌സ് ചെയ്തുവെന്ന് കരുതി അയാളെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തേണ്ട കാര്യമോ കളിയാക്കേണ്ട കാര്യമോ ഇല്ല. കുറെയൊക്കെ ഇത് മാറിയിട്ടുണ്ടെന്നും അഞ്ജു അന്ന് പറഞ്ഞു. പൊരുത്തപ്പെടാനാകാത്ത ബന്ധത്തിൽനിന്ന് സമാധാനപരമായി വേർപിരിയുന്നതും തെറാപ്പി സ്വീകരിക്കുന്നതും ഒരു വ്യക്തിക്ക് സ്വന്തം സ്വാതന്ത്ര്യവും പ്രൊഫഷണൽ ലക്ഷ്യങ്ങളും വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അന്ന് അവർ വ്യക്തമാക്കി. വിവാഹമോചനത്തിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം പുനർവിവാഹം കഴിക്കാനുള്ള അവരുടെ തീരുമാനം, വേർപിരിയലിനു ശേഷം അപകർഷതാ ബോധത്തോടെ ജീവിക്കേണ്ടതില്ലെന്ന കൃത്യമായ സന്ദേശം നൽകുകയും ചെയ്തു.
ദാമ്പത്യബന്ധങ്ങളിലെ വീഴ്ചകളെയും വേർപിരിയലുകളെയും ഒരു ദുരന്തമായോ വലിയ സാമൂഹിക അപമാനമായോ കണ്ടിരുന്ന പഴയകാല ചിന്താഗതികൾക്ക് മാറ്റം വരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം തുറന്നുപറച്ചിലുകൾ. വ്യക്തി സ്വാതന്ത്ര്യത്തിനും മാനസിക സന്തോഷത്തിനും മുൻഗണന നൽകുന്നതിനൊപ്പം തന്നെ, തങ്ങളുടെ തീരുമാനങ്ങളെ ഭയമില്ലാതെ തുറന്നുപറയാൻ സമൂഹം തയ്യാറാകുന്നു എന്നതിന്റെ അടയാളമായും ഈ സംഭവം വിലയിരുത്താം. പോസിറ്റീവായും നെഗറ്റീവായും ചർച്ച ചെയ്യപ്പെടുമ്പോഴും, വിവാഹമോചനത്തെക്കുറിച്ചുള്ള പൊതുബോധത്തിൽ വലിയൊരു മാറ്റത്തിന് ഈ 'സോഷ്യൽ മീഡിയ പോസ്റ്റ്' മാതൃക വഴിതുറന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രസീദിന്റെ പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പരസ്പര സമ്മതത്തോടെയും മാന്യമായും വേർപിരിയുന്നതിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'പരസ്പരം പ്രകോപിപ്പിച്ചും ആജന്മ ശത്രുക്കളായും കഴിയുന്നതിനേക്കാൾ എത്രയോ നല്ലതാണ് സുഹൃത്തുക്കളായി പിരിയുന്നത്. സഹിച്ചും അഡ്ജസ്റ്റ് ചെയ്തും തീർക്കേണ്ട ഒന്നല്ല ജീവിതം എന്ന തിരിച്ചറിവിൽ നിന്നുള്ള നല്ല തീരുമാനം' എന്നിങ്ങനെ പോകുന്നു അനുകൂലിക്കുന്നവരുടെ കമന്റുകൾ. എന്നാൽ, ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. വിവാഹമോചനത്തെ ഒരു ട്രെൻഡോ ആഘോഷമോ ആക്കി മാറ്റുന്ന പ്രവണത ശരിയല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. 'കല്യാണം വിളിച്ചതുപോലെ ആളുകളെ വിളിച്ച് സദ്യ കൊടുത്ത് ആഘോഷിക്കേണ്ട കാര്യമാണോ ഇത്?' എന്നും 'ഇതൊരു പുതിയ തരംഗമായി മാറുമോ' എന്നും ചോദിച്ചുകൊണ്ട് നിരവധി വിമർശനങ്ങളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
എന്നാൽ, കേരളത്തിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ചിന്താഗതികളിൽ ഉണ്ടാകുന്ന മാറ്റം വ്യക്തിസ്വാതന്ത്ര്യം, ലിംഗസമത്വം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുകയാണ്. പ്രശസ്ത വ്യക്തികളുടെ തുറന്നുപറച്ചിലുകളും ചർച്ചകളും വിപ്ലവകരമായ മാറ്റങ്ങളും കാരണം, പൊരുത്തപ്പെടാനാകാത്ത ബന്ധങ്ങളിൽനിന്ന് പിരിയുന്നത് പരാജയമല്ല, മറിച്ച് ആത്മാഭിമാനത്തോടെയുള്ള തീരുമാനമാണെന്ന ധാരണ വളരുകയാണ്. സാധാരണക്കാർക്കും ഇത്തരം മാതൃകകൾ വലിയ ധൈര്യം നൽകുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ ഭയന്ന് സഹിച്ചു ജീവിച്ചിരുന്നവർക്ക് അതിൽനിന്ന് പുറത്തുകടക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനും ഇത് വഴിയൊരുക്കുന്നു.
Content Highlights: Praseed Raveendran and Surya announced their 12-year marriage dissolution amicably., The couple prioritized mental peace and mutual respect without mudslinging., Reflects a shifting societal mindset in Kerala regarding divorce and personal freedom.