'നാൽപതുകളിൽ തിരിച്ചറിയപ്പെടാൻ കാരണമായത് മകൻ'; 'നാട്ടു നാട്ടു' ചുവടുകളിലൂടെ വൈറലായ അമ്മയും മകനും

ആർആർആറിലെ നാട്ടു നാട്ടു ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൻതരംഗമായിരുന്നു. നിരവധി പേരാണ് ഗാനത്തിനൊപ്പം ചുവടുകൾ വച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അക്കൂട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട രണ്ടുപേരുണ്ടായിരുന്നു. ഒരമ്മയും മകനും. ലോഹിതാ രവികിരൺ എന്ന അമ്മയും കിഷൻ എന്ന മകനുമായിരുന്നു അത്. മകനൊപ്പം ചുറുചുറുക്കോടെ ചുവടുകൾ വെക്കുന്ന അമ്മയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇരുവരുടേയും വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നൃത്തം തന്റെ ജീവിതത്തിൽ അലിഞ്ഞതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് ലോഹിത.
ഹ്യൂമൻസ് ഓഫ് ബോംബെ പേജിനു നൽകിയ കുറിപ്പിലൂടെയാണ് ലോഹിത നൃത്തത്തോടുള്ള പ്രണയം പങ്കുവെക്കുന്നത്. കുട്ടിക്കാലം തൊട്ടേ നൃത്തം സ്വപ്നം കണ്ടെങ്കിലും യാഥാസ്ഥിതിക കുടുംബമായതിനാൽ ആഗ്രഹം മാറ്റിവെക്കുകയായിരുന്നു എന്നും ലോഹിത പറയുന്നു. പിന്നീട് വിവാഹിതയായതിനു ശേഷമാണ് വീണ്ടും നൃത്തം പൊടിതട്ടിയെടുക്കുന്നത്. മകനൊപ്പമുള്ള നൃത്ത വീഡിയോകൾ വൈറലായതോടെ നാൽപതുകളിൽ താൻ തിരിച്ചറിയപ്പെടുന്നതിന്റെ സന്തോഷവും ലോഹിത പങ്കുവെക്കുന്നു.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്
നൃത്തം എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കുട്ടിയായിരുന്നപ്പോൾ ടി.വിക്ക് മുന്നിലിരുന്ന് ഡാൻസ് സ്റ്റെപ്പുകൾ നോക്കി ചെയ്യുമായിരുന്നു. മാധുരി മാം ആയിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടയാൾ. ഞാനൊരിക്കലും നൃത്തം പ്രൊഫഷണലി പരിശീലിച്ചിട്ടില്ല, ഞാൻ പഠിച്ചതെല്ലാം ടി.വിയിൽ നിന്നായിരുന്നു. ഇപ്പോഴും ഞങ്ങളുടെ പ്രദേശത്ത് നർത്തകി ആയാണ് ഞാൻ അറിയപ്പെടുന്നത്. എല്ലാ വാർഷിക പരിപാടികളിലും ഞാൻ നൃത്തം ചെയ്യുമായിരുന്നു. പ്രകടനത്തിനു ശേഷമുള്ള അഭിനന്ദനങ്ങൾ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. അവയെല്ലാം എന്നെ വലിയ വേദിയിൽ അവതരിപ്പിക്കാനുള്ള സ്വപ്നങ്ങൾ പകർന്നു. പക്ഷേ എന്റെ വീട്ടുകാർ യാഥാസ്ഥിതികരായിരുന്നു. ആ മേഖല നമുക്കുള്ളതല്ല എന്നാണ് അവർ പറഞ്ഞിരുന്നത്. അങ്ങനെ കോളേജ് കഴിഞ്ഞതോടെ ഞാൻ വിവാഹിതയായി.
പക്ഷേ എന്റെ ഭർത്താവ് ഏറെ പിന്തുണ നൽകിയിരുന്നു. അദ്ദേഹം വീണ്ടും നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചു. അങ്ങനെ ഞാൻ നാട്ടിലുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തീരുമാനിച്ചു. മകൻ ജനിച്ചതോടെ അവനെയും ഞാൻ നൃത്തം പഠിപ്പിച്ചു. ഋതിക് റോഷന്റെ പാട്ടുകൾക്കൊപ്പം മണിക്കൂറുകളോളം ഞങ്ങൾ ചുവടുകൾ വച്ചു. അവൻ വലുതായപ്പോഴും ഞങ്ങളുടെ ശീലത്തിൽ മാറ്റങ്ങളുണ്ടായില്ല.
പക്ഷേ നാലുവർഷങ്ങൾക്ക് മുമ്പ് എന്റെ കാൽമുട്ടുകൾ പ്രശ്നമായി. അത് സർജറി ചെയ്യണമായിരുന്നു. മാസങ്ങളോളം ഞാൻ കിടക്കയിൽ തന്നെയായി. സുഖം പ്രാപിച്ചു വരുമ്പോഴേക്കും അടുത്ത കാൽമുട്ടും പണിയായി. അതേറെ ഹൃദയഭേദകമായിരുന്നു. സത്യമാണ്, ഞാൻ പ്രൊഫഷണൽ ഒന്നുമായിരുന്നില്ല, പക്ഷേ നൃത്തമാണ് എന്നെ ഞാനാക്കിയത്. ഒരുവർഷത്തോളം ഞാൻ വിശ്രമത്തിലായിരുന്നു. ഭേദമായതോടെ ഞാൻ വീണ്ടും നൃത്തത്തിലേക്ക് വന്നു. അപ്പോഴേക്കും എന്റെ മകനായി എന്റെ ഗുരു. പതിയെ ആ ശീലം തിരികെ വന്നു. ഡാൻസ് ക്ലാസ് തുടങ്ങാൻ ആവേശത്തോടെ ഇരിക്കുകയായിരുന്നു ഞാൻ. പക്ഷേ അപ്പോഴേക്കും ലോക്ക്ഡൗൺ വന്നു. എന്നെ വിഷമിച്ചു കണ്ടതോടെ മകനാണ് നമുക്ക് നൃത്തം ചെയ്ത് അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യാം എന്നു പറഞ്ഞത്. ഞാൻ സമ്മതിച്ചു.
എല്ലാ ദിവസവും ഞാനും മകനും പുതിയൊരു കൊറിയോഗ്രാഫി പരിശീലിച്ച് അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യും. മാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ റീലുകൾ വൈറലായി, നൃത്തം ചെയ്യുന്ന അമ്മയും മകനും എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. താരങ്ങൾ ഞങ്ങളുടെ വീഡിയോ പങ്കുവെച്ചപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാതായി.
ഒടുവിൽ നാൽപതാം വയസ്സിൽ ഞാൻ തിരിച്ചറിയപ്പെടാൻ തുടങ്ങി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു പെർഫോമറാവുക എന്ന എന്റെ സ്വപ്നം സഫലമാവുന്നു. പക്ഷേ ഇതു വെറുമൊരു തുടക്കമാണ് എന്നെനിക്കറിയാം. ഒരിക്കൽ മകനൊപ്പം ഞാൻ വേദിയിൽ നൃത്തം ചെയ്യും. ചിലപ്പോൾ മാധുരി മാമിനൊപ്പം നൃത്തം ചെയ്തേക്കാം. വലിയ സ്വപ്നങ്ങൾ കാണണം എന്നല്ലേ..
Content Highlights: nattu nattu song, mom son dance instagram, lohitha son dance, humans of bombay, mom son dance duo
Content Highlights: